Fighter

Fighter

Share

07/10/2025

അവരും സ്വർഗ്ഗത്തിലെത്തും
(നോവൽ)
കെ.എം സലീം പത്തനാപുരം.
___________________________
മാനുപ്പാ..നിസ്കരിക്കാൻപോകുമ്പം വെളിച്ചം കൈയ്യിൽ കരുതാൻ മറക്കണ്ടട്ടോ..ഇത് വൃശ്ചികമാസമാണ്.

അഞ്ഞൂറ്മീറ്റർ അകലമാണ് വീടും പള്ളിയും തമ്മിലുള്ളത്. ഇതിനിടയിൽ ആവശ്യാനുസരണം തെരുവു വിളക്കുകളുണ്ട്. പോരാത്തതിന് റോഡ് വക്കിലുള്ള വീടുകളുടെ കോമ്പൗണ്ട് വാളിൽ ഭംഗിയ്ക്കുവേണ്ടി സ്ഥാപിച്ച ഫാൻസി ലൈറ്റുകളും ധാരാളമുണ്ട്.

വൃശ്ചികമായാലും മകരമായാലും പാമ്പുമുതൽ പഴുതാരവരെയുള്ള ഇഴജെന്തുക്കളുടെ അക്രമത്തിൽനിന്ന് രക്ഷപ്പെടാൻ അതൊക്കെയും മതിയാകും.

പറഞ്ഞിട്ടെന്താകാര്യം. തണുപ്പു കാലത്ത് കൈയ്യിൽ വെളിച്ചം കരുതാതെ പുറത്തിറങ്ങരുതെന്ന കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചക്കും വല്ല്യുമ്മ തയ്യാറാവുകയില്ല.

കാലങ്ങളായി തെരഞ്ഞെടുത്തയക്കപ്പെട്ടുകൊണ്ടിരിക്കുന്ന
എം. എൽ. എയുടെയും വാർഡ് മെമ്പർമാരുടെയും വിശാലമായ വികസന കാഴ്ചപ്പാടിൻ്റെ ഫലമായി സൂര്യാസ്തമയം മുതൽ സൂര്യോദയം വരെയും നാട്ടിലെ തെരുവോരവും നടപ്പാതകളും പ്രകാശപൂരിതമാകാറുണ്ടെന്നകാര്യമൊന്നും അടുത്തകാലത്തൊന്നും മഗ്‌രിബിനുശേഷം പിറ്റേന്ന് നേരം പുലരുന്നതുവരെയുള്ള നേരത്തിനിടയിൽ
വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിപ്പോയിട്ടില്ലാത്ത കാരണത്താൽ വല്യുമ്മഅറിഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെ വല്ല്യുമ്മയുടെ ഉപദേശ നിർദ്ദേശങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കാനോ എതിരഭിപ്രായം പറയാനോ
നാളിതുവരേയും ജംഷിദലി മുതിർന്നിട്ടേയില്ല.!

ഞാൻ പറഞ്ഞതെന്താന്ന് അനക്ക് മനസ്സിലായിട്ടില്ലേ മാനുപ്പാ..?
ഉം, മനസ്സിലായിട്ടുണ്ട് വല്യുമ്മാ..

എന്നാൽപിന്നെ അനക്കൊന്ന് മൂളെങ്കിലും ചെയ്തൂടെ.?

ഞാൻ മൂളാതിരുന്നിട്ടില്ല, വല്ല്യുമ്മ കേൾക്കാത്തോണ്ടാ..

അങ്ങനേ ണെങ്കിൽ കൊയപ്പല്ല. നിസ്ക്കാരപ്പായേലാണെങ്കിലും ഇൻ്റെ ശ്രദ്ധമുഴുവൻ നമ്മളെ അമ്പലത്ത്ന്ന് കേക്ക്ണെ പാട്ടിലായിരുന്നു. അതോണ്ടാവും ഇജ്ജ് മൂള്യത് ഞാൻ കേക്കാതെന്നത്.!

എന്നാപിന്നെ ഇന്നോട് വർത്താനം പറഞ്ഞ് നേരംകളയണ്ട. ബാങ്കിൻ്റെ സമയായ്ക്ക്ണ്, എള്പ്പം പൊയ്ക്കോ..

കിടപ്പുമുറിയിൽ ക്ലോക്കില്ലെങ്കിലും ബാങ്ക് വിളിക്കുന്ന സമയത്തിൻ്റെ കാര്യത്തിൽ വല്ല്യുമ്മയുടെ കണക്കുകൂട്ടലുകൾ പിഴക്കാറില്ലെന്ന കാര്യം ജംഷിദലിക്ക് നന്നായറിയാം, അതറിഞ്ഞു കൊണ്ടുതന്നെയാണ് ഡെയ്നിംങ് ഹാളിലെ ചുമരിൽ തൂക്കിയിട്ട ക്ലോക്കിലേക്കൊന്നു നോക്കിയത്.

വല്യുമ്മ പറഞ്ഞത് ശരിയാണ്, ഇനിയൊരു പത്തുമിനിറ്റും കൂടി കഴിഞ്ഞാൽ ചുറ്റുവട്ടങ്ങളിലുള്ള പള്ളികളിൽ നിന്നെല്ലാം ബാങ്കു വിളികൾ ഉയർന്നുകേൾക്കാൻ തുടങ്ങും. അസ്സ്വലാത്തു ഖൈറും മിന: നൗo എന്നു കേൾക്കുമ്പോൾ മനസ്സിന് ഒരു പ്രത്യേക എനർജി അനുവപ്പെട്ടുതുടങ്ങും. "അസ്സലാത്തു ഖൈറും മിന:നൗo"എന്നത് സുബ്ഹി ബാങ്കിൽ മാത്രമേ ഉള്ളൂ. സുബ്ഹി ബാങ്കിന്റെ പ്രത്യേകതയാണത്. എന്നു വച്ചാൽ ഗാഢനിദ്രയിൽ നിന്നും അൽപമുക്തരായതിനുശേഷം ഉറക്കത്തിലേക്കുതന്നെ തിരിച്ചു പോകാൻ തീരുമാനിച്ചുകൊണ്ട് ദേഹമാസകലം പുതച്ചുമൂടി കിടക്കുന്നവരോടുള്ള സാരോപദേശം.

പറയത്തക്കശബ്ദ കോലാഹലങ്ങളൊന്നും തന്നെ ഇല്ലാത്ത സമയമായതുകൊണ്ട് ചുറ്റുവട്ടങ്ങളിലുള്ള ഏതാണ്ടെല്ലാ പള്ളികളിലും വിളിക്കുന്ന സുബ്ഹിബാങ്കിൻ്റെ വരിയും വാക്കും വ്യക്തമായി കേൾക്കാൻ സാധിക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്.

ചുറ്റുവട്ടത്തുള്ള പള്ളികളിൽ നിന്നും കേൾക്കുന്ന ബാങ്കിനേക്കാൾ ഇമ്പം തോന്നാറുള്ളത് നമ്മുടെ പള്ളിയിൽ നിന്നും കബീർ ഉസ്താദിൻ്റെ ബാങ്ക് വിളി കേൾക്കുമ്പോഴാണെന്ന് ജംഷിദലിയോടെന്നപോലെ ഭാര്യസാബിറയോടും വല്ല്യുമ്മ എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്.!

നാട്ടുകാരൻ തന്നെയായ കബീർ മുസ്‌ലിയാരുടെ പ്രായം അൻപതു വയസ്സാണ്. വല്ല്യുമ്മയുടേത് തൊണ്ണൂറ്റി രണ്ടും.! കാര്യം അങ്ങനെയാണെങ്കിലും അൻപതിൽ എത്തിനിൽക്കുന്ന കബീർ മുസ്‌ലിയാരെക്കുറിച്ച് തൊണ്ണൂറ്പിന്നിട്ട വല്ല്യുമ്മ ഏതൊരുകാര്യം പറയുമ്പോഴും ഉസ്താതെന്ന് കൂട്ടിച്ചേർത്തുകൊണ്ടാണ് പറയാറുള്ളത്.!

വല്ല്യുമ്മ അങ്ങനെയാണ്. ദൈവിക മാർഗത്തിൽ സേവനം ചെയ്യുന്നവരോടൊക്കയും ചെറുപ്പകാലം തൊട്ടേ വല്ല്യുമ്മാക്ക് പ്രത്യേക ബഹുമാണ്. അക്കാര്യത്തിൽ അമ്പലത്തിലെ പൂജാരിയായാലും പള്ളിയിലച്ചനായാലും വല്ല്യുമ്മയുടെ ബഹുമാനത്തിൽ മാറ്റമൊന്നും ഉണ്ടാവാറില്ല.

വല്ല്യുപ്പ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന സമയത്ത് വടക്കേപുറം പള്ളിയിലെ പള്ളീലച്ചനും കപ്പ്യാരും തെക്കേതലക്കലമ്പലത്തിലെ പൂജാരിയുമെല്ലാം പ്രത്യേക ക്ഷണിതാക്കളായും അല്ലാതെയും ഈ വീട്ടിൽ എത്രയോ വട്ടം വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോഴെല്ലാം വല്ല്യുമ്മയുടെ ചുക്കിച്ചുളിഞ്ഞ മുഖം വെട്ടിത്തിളങ്ങുന്നതായി സാബിറക്ക് തോന്നിയിട്ടുണ്ടത്രേ.

അന്ന്യരോട് ദ്രോഹം ചെയ്യാത്തവരും സാധുക്കളെ സഹായിക്കുന്നവരും പടച്ചോൻ്റെ കൽപനപ്രകാരം ജീവിച്ചു മരിക്കുന്നവരൊക്കയും സ്വർഗ്ഗത്തിൽ എത്തിച്ചേരുമെന്നവിശ്വാസമാണ് നമ്മളെ വല്ല്യുപ്പാക്കുണ്ടായിരുന്നതെന്നും അങ്ങനെയാണ് അത്തരക്കാരോടെല്ലാം എനിക്ക് കൂടുതൽ ബഹുമാനം തോന്നിത്തുടങ്ങിയതെന്നും പറയുമ്പോയെല്ലാം അത് തന്നോടുള്ള വല്ല്യുമ്മയുടെ ഉപദേശവും കൂടിയായിരുന്നെന്ന് സാബിറ പിന്നീടാണ് തിരിച്ചറിഞ്ഞത്.!

അയൽവാസിയായ രാജനും ഉറ്റ സുഹൃത്തുക്കളിൽ ഒരാളായ ഗോപാലകൃഷ്ണനും ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി മാലയിടാൻ തീരുമാനിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞ ഉടനെ അവരുടെ യാത്രാചെലവ് വഹിക്കാൻ ജംഷിദലിയെ പ്രേരിപ്പിച്ച പ്രധാന ഹേതു വല്യുമ്മയുടെ ആ മഹത്തായ ഉപദേശം തന്നെയാണത്രേ.

സാബിറാ..

എന്താ വല്ല്യുമ്മാ..?

മാനുപ്പ പള്ളീൽക്ക്പോയിട്ടില്ലെങ്കിൽ ഓനോട് ഇൻ്റെട്ത്ത്ക്ക് ഒന്ന് വരാൻ പറഞ്ഞാ..

മാനുപ്പ ഡ്രസ്സ് മാറ്റിയുടുക്കാൻ വേണ്ടി മുകളിലെത്തെ റൂമിലേക്കുപോയതാണ് വല്ല്യുമ്മാ..
ഇറങ്ങി വരുമ്പോൾ പറഞ്ഞാൽ മതിയോ.?

ഉം ,മതി.

സാബിറയതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മാനുപ്പ അവിടെയെത്തി.

നിങ്ങളോട് വല്ല്യുമ്മയുടെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്ട്ടോ..

ആരാ പറഞ്ഞത്.?
വല്ല്യുമ്മ തന്നെയാണ് പറഞ്ഞത്.

പാതി ചാരിക്കിടക്കുന്ന വാതിൽ പാളികളിൽ പതുക്കെയൊന്നു കൊട്ടി ശബ്ദമുണ്ടാക്കിയതിനു ശേഷം ജംഷിദലി മുറിയിലേക്ക് പ്രവേശിച്ചു.

എന്തിനാ വല്ല്യുമ്മാ എന്നോട് വരാൻ പറഞ്ഞത്.?

ഞമ്മളെ സുലൈമാനാജിയിപ്പോൾ ജമാ:അത്തിന് ബെരല്ണ്ടോന്നറിയാനാ.?

ങ്ആ, ഇന്നലെവരെയും ഉണ്ടായിരുന്നു, ഇന്നും ഉണ്ടാകേണ്ടതാണ്.

എന്ത്യേയ്..പ്രത്യേകിച്ച് എന്തെങ്കിലും പറയേണ്ടതുണ്ടോ.?

പറയാനുള്ളതൊക്കെ ഞാൻതന്നെ പറഞ്ഞോണ്ട്. ഇജ്ജ് മൂപ്പരോട് ഇന്നെവന്ന് കാണാൻ പറഞ്ഞാമതി.
നേരണ്ടെങ്കിൽ ഇജ്ങ്ങട്ട് പോരുമ്പം മൂപ്പരിംകൂടി കൂട്ടികൊണ്ടന്നാളെണ്ടി..

അമ്പലത്തിലെ പാട്ടിൻ്റെ ഒച്ചകൊറഞ്ഞിട്ട്ണ്ട്.
ബാങ്കിൻ്റെ സമയായീന്നാ തോന്ന്ണത്, അതോണ്ടാവും പാട്ടിൻ്റെ ഒച്ചകൊറച്ചത്.

എളുപ്പം പൊയ്ക്കോ.. വെളിച്ചത്തിന് എന്തെങ്കിലും കൈയ്യിൽ കരുതാൻ മറക്കണ്ടട്ടോ മാനുപ്പാ.. ഇത് വൃശ്ചികമാസമാണ്.!

അനുകൂല കാലവസ്ഥയിലെന്നപോലെ തന്നെ പ്രതികൂല കാലാവസ്ഥയിലും
സുബ്ഹി ബാങ്ക് കേൾക്കുന്നതോടെ പള്ളിയിലേക്ക് പുറപ്പെടുന്നതാണ് ജംഷിദ ലിയുടെ ശീലം. കൂട്ടിന് കളിക്കൂട്ടുകാരായ മൂന്നു സുഹൃത്തുക്കളുമുണ്ടാകും.

പക്ഷേ അവർ മൂന്നുപേരും മൂന്നു ഭാഗത്തായി താമസിക്കുന്നവരായതുകൊണ്ട് പള്ളിയിൽ എത്തിച്ചേർന്നതിനുശേഷമാണ് അവരെ കണ്ടുമുട്ടാറുള്ളതെന്നുമാത്രം.!

ഇത് വൃശ്ചിക മാസമാണ് ട്ടോ. മാനുപ്പാ..

പതിവുപോലെ വീട്ടിൽ നിന്നും ഇറങ്ങി പള്ളിയിലേക്കുനടക്കാൻ തുടങ്ങിയ ഉടനെ വല്ല്യുമ്മയുടെ മുന്നറിയിപ്പ് ജംഷിദലിയുടെ മനസ്സിൽ പ്രതിധ്വനിച്ചു.

അതൊരു വെറും വാക്കല്ല, മറിച്ച് പാമ്പിന്റെ കടിയേൽക്കാൻ സാധ്യതകൂടുതലുള്ള മാസമാണിതെന്ന മുന്നറിയിപ്പാണതെന്ന് മനസ്സ് പറഞ്ഞു. ഭയപ്പെടുത്തുന്നതിനുവേണ്ടിയല്ല,ശ്രദ്ധിയ്ക്കാൻ വേണ്ടി പറഞ്ഞതാണത്. എങ്കിലും മനസ്സിലൊരു ഭയം രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു വൃശ്ചികമാസത്തിലാണ് അണലിയുടെ കടിയേറ്റ് കുമാരേട്ടൻ മരണപ്പെട്ടത്. പാമ്പിൻ്റെ കടിയേറ്റ് അച്ഛൻ മരണപ്പെട്ടതിനുശേഷം പാമ്പുകളെക്കുറിച്ച് പറയുന്നതും കേൾക്കുന്നതുമെല്ലാം ഉറക്കം കെടുത്തുന്ന കാര്യമാണെന്ന് പറയുമ്പോഴെല്ലാം
രാജൻ്റെ മനസ്സിടറുന്നത് ജംഷിദലി എത്രയോ തവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

കുമാരേട്ടൻ മരണപ്പെട്ട ദിവസത്തിലും തുടർന്നുള്ള ദിവസങ്ങളിലും ഇതേ നേരത്ത് ഇതേവഴിയിലൂടെ ഉപ്പയുടെ കൂടെയും ഉപ്പ വീട്ടിൽ ഇല്ലാത്ത ദിവസങ്ങളിൽ തനിച്ചും ഭയമേതുമില്ലാതെ ജംഷി ദലി പള്ളിയിലേക്ക് നടന്നു പോയിട്ടുണ്ട്.

കൊല്ലവർഷത്തിലെ തുലാം,വൃശ്ചികം എന്നീ രണ്ടു മാസങ്ങൾ വല്ല്യുമ്മയുടെ മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തിയ മാസങ്ങളാണ്.
കുമാരേട്ടൻ്റെയും നാരായണൻകുട്ടി നായരുടെയും അപ്രതീക്ഷിതമായ മരണമാണ് ആ സങ്കടത്തിന്റെ കാരണം. സാബിറയോട് വല്ല്യുമ്മ പറഞ്ഞകാര്യമാണത്.

നമ്മളെപ്പോലെ അവരും സ്വർഗ്ഗത്തിലേക്ക് എത്തുമെന്ന് വല്ല്യുമ്മ പറഞ്ഞതുമുതൽ അവർ ആരായിരുന്നെന്നറിയാനുള്ള അവളുടെ ആഗ്രഹം ചെറുതൊന്നുമായിരുന്നില്ലെന്ന് വൈകിയാണ് ജംഷിദലിക്ക് തിരിച്ചറിയാൻ കഴിഞ്ഞത്.

ഇക്കാ.. ഈ നാട്ടിൽനിന്ന് എത്രയോ മനുഷ്യർ മരിച്ചു പോയിട്ടില്ലേ.. ഇവിടുത്തെ മൊത്തം ജനസംഖ്യയുടെ തൊണ്ണൂറ്റെട്ടു ശതമാനവും നമ്മുടെ മതത്തിൽ പെട്ടവരല്ലേ..അങ്ങനെയാകുമ്പോൾ
നമ്മുടെ മതത്തിൽ പെട്ടവരല്ലേ ഇവിടെ കൂടുതലായും മരിച്ചുപോയിട്ടുണ്ടാവുക.?

നാലുവർഷം മുൻപ് സാബിറ തന്നോട് ചോദിച്ചചോദ്യം ജംഷിദലിയുടെ മനസ്സിൽ ഒരിക്കൽ കൂടി തെളിഞ്ഞുവന്നു.

കർക്കിടക മാസത്തിലെ ഇടമുറിയാതെയുളള
മഴ കാരണം റോഡിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ ഉച്ചയോടെ സ്കൂൾ അടച്ച് വീട്ടിൽ തിരിച്ചെത്തിയ ദിവസമായിരുന്നു സാബിറയുടെ ആ അപ്രതീക്ഷിതമായചോദ്യം.
വല്ല്യുമ്മയാണങ്ങനെ ചോദിച്ചിരുന്നതെങ്കിൽ "ഉം'' എന്നൊന്നു മൂളിയാൽമാത്രം മതിയാകുമായിരുന്നു. സാബിറയുടെ കാര്യം അങ്ങനെയല്ല. അവളുടെ ചെറിയ ചോദ്യങ്ങൾക്ക് പിറകിലായി മുൻകൂട്ടി തയ്യാറാക്കിവച്ച
ഒരുകൂട്ടം വലിയ ചോദ്യങ്ങളുണ്ടാകും. പതിയെ തിന്നാൽ മുള്ളും തിന്നാമെന്നത് അവളെ സംബന്ധിച്ചിടത്തോളം കേവലമൊരു പഴഞ്ചൊല്ലല്ല, പരീക്ഷിച്ചറിഞ്ഞ തിയറിയാണ്.

നിൻ്റെ ചോദ്യത്തിൽ തന്നെ അതിനുള്ള ഉത്തരവും ഉണ്ടല്ലോ സാബിറാ.. ഇനി ഞാനായിട്ട് അത് ആവർത്തിക്കേണ്ടതുണ്ടോ.?

മറുപടി പറയുന്നതിൽ നിന്നും ഒഴിഞ്ഞുമാറാൻ വേണ്ടിയാണ് അങ്ങനെയൊരു ചോദ്യം തിരിച്ചു ചോദിച്ചതെങ്കിലും സാബിറയതിൽ തൃപ്തയായിരുന്നില്ല.

അതൊക്കെ നിങ്ങൾ പറയാതെതന്നെ എനിക്കറിയാം.
എന്നാലും..

എന്ത് എന്നാലും.?

എൻ്റെ ചോദ്യത്തിനുള്ള മറുപടിപറയണംന്ന്.. അത്ര തന്നെ.

എന്നുവെച്ചാൽ അറിഞ്ഞുവച്ച ഉത്തരത്തിൽ നിന്നും അറിയാനാഗ്രഹിക്കുന്ന ഒരുകൂട്ടം ചോദ്യങ്ങൾ നീയിപ്പോൾ തയ്യാറാക്കി വച്ചിട്ടുണ്ടെന്നു സാരം.!

ഇപ്പോൾ സമയം രണ്ടുമണിയായിട്ടുണ്ട്. ഒന്നൊന്നര മണിക്കൂറും കൂടി കഴിഞ്ഞാൽ അംഗനവാടി അടയ്ക്കും.
അതിനു മുൻപ് മഴപെയ്യാനും സാധ്യതയുണ്ട്. നീ വേഗം അംഗനവാടിയിലേക്കുചെന്ന് മിന്നുമോളെ കൂട്ടി കൊണ്ടുപോര്.ആപ്പോഴേക്കും ഞാനീ ഡ്രസ്സൊക്കെ മാറ്റി റെഡിയാവാം.

അവളിന്ന് അംഗനവാടിയിലേക്കൊന്നും പോയിട്ടില്ല മനുഷ്യാ..!

അതെന്തേപ്പം പോകാതിരിക്കാൻ..?
ഇന്ന് അംഗനവാടി തുറന്നിട്ടില്ല, അതുതന്നെ കാരണം.!

പാടമൊന്നാകെ മഴവെള്ളം നിറഞ്ഞു നിൽക്കുന്നതുകാരണം വരമ്പിലൂടെ നടന്നുവരാൻ പ്രയാസമാണെന്ന് ടീച്ചറിന്നലെ ഞങ്ങളോട് പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ പാടത്തെ മഴവെള്ളമെല്ലാം ഇറങ്ങിപ്പോയതിനുശേഷം അങ്ങനവാടി തുറന്നാൽ മതിയെന്ന് ടീച്ചറോട് ഞങ്ങൾ പറയുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഇന്ന് അംഗനവാടി തുറക്കാതിരുന്നത്.

അങ്ങനെ പറയാൻ നിങ്ങൾക്കെന്തധികാരമാണുള്ളത്.
ജില്ലാ ഭരണകൂടമല്ലേ ഈവക കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കേണ്ടത്. അതല്ലാതെ നിങ്ങൾ മൂന്നാല് സ്ത്രീകളാണോ.?

(തുടരും )

Want your school to be the top-listed School/college in Malappuram?
Click here to claim your Sponsored Listing.

Telephone

Website

Address


Malappuram
673639