Ubaideth

Ubaideth

Share

19/08/2024

ഞങ്ങൾ മൂന്നു പേരായിരുന്നു ആദ്യം കൂട്ടായി ഒന്നിച്ചത്. ഞാനും ജുനൈദും ഫൈസലും. പിന്നീട് ആ കൂട്ടിലേക്ക് സുധീർ വന്നു, സനുവും ബിനുവും വന്നു. പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം എഫ്.സി.ഐ. ഉദ്യോഗസ്ഥനായ സിദ്ധീഖ് ഇക്കയും ജിജീത്തായും ഞങ്ങളുടെ അയൽപക്കത്ത് താമസിക്കുവാൻ എത്തുന്നത്. അവർക്ക് രണ്ട് മക്കൾ, അസീമും അജീമും.

വളരെ പെട്ടെന്ന് തന്നെ ഞങ്ങളുടെ ഗ്യാങിലേക്ക് അസീം അംഗമായി. അജീം അന്ന് കുട്ടിയായിരുന്നതിനാൽ (ഞങ്ങളെ സംബന്ധിച്ച്) ഗ്യാങിലെത്തിയില്ല.

പത്താം ക്ലാസ് കാലത്താണ് അസീം ഞങ്ങളുടെ ഒപ്പം കൂടിയതെങ്കിലും പെട്ടെന്ന് തന്നെ ചിരപരിചിതരെ പോലെയായി. വളരെ സൗമ്യനായിരുന്നു അസീം, എല്ലാവരുടേയും സ്നേഹം പെട്ടെന്ന് തന്നെ പിടിച്ചു പറ്റും. ജിജീത്തായും സിദ്ധീഖിക്കായും അജീമും അടങ്ങുന്ന ആ കുടുംബം ഞങ്ങളുടെ കുടുംബം പോലെയായി. ഒരുപാട് വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്ക്കാരം കഴിഞ്ഞ് ഞാനും സുധീറും അസീമുമൊത്ത് അവന്റെ വീട്ടിലേക്ക് പോകും. അവിടെ ഉച്ച ഭക്ഷണം തയ്യാറാക്കി ജിജീത്ത ഞങ്ങളേയും കാത്തിരിപ്പുണ്ടാകും. അങ്ങനെ എത്രയെത്ര ഓർമ്മകൾ.

കാലത്തിന്റെ നദി മുന്നോട്ട് ഒഴുകിക്കൊണ്ടിരുന്നു. എല്ലാവരും വലുതായി, സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന നാളുകളെത്തി. എന്റൊപ്പമുണ്ടായിരുന്ന ആറ് പേരും പ്രവാസികളായി. ഞാൻ മാത്രം നാട്ടിൽ തിരക്കുകൾക്കൊപ്പമായി. സുഹൃത്തുക്കൾ നാട്ടിലെത്തുമ്പോൾ അവരുമായി സമയം ചിലവിടാൻ കിട്ടും. എല്ലാവരും നാട്ടിലെത്തുമ്പോൾ ഒന്നിച്ച് കൂടണമെന്ന ആഗ്രഹം എന്നും ബാക്കി നിൽക്കും.

ഞങ്ങളുടെ ഗ്യാങ് പള്ളിപ്പറമ്പ് കേന്ദ്രീകരിച്ച് കളികളിൽ ഏർപ്പെടുമ്പോൾ മണ്ണാന്റെ പറമ്പിലുണ്ടായിരുന്ന മറ്റൊരു സംഘവും റെയിൽ വേക്കപ്പുറമുണ്ടായിരുന്ന കണ്ടത്തിൽ കളിച്ചു കൊണ്ടിരുന്ന മറ്റൊരു ഗ്യാങുമുണ്ടായിരുന്നു. എല്ലാവരും ഞങ്ങളുടെ സുഹൃത്തുക്കളായി. എന്നാൽ ഞങ്ങൾ ഏഴംഗം അപ്പോഴും ഒറ്റക്കെട്ടായിരുന്നു. ഇടയ്ക്ക് കലീൽ ഞങ്ങളുടെ ഒപ്പം കൂടിയെങ്കിലും അവൻ കായംകുളത്തേക്ക് മാറി.

ഈ കൂട്ടുകെട്ട് ഭേദിച്ച് ആദ്യം സുധീർ പോയി. സാരമായ ഒരു രോഗത്തിനൊടുവിലാണ് ഈ ലോകത്ത് നിന്നും അവൻ പോയത്. സംക്രാന്തി ഗ്രൂപ്പുകളിലുണ്ടായിരുന്ന സുധീർ സി.ബി. കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ പതിവ് നടത്തത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞ് വീണു മരിച്ചു. പിന്നെ ഷാജഹാൻ ഒരു കല്യാണ തലേ രാത്രിയിൽ മരണപ്പെട്ടു. ഈ അടുത്ത കാലത്ത് ഒരു നിസ്സാര രോഗം മൂർച്ഛിച്ച് മുജീബും പോയി.

ഇപ്പോൾ ഞെട്ടിച്ചു കൊണ്ട് അസീമും. പതിനാറാം തീയതി വെള്ളിയാഴ്ച മാതാപിതാക്കൾക്കൊപ്പം വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സൗദി അറേബ്യയിലെ റിയാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

ഇന്ന് രാത്രിയിൽ അസീമിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുകയാണ്. നാളെ വെളുപ്പിന് സുബഹി നമസ്ക്കാരാനന്തരം കബറടക്കം നീലിമംഗലം ജുമ മസ്ജിദ് കബർസ്ഥാനിൽ.

ഈയിടെ നാട്ടിൽ വന്നിട്ട് തിരികെ പോയിട്ട് അധികം നാളായില്ല. വന്നപ്പോൾ പതിവിന് വിപരീതമായി പല തവണ എന്നെ വിളിച്ചു. കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, രണ്ട് പേരുടേയും സമയത്തിലെ പ്രശ്നങ്ങൾ കാരണം നേരിൽ കാണാൻ സാധിച്ചില്ല. ഒരു ദിവസം ഞാനും കുടുംബവും അവൻ ഇപ്പോൾ താമസിക്കുന്ന കുമ്മനത്തേക്ക് പോകുവാൻ വണ്ടിയുമെടുത്ത് ഇറങ്ങിയതാണ്. വഴിയിൽ വെച്ച് വിളിച്ചപ്പോൾ അവൻ കുടുംബ സമേതം ഭാര്യാ വീടായ പന്തളത്തേക്ക് പോയിരുന്നതിനാൽ ആ കൂടിക്കാഴ്ചയും സാധ്യമായില്ല. എല്ലാ തവണയും പരസ്പരം കണ്ടിരുന്ന ഓർമ്മകൾ പങ്കു വെച്ചിരുന്ന ഞങ്ങൾക്ക് ഈ പ്രാവശ്യം മാത്രം നേരിൽ കാണുവാൻ സാധിച്ചില്ല. ഇനിയൊരിക്കലും കാണാൻ പറ്റാതെയുമായി.

എന്റെ സുഹൃത്തുക്കൾ മറ്റേതോ ലോകത്തേക്ക് പോയതാണെന്ന് ഞാൻ കരുതുന്നു. എനിക്ക് മുന്നേ അവിടെ എത്തി നമ്മുടെ വരവിനായി കാത്തിരിക്കുന്നു. എനിക്ക് മുന്നേ എത്തിയത് കൊണ്ട് ഞാൻ എത്തുമ്പോൾ അവരവിടെ സീനിയറായി കാണും. എനിക്ക് അവിടത്തെ കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിന് അവർ മുന്നിൽ തന്നെ കാണും എന്ന് വിശ്വസിക്കുന്നു. കലണ്ടർ മറിഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ എപ്പോൾ വേണമെങ്കിലും ഞാനും ………..

പ്രിയ കൂട്ടുകാരാ നിനക്ക് ആദരാഞ്ജലികൾ

16/01/2021

സമുദായ സംഘടനകളുടെ ഭാരവാഹികളോടുള്ള അഭ്യർത്ഥന

10/11/2020

PK കുഞ്ഞുമോൻ എന്റെ പ്രിയ വാപ്പിച്ച
-------------------------------------------------------------------

ഇന്ന് 2020 നവംബർ 10. എന്റെ പ്രിയപ്പെട്ട പിതാവ് ഈ ലോകത്ത് നിന്നും യാത്രയായിട്ട് 31 വർഷം പൂർത്തിയായിരിക്കുന്നു.

ഞാൻ ജനിക്കുമ്പോൾ എന്റെ വാപ്പിച്ചാക്ക് അമ്പത്തഞ്ച് വയസ്സുണ്ട്. അതും എട്ടാമത്തെ സന്താനമായി. ഉമ്മാക്ക് വയസ്സ് നാല്‍പ്പത്തഞ്ച്.

ഈ പ്രായത്തിലുണ്ടായത് കൊണ്ട് എന്റെ വാപ്പിച്ചായ്ക്ക് എന്നോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. എന്നെ പഠിപ്പിക്കണമെന്നും ഞാൻ പരീക്ഷക്ക് നല്ല മാര്‍ക്ക് വാങ്ങിക്കണമെന്നും പ്രത്യേക ആഗ്രഹങ്ങളുണ്ടായിരുന്നു.

വാപ്പിച്ചാ ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിലായിരുന്നു. ഉമ്മാനെ വിവാഹം കഴിച്ച് കുറേ നാളുകൾക്ക് ശേഷമാണ് ആ ജോലി രാജിവെച്ച് തിരികെ പോരുന്നത്. പിന്നീട് ഒരു ലോറിയെടുത്തു. പക്ഷേ അതൊരു വിജയമായില്ല. പിന്നീട് പല ജോലികളും ചെയ്തു. എനിക്ക് ഓർമ്മ വെച്ച് വന്നപ്പോൾ വീടിന് തൊട്ടടുത്തുള്ള പെയിന്റ് കമ്പനിയിലെ സൂപ്പർവൈസറാണ് വാപ്പിച്ച.

എല്ലാവരും പോസ്റ്റുകളിടുമ്പോള്‍ അമ്മയെ പറ്റി വാതോരാതെ എഴുതാറുണ്ട്. അമ്മ ചെയ്തു കൊടുത്ത കാര്യങ്ങളും അമ്മയുടെ സ്നേഹവും ഒക്കത്തിരുത്തി അമ്പിളിമാമനെ കാണിച്ച് ചോറ് വാരി കൊടുത്ത കഥയും മറ്റും. പക്ഷേ എനിക്ക് ആ കാര്യങ്ങളിലൊക്കെ വാപ്പിച്ചായെയാണ് ഓര്‍മ്മ വരുന്നത്. എനിക്ക് ഓര്‍മ്മ വെച്ച കാലം മുതല്‍ എന്റെ എല്ലാ കാര്യങ്ങളും വാപ്പിച്ചായായിരുന്നു. എന്റെ വസ്ത്രങ്ങള്‍ അലക്കുന്നതും എന്നെ കൊണ്ട് ഭക്ഷണം കഴിപ്പിക്കുന്നതും എന്നെ കുളിപ്പിക്കുന്നതും അങ്ങനെ എല്ലാം. ചെറുപ്പത്തില്‍ എന്റെ ശരീരം മുഴുവന്‍ ചൊറിയായിരുന്നു. (ഇന്ന് കുട്ടികളുടെ ശരീരത്തില്‍ ഒരു ചൊറി കാണാന്‍ നമ്മള്‍ കൊതിക്കും). ചൂടു വെള്ളം വെച്ച് വാപ്പിച്ചാ കുളിപ്പിക്കാന്‍ വിളിക്കും. പഴയ ലൈഫ് ബോയ് സോപ്പ് ചാക്ക്നൂല്‍ ഉപയോഗിച്ച് മൂന്നായി മുറിക്കും, എന്നിട്ട് അതില്‍ ഒരു കഷണമാണ് കുളിക്കുവാന്‍ ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ പെട്ടെന്ന് തീര്‍ന്നാലോ!

ചകിരിയും മറ്റും ഉപയോഗിച്ച് ഒരു തേച്ച് കുളിപ്പിക്കലുണ്ട്. ഒരു അറപ്പും കൂടാതെ എന്റെ ശരീരത്തുള്ള ചൊറികള്‍ മൊത്തം തേച്ച് ഉരയ്ക്കും. ഞാന്‍ അപ്പോള്‍ സ്വര്‍ഗവും നരകവും ഒന്നിച്ച് കാണും. കുളിക്കു ശേഷം പൊറ്റയിളകിയ ഭാഗങ്ങളില്‍ മരുന്ന് തേച്ച് തരും.

ഇത് പോലെ സ്നേഹിക്കുന്നയാള്‍ക്ക് ദേഷ്യം വന്നാല്‍ സ്വഭാവം മാറും. എന്തെങ്കിലും കുറ്റങ്ങള്‍ക്ക് കിട്ടുന്ന ശിക്ഷയും അപാരമായിരിക്കും. ചൂരല്‍ വടി കൊണ്ട് കുണ്ടിക്കിട്ട് അടിക്കുന്നതിന് ഒരു മയവുമില്ല. വാപ്പിച്ചായുടെ ഭാഷയില്‍ പറഞ്ഞാല്‍ അടിയുടെ പെരുന്നാളാണ്.

എന്റെ ചെറുപ്പകാലത്തെ നിറമുള്ള സ്വപ്നങ്ങളില്‍ എല്ലാം വാപ്പിച്ചായുടെ മുഖങ്ങളായിരുന്നു. പക്ഷേ ആ സ്നേഹം മനസ്സു നിറയെ ആസ്വദിക്കാന്‍ വിധി അനുവദിച്ചില്ല. പെട്ടെന്നായിരുന്നു വാപ്പിച്ച രോഗബാധിതന്യത്. അന്നനാളത്തില്‍ കാന്‍സര്‍ ആയിരുന്നു രോഗം. എനിക്കന്ന് പതിനേഴ് വയസ്സ് മാത്രം. കാന്‍സര്‍ എന്നത് അന്നും ഇന്നും ഭീകര രോഗമാണ്. ഭക്ഷണം കഴിക്കുമ്പോള്‍ അത് തിരികെ ശര്‍ദ്ദിക്കുന്നതായിരുന്നു ലക്ഷണം. ഒരു നോമ്പ് കാലത്താണ് ആ രോഗം കാണുന്നത്. നോമ്പ് പിടിച്ചതു കൊണ്ടാകാം എന്ന് ആശ്വസിച്ചു. പക്ഷേ നോമ്പിനു ശേഷവും അത് തുടര്‍ന്നപ്പോള്‍ വാപ്പിച്ചായുടെ സ്നേഹിതനായിരുന്ന ഡോ. രാജേന്ദ്രനാണ് ബയോപ്സി നിര്‍ദ്ദേശിച്ചത്.

രോഗം തിരിച്ചറിഞ്ഞപ്പോള്‍ ചികിത്സയുടെ ഭാഗമായി മദ്രാസ് അപ്പോളോയിലേക്ക് കൊണ്ടു പോയി. അവിടെ വെച്ച് ഓപ്പറേഷന്‍ നടത്തുകയും വയര്‍ തുളച്ച് ഒരു ട്യൂബ് ഇടുകയും ചെയ്തു. ആ ട്യൂബിലൂടെ ദ്രാവക രൂപത്തിലുള്ള ഭക്ഷണം ഒഴിച്ചു കൊടുക്കണം. ഓപ്പറേഷനു ശേഷം ഡോക്ടര്‍മാര്‍ ആറ് മാസത്തെ കാലാവധിയാണ് പറഞ്ഞത്.

ആ ആറ് മാസമായിരുന്നു ഏറ്റവും ഭയാനകം. അന്നും എന്റെ പഠനത്തില്‍ ശ്രദ്ധിക്കുകയും ഉയര്‍ന്ന മാര്‍ക്കില്‍ ഞാന്‍ പാസ്സാകുകയും വാപ്പിച്ചായുടെ സ്വപ്നമായിരുന്നു. ഒരു ദിവസം വീട്ടില്‍ ആരുമില്ലാതിരുന്നപ്പോള്‍ ‍‍ഞാന്‍ വാപ്പിച്ചായുടെ ശുശ്രൂഷ ഏറ്റെടുക്കാന്‍ നിയമിക്കപ്പെട്ടപ്പോള്‍ അന്നും എന്നെ നിര്‍ബന്ധിച്ച് കോളെജിലേക്കയച്ചു വാപ്പിച്ച.

മദ്രാസില്‍ നിന്നും വാപ്പിച്ച എനിക്ക് കത്തയക്കുമായിരുന്നു. ഇംഗ്ലീഷില്‍ , മറുപടി ഞാന്‍ ഇംഗ്ലീഷില്‍ എഴുതണമെന്നും നിര്‍ബന്ധമായിരുന്നു. അന്ന് എനിക്ക് വന്ന കത്തുകള്‍ ഇന്നും ഒരു നിധിയായി ഞാന്‍ കാത്തു സൂക്ഷിക്കുന്നു.

ഈ സ്നേഹം ഞാന്‍ എന്റെ മക്കള്‍ക്ക് പകര്‍ന്ന് കൊടുക്കാറുണ്ട്. ഒരു പ്രായം വരെ എന്റെ മകള്‍ പറഞ്ഞിരുന്നത് അവളെ പ്രസവിച്ചത് ഞാനായിരുന്നെന്നാണ്. എന്റെ മക്കളെ ഇങ്ങനെ സ്നേഹിക്കുവാന്‍ എന്നെ പഠിപ്പിച്ച വാപ്പിച്ചാ അങ്ങയെ പടച്ച തമ്പുരാന്‍ സ്വര്‍ഗം കൊണ്ട് അനുഗ്രഹിക്കട്ടെ.

10/04/2020

അമീഷിന്റെ ശിവപുരാണം ട്രിയോളജിയിലെ ആദ്യഭാഗം "മെലൂഹയിലെ ചിരഞ്ജീവികൾ" ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. ഒന്നര വർഷം മുമ്പ് രണ്ടും മൂന്നും ഭാഗങ്ങൾ വായിച്ചുവെങ്കിലും ആദ്യഭാഗം വായിക്കുവാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നു.
സോഷ്യൽ മീഡിയയിലെ വായനക്കിടയിൽ ബുക്കുകൾ വായിക്കുന്ന ശീലം കൈമോശം വന്നിരുന്നു. ഈ കൊറോണക്കാലം വായന പുനരെടുക്കുവാൻ സാധിച്ചു.

ഹിന്ദു പുരാണ കഥകൾ പണ്ടേ എനിക്ക് വളരെ ഇഷ്ടമായിരുന്നു. വായന തുടങ്ങിയ കാലം മുതലേ അതെന്റെ ഒപ്പമുണ്ട്. ചെറുപ്പത്തിലെ പുമ്പാറ്റ അമർ ചിത്രകഥകളിലൂടെയാണ് അത് തുടങ്ങിയത്. ഓരോ ലക്കം അമർ ചിത്രകഥകൾക്കും വേണ്ടി കാത്തിരുന്നത് ഇത്രയും വർഷങ്ങൾക്കു ശേഷവും എനിക്ക് ഓർമ്മിക്കുവാൻ സാധിക്കും.
എത്ര വായിച്ചാലും മതിവരാത്തതാണ് ഹിന്ദു പുരാണ കഥകൾ.
അമീഷിന്റെ ശിവപുരാണം ട്രിയോളജി വായിച്ചിരിക്കേണ്ട ബുക്കുകളാണ്. ശിവൻ ദൈവസങ്കല്പത്തിൽ നിന്നും മനുഷ്യ രൂപത്തിൽ ഇറങ്ങിയ കഥകളാണ് അവ. തിബറ്റിൽ നിന്നും വന്ന് മെലൂഹയും അയോധ്യയും കീഴടക്കുന്ന സംഭവ ബഹുലമായ ചരിത്രം ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ നമ്മേ പ്രേരിപ്പിക്കും.

Want your practice to be the top-listed Law Practice in Kottayam?
Click here to claim your Sponsored Listing.

Telephone

Address


Kottayam
686016