KV Thomas

KV Thomas

Share

08/06/2026

75 വർഷങ്ങൾ പിന്നോട്ട് നോക്കുമ്പോൾ ഇന്ന് ഞാൻ കാണുന്ന ലോകം പലപ്പോഴും അവിശ്വസനീയമായി തോന്നുന്നു.

എന്റെ ബാല്യകാലവും ഇന്നത്തെ ജീവിതരീതിയും തമ്മിലുള്ള വ്യത്യാസം അത്രയും വലുതാണ്.

ഒന്നാം ക്ലാസിൽ ചിറമേൽ എലിസബത്ത് ടീച്ചറുടെ വിദ്യാർത്ഥിയായി അഞ്ചാം വയസ്സിൽ സ്കൂളിൽ ചേർന്ന കാലം ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.

ആൺകുട്ടികളും പെൺകുട്ടികളും ഒരേ ക്ലാസിലായിരുന്നുവെങ്കിലും അവർ തമ്മിൽ ഒരു അദൃശ്യ മതിൽ നിലനിന്നിരുന്നു. ആൺകുട്ടികൾ ഒരുഭാഗത്തും പെൺകുട്ടികൾ മറുഭാഗത്തുമായിരുന്നു ഇരുന്നത്. പരസ്പരം സംസാരിക്കുകയോ ചിരിക്കുകയോ പോലും ആരും ചെയ്തിരുന്നില്ല. പത്താം ക്ലാസ് വരെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഇടയിൽ അച്ചടക്കത്തിന്റെയും സാമൂഹിക നിയന്ത്രണത്തിന്റെയും ഒരു വലിയ വേർതിരിവ് നിലനിന്നിരുന്നു.

സെന്റ് പീറ്റേഴ്സ് സ്കൂളിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മീറ്റിംഗുകൾ ഉണ്ടായിരുന്ന ദിവസങ്ങളിൽ പ്രധാനാധ്യാപകനായ കെ. ടി. റോക്കി മാഷിന്റെ ഇംഗ്ലീഷ് അറിയിപ്പ് ക്ലാസിലേക്ക് എത്തും:
“Today there is a meeting after the class. Boys to sit under the mango tree and girls in the veranda.”
സ്കൂളിന്റെ മധ്യത്തിലുള്ള വലിയ മാവിൻചുവട്ടിൽ ആൺകുട്ടികളും വരാന്തയിൽ പെൺകുട്ടികളും ഇരിക്കണമെന്നാണ് അർത്ഥം. സ്കൂളിലെ കലാപരിപാടികളിലും ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പങ്കെടുക്കാറില്ലായിരുന്നു.

“നക്ഷത്രവിളക്ക്” എന്ന നാടകത്തിൽ സുന്ദരിയായ ഉമ്മച്ചിക്കുട്ടിയുടെ വേഷം ചെയ്തിരുന്നത് ഞാനായിരുന്നു.

തേവര കോളേജിൽ വിദ്യാർത്ഥിയായി ചേർന്നപ്പോഴും സ്ഥിതി ഏറെ വ്യത്യസ്തമായിരുന്നില്ല. അത് ആൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജായിരുന്നു. കുമ്പളങ്ങിയിൽ നിന്ന് ദിവസേന തേവരയിൽ വരാൻ ബുദ്ധിമുട്ടായതുകൊണ്ട് ഹോസ്റ്റലിലാണ് താമസിച്ചത്. നാലുമണിക്ക് ക്ലാസ് കഴിഞ്ഞാൽ ഇന്നത്തെ കൊച്ചിൻ ഷിപ്പിയാർഡ് സ്ഥിതി ചെയ്യുന്ന പ്രദേശത്തു കൂടി ഫോർഷോർ റോഡിലൂടെ നടന്ന് പെൺകുട്ടികൾ പഠിക്കുന്ന സെന്റ് തെരേസാസ് കോളേജിന്റെ മുന്നിലെത്തി സുന്ദരികളായ പെൺകുട്ടികളെ കണ്ടു ചിരിച്ചുകൊണ്ട് ആത്മസംതൃപ്തിയോടെ മടങ്ങിയിരുന്ന ദിവസങ്ങൾ ഇന്നും ഓർമ്മയിലുണ്ട്.

ഇന്ന് കോളേജുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നു; കലാപരിപാടികളിലും ഒരുമിച്ച് പങ്കെടുക്കുന്നു. തേവര കോളേജിലെ പ്രശസ്തമായ “ഹാർട്ടിയൻ” ആഘോഷങ്ങളിൽ അവർ കൈകോർത്ത് നൃത്തം ചെയ്യുന്നു.

കുമ്പളങ്ങിയിലെ റോഡുകളിലൂടെ യുവാക്കളും യുവതികളും പരസ്യമായി സ്നേഹപ്രകടനങ്ങൾ നടത്തുന്നു.

പെൺകുട്ടികൾക്ക് കണങ്കാൽ വരെയെത്തുന്ന പാവാടയും കൈപ്പത്തി വരെ മൂടുന്ന ബ്ലൗസും പുറകിൽ പിന്നിയിട്ടിരിക്കുന്ന നീണ്ട മുടിയും ഭവ്യമായ പെരുമാറ്റവും ആയിരുന്നു. പള്ളിയിൽ പോകുമ്പോൾ മാതാപിതാക്കളുടെ ഓരം ചേർന്ന് ആരെയും നോക്കാതെ തലകുനിച്ചു നടന്നിരുന്ന പെൺകുട്ടികളെയാണ് ഞാൻ കണ്ടിരുന്നത്.

ഇന്നത്തെ വേഷം ശരീരം മറയ്ക്കാൻ ഒന്നുമില്ല എന്നതാണ്. മുട്ടിനു മുകളിലുള്ല ഷോർട്സും മാറിടം തുറന്നു കാണിക്കുന്ന ടോപ്പും ക്രോപ് ചെയ്ത മുടിയുമാണ് പെൺകുട്ടികളുടെ വേഷം. സമൂഹം അതിനെ സ്വാഭാവികമായി സ്വീകരിച്ചിരിക്കുന്നു.

ഞങ്ങളുടെ നാട്ടിലെ ഗതാഗതസൗകര്യങ്ങളും അന്നത്തെ കാലത്തോട് താരതമ്യം ചെയ്യുമ്പോൾ ഇന്ന് വളരെയേറെ മാറിയിരിക്കുന്നു.

അമേരിക്കയിൽ നിന്നെത്തിയ കുമ്പളങ്ങിക്കാരനായ ഒരാൾ ഒരു മോറിസ് മൈനർ കാറുമായി നാട്ടിലെത്തിയപ്പോൾ അത് കടലാമയാണെന്ന് കരുതി വടംകെട്ടി കായൽ തീരത്ത് നിർത്തിയ കഥ പ്രസിദ്ധമാണ്.

അന്ന് വള്ളങ്ങളിലാണ് യാത്ര. ഇന്നത്തെ കുമ്പളങ്ങി-പെരുമ്പടപ്പ് പാലത്തിന്റെ സ്ഥാനത്ത് വഞ്ചി കൂട്ടികെട്ടിയ ചങ്ങാടമാണ്. പിന്നീട് ബോട്ട് കെട്ടി വലിക്കാൻ തുടങ്ങി. നാടൻ വഞ്ചികളിലും ഫോർട്ട് കൊച്ചിയിൽ നിന്നുള്ള മച്ചുവകളിലുമാണ് ഞങ്ങൾ യാത്ര ചെയ്തിരുന്നത്.

കുമ്പളങ്ങി വടക്കേ കടവിൽ നിന്ന് സെന്റ് ജോർജ് ജംഗ്ഷൻ വഴി എറണാകുളത്തേക്ക് ബസ് സർവീസ് വേണമെന്ന ആവശ്യവുമായി നാട്ടുകാർ എറണാകുളം എം.എൽ.എയായിരുന്ന എ. എൽ. ജേക്കബ് ചേട്ടനെ സമീപിച്ചപ്പോൾ, “ഈ ബസിൽ ആര് കയറുമെടോ?” എന്ന് ചോദിച്ച ജേക്കബ് ചേട്ടനെ സ്നേഹപൂർവ്വം ഓർക്കുകയാണ്.

അന്ന് കുട ആഡംബരവസ്തുവായിരുന്നു. പുരുഷന്മാർ കാലൻ കുടകളും സ്ത്രീകൾ ഒരു മടക്കുള്ള തുണിക്കുടകളും ഉപയോഗിച്ചിരുന്നു. പലരും വാഴയിലയോ ചേമ്പിലയോ തലയിൽ പിടിച്ചാണ് മഴയിൽ നടന്നിരുന്നത്. അതുകൊണ്ട് കുട നിലത്ത് വയ്ക്കാതെ എല്ലായ്പ്പോഴും കൈയ്യിൽ തന്നെയായിരുന്നു. ഇന്ന് പേഴ്സിൽ പോലും വയ്ക്കാവുന്ന മടക്കുകുടകളാണ് ഉള്ളത്.

സാമ്പത്തിക സൌകര്യമുള്ള സ്ത്രീകൾ ഉപയോഗിച്ചിരുന്ന തഴപ്പായ കൊണ്ടുള്ള തോൾസഞ്ചികളെ “പൊങ്ങച്ച സഞ്ചി” എന്നാണ് വിളിച്ചിരുന്നത്. ഇന്ന് വിലകൂടിയ ലെതർ ഹാൻഡ്‌ബാഗുകൾ സാധാരണമായിരിക്കുന്നു.

എന്റെ അമ്മ തൃപ്പൂണിത്തുറയിലെ മരടിലാണ് ജനിച്ചത്. വിവാഹശേഷം വഞ്ചിയിൽ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന വലിയ മരപ്പെട്ടിയുമായാണ് അമ്മ കുമ്പളങ്ങിയിലെത്തിയത്. പിന്നീട് മരത്തിന്റെയും സ്റ്റീലിന്റെയും അലമാരകളുമായി പെൺകുട്ടികൾ വിവാഹം കഴിച്ച വീട്ടിലെത്തുന്ന പതിവ് വന്നു. ഇന്ന് ഓരോ വീട്ടിലും മതിൽ അലമാരകൾ സാധാരണമായതോടെ അത്തരം ചടങ്ങുകളും ഇല്ലാതായി.

മദ്യപാനത്തെയും പുകവലിയെയും സമൂഹം ഒരുകാലത്ത് വളരെ മോശമായി കണ്ടിരുന്നു. കള്ള്‌ഷാപ്പിൽ പോയി കള്ള് കുടിക്കുന്നവരെയും ബീഡിയും ചുരുട്ടും പരസ്യമായി വലിക്കുന്നവരെയും ആളുകൾ പുച്ഛത്തോടെ നോക്കിയിരുന്നു. അതുകൊണ്ട് പലരും ഒളിച്ചായിരുന്നു ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നത്. വിവാഹാലോചനകളിൽ പോലും “ചെക്കൻ പുകവലിക്കാരനും മദ്യപാനിയുമാണോ?” എന്ന ചോദ്യം പ്രധാനമായിരുന്നു. പണ്ട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുമ്പോൾ പ്രതി കള്ളുകുടിയനും വ്യഭിചാരിയും സർവ്വോപരി തിരുവിതാംകൂർകാരനും ആണെന്ന് എഴുതും. അന്ന് കൊച്ചിക്കാർക്ക് തിരുവിതാംകൂർകാരെ പുച്ഛമായിരുന്നു. അവർ കള്ളന്മാരും ചതിയന്മാരും ആണെന്നാണ് ഞങ്ങൾ വിശ്വസിച്ചിരുന്നത്. കുമ്പളങ്ങിയെയും എഴുപുന്നയെയും വേർതിരിക്കുന്ന പുഴയിൽ ‘കൊതി’ കല്ലുകൾ സ്ഥാപിച്ചിരുന്നു. കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി നിർണ്ണയിക്കുന്നതാണ് ഈ കൊതിക്കല്ലുകൾ.

ഇന്ന് കാലം മാറി. പുതിയ തലമുറയ്ക്ക് മദ്യപാനം വലിയ വിഷയമല്ല. വ്യഭിചാരം ഒരു പ്രശ്നമായെ കാണാറില്ല. പുതിയ തലമുറ ഒന്നിച്ച് ജീവിക്കുകയും പിന്നീട് വേർപിരിയണമെന്ന് തോന്നുമ്പോൾ മാറി താമസിക്കുകയും ചെയ്യുന്നു. ലിവിംഗ് ടുഗെദർ എന്ന ഓമനപ്പേരാണിതിനുള്ളത്. ഇന്ന് വളരെ ശ്രദ്ധേയമായ പല റേപ്പ് കേസുകളിലും പ്രതികൾ രക്ഷപ്പെടുന്നത് ഉഭയസമ്മതപ്രകാരം എന്ന് പറഞ്ഞാണ്.

കള്ളിന്റെയും ചാരായത്തിന്റെയും സ്ഥാനത്ത് ലഹരിമരുന്നുകൾ വ്യാപകമായിരിക്കുന്നു. ഡി-അഡിക്ഷൻ സെന്ററുകളും വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ 50 വർഷം കൊണ്ട് ഞങ്ങളുടെ നാട്ടിലെ മാറ്റം വലുതാണ്. പണ്ട് മനസ്സിൽ ആലോചിക്കാൻ പറ്റാത്ത കാര്യങ്ങൾ പോലും ഇന്ന് പരസ്യമായി നടക്കുന്നു. സ്കൂൾ മുറ്റത്തും പള്ളിപ്പറമ്പിലും രഹസ്യമായി ഒളിഞ്ഞു നോക്കുകയും പുസ്തകത്താളുകളിൽ പ്രേമലേഖനങ്ങൾ എഴുതുകയും ചെയ്തിരുന്ന കാലം മാറി. കമിതാക്കൾ പരസ്യമായി ഒന്നിച്ചു ജീവിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്.

06/06/2026

"ആനകൊടുത്താലും ആശ കൊടുക്കരുത്" എന്നുള്ളത് നമ്മുടെ നാട്ടിൽ പൊതുവെയുള്ളൊരു ചൊല്ലാണ്.

മുഖ്യമന്ത്രി വി.ഡി. സതീശനോടും പൊതുസമൂഹത്തിന് ഇതുതന്നെയാണ് പറയാനുള്ളത്.

തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ വാഹനപ്രേമികളായ വലിയൊരു വിഭാഗം യുവാക്കൾക്ക് ആവേശം നൽകിയ മുഖ്യമന്ത്രിയുടെ വാഗ്ദാനമായിരുന്നു വാഹന മോഡിഫിക്കേഷൻ. വാഹനങ്ങളുടെ രൂപത്തിൽ വ്യത്യാസം വരുത്തുക, ഉയരം വർദ്ധിപ്പിക്കുക, വീതിയേറിയ ടയറുകളും പുറത്തേക്ക് തള്ളിയ അലോയ് വീലുകളും ഘടിപ്പിക്കുക, ശക്തമായ ലൈറ്റുകളും കാതടപ്പിക്കുന്ന ഹോണുകളും സ്ഥാപിക്കുക തുടങ്ങിയവയെല്ലാം പുതിയ തലമുറയുടെ വലിയ സ്വപ്നങ്ങളായിരുന്നു. ഈ സ്വപ്നങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ നൽകിയ പൂ പുഞ്ചിരി അവരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി.

എന്നാൽ പ്രിയ നേതാവ് മുഖ്യമന്ത്രിയായി ഭരണമേറ്റെടുത്തപ്പോൾ ആ പ്രതീക്ഷകളുടെ നിറം മങ്ങുന്ന കാഴ്ചയാണ് കാണുന്നത്. മോട്ടോർ വാഹന വകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചാൽ ഇത്തരം മോഡിഫിക്കേഷനുകളൊന്നും അത്ര എളുപ്പത്തിൽ നടത്താനാവില്ലെന്ന് മനസ്സിലാക്കാൻ സാധിക്കും. മോട്ടാർ വാഹന നിയമങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിധിയിലുള്ളതായതുകൊണ്ട് തന്നെ, ഈ നിയമങ്ങൾക്കുള്ളിൽ നിന്നു മാത്രമേ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്താനാകൂ. കേരളത്തിന് മാത്രമായി ഒരു പ്രത്യേക മോട്ടോർ വാഹന നിയമം രൂപകൽപ്പന ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിയില്ല.
ഇതുമായി ബന്ധപ്പെട്ട ധാരാളം പരാതികൾ ഇതിനകം തന്നെ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും എത്തിയിട്ടുമുണ്ട്.

സ്പീക്കറുകളും ലൈറ്റുകളും ഉൾപ്പെടെ 18 തരം മോഡിഫിക്കേഷനുകൾ അനുവദിക്കാമെന്നാണ് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടിലുള്ളത്. മുമ്പത്തെപ്പോലെ ആർ.ടി.ഒ ഓഫീസിൽ നിശ്ചിത ഫീസ് അടച്ച് അനുവാദം വാങ്ങിയാൽ കാറും ബൈക്കും ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാം. എന്നാൽ ബോഡി മാറ്റം, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം, സി.എൻ.ജി.യിലേക്കുള്ള മാറ്റം തുടങ്ങി ഇപ്പോൾ നിലവിലില്ലാത്ത പ്രധാന മോഡിഫിക്കേഷനുകളെല്ലാം കേന്ദ്ര നിയമം അനുസരിച്ച് മാത്രമേ ചെയ്യാനാകൂ. കാറിനുള്ളിലെ അലങ്കാര മാറ്റങ്ങൾ പോലും പുതിയ തലമുറ ഉദ്ദേശിക്കുന്ന തരത്തിൽ പൂർണ്ണമായി നടത്താൻ പറ്റുമെന്ന് തോന്നുന്നില്ല.

കേരള ഹൈക്കോടതിയുടെ വിധിയനുസരിച്ചുള്ള സൺ ഫിലിം ഉൾപ്പെടെയുള്ള പല മാറ്റങ്ങൾക്കും മുൻപ് ഭരിച്ചിരുന്ന ഇടതു സർക്കാർ അനുവാദം കൊടുത്തിട്ടുള്ളതുമാണ്.

നവവധുവരന്മാർക്ക് ആദ്യത്തെ ഏതാനും മാസക്കാലം കുടുംബാംഗങ്ങൾ വലിയ സ്വാതന്ത്ര്യം നൽകുന്നതുപോലെ പുതിയ സർക്കാരിനും പ്രവർത്തിക്കാൻ ആവശ്യമായ സമയം കൊടുക്കുന്നതിൽ തെറ്റില്ല. എന്നാൽ രാഷ്ട്രീയ പ്രേരിതമായി മുൻ സർക്കാരിനെ മാത്രം കുറ്റപ്പെടുത്തി പുതിയ സർക്കാർ രക്ഷപ്പെടാൻ നോക്കരുത്. കേരളത്തിൽ പുതിയ നിക്ഷേപവുമായി വരാൻ ആഗ്രഹിക്കുന്നവർ നിരാശരാകും. സാമ്പത്തിക തകർച്ച നേരിടുന്ന ഒരു സംസ്ഥാനത്തേയ്ക്ക് വരാൻ ആരാണ് ആഗ്രഹിക്കുക. സംസ്ഥാനത്തെക്കുറിച്ച് സത്യസന്ധമായ ഒരു ചിത്രമാണ് നൽകേണ്ടത്.

കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി പുതിയ സർക്കാർ പുറത്തുവിട്ട ധവളപത്രം സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന് 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് ധവള പത്രത്തിൽ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ഉന്നയിച്ച ആരോപണം ആറ് ലക്ഷം കോടി രൂപയിലധികം കടബാധ്യതയുണ്ടെന്നായിരുന്നു. സർക്കാർ ജീവനക്കാർക്ക് ഡി.എ കുടിശ്ശികയിനത്തിൽ മാത്രം ഒരു ലക്ഷം കോടി രൂപ കൊടുക്കാനുണ്ടെന്നായിരുന്നു അന്നത്തെ പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ധവളപത്ര പ്രകാരം ഇത് 48,000 കോടി രൂപ മാത്രമാണ്. ധവളപത്രം തയ്യാറാക്കിയപ്പോൾ സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള തുക എത്രയെന്ന് കൂടി വ്യക്തമാക്കേണ്ടതായിരുന്നു. ജി.എസ്.ടി നിലവിൽ വന്നതിനുശേഷം ഉണ്ടായ പരിഷ്ക്കാരങ്ങൾ സംസ്ഥാനത്തിന് വലിയ വരുമാന നഷ്ടമാണുണ്ടാക്കിയത്. കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ടും ഗ്രാന്റും വൻ തോതിൽ കുറയുകയും ചെയ്തു. ഈ യാഥാർത്ഥ്യങ്ങൾ ധവളപത്രത്തിൽ കാണിക്കാത്തത് ബി.ജെ.പിയും യു.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ അന്തർധാരണയുടെ ഭാഗമാണെന്ന ആരോപണമുണ്ടായാൽ അതിൽ തെറ്റ് പറയാനാകില്ല.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിയമസഭയിലെ ആദ്യ ദിവസങ്ങളിലെ പ്രകടനം മികച്ചുനിന്നെങ്കിലും ചില നയപരമായ കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ട്. പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ സമ്മിശ്ര സമ്പദ്ഘടനയാണ് ആദ്യ അൻപതുവർഷക്കാലം ഇന്ത്യ ഭരിച്ച കോൺഗ്രസ്സ് പിന്തുടർന്നിരുന്നത്. അതിൽ പൊതുമേഖല, സ്വകാര്യ മേഖല, സഹകരണ മേഖല എന്നിവയ്ക്കൊക്കെ തനതായ പ്രാധാന്യമുണ്ടായിരുന്നു.

പൊതുമേഖലയ്ക്ക് പ്രത്യേക പരിഗണനയും ലക്ഷ്യബോധവുമുണ്ട്. സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് ഈ സ്ഥാപനങ്ങൾ ഒന്നൊന്നായി പൂട്ടി സ്വകാര്യ മേഖലയെ ഏൽപ്പിക്കുന്നത് ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.

അത്തരമൊരു നീക്കത്തിന്റെ വലിയൊരു ഉദാഹരണമാണ് ഇന്ത്യയുടെ വ്യോമയാന നയം. രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രയ്ക്ക് യാത്രാകൂലി ഉൾപ്പെടെ അനുകൂലമായ സമീപനമായിരുന്നു മുൻപുണ്ടായിരുന്നത്. എന്നാൽ ഇന്ത്യൻ എയർലൈൻസും എയർ ഇന്ത്യയും നഷ്ടത്തിലാണെന്ന് കാണിച്ച് ഈ മേഖലയെ സ്വകാര്യവൽക്കരിച്ചു. സ്വകാര്യ മേഖലയ്ക്ക് മെച്ചപ്പെട്ട റൂട്ടുകളും നിരക്കുകൾ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും നൽകി. അതിന്റെ പരിണിത ഫലമായി മലയാളികൾ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടിപ്പോകുന്ന സാധാരണക്കാർ ഇന്ന് വലിയ രീതിയിൽ കൊള്ളയടിക്കപ്പെടുന്നു.

വിരോധാഭാസമെന്നു പറയട്ടെ, ഈ സ്വകാര്യ വിമാനക്കമ്പനികളും ഇപ്പോൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. അവയെ സംരക്ഷിക്കാൻ ഒടുവിൽ ജനങ്ങളുടെ നികുതിപ്പണം തന്നെ കേന്ദ്ര സർക്കാരിന് ഉപയോഗിക്കേണ്ടി വരുന്നു. ജെറ്റ് എയർലൈൻസിന്റെ തകർച്ച ഇക്കാര്യത്തിൽ ഒരു ഉദാഹരണം മാത്രമാണ്.

ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റ് രണ്ട് പ്രധാന മേഖലകൾ ആരോഗ്യവും വിദ്യാഭ്യാസവുമാണ്. ഇവിടെ സ്വകാര്യ മേഖലയെ പിന്തുണയ്ക്കുമ്പോൾ തന്നെ, സാധാരണക്കാരുടെ ആശ്രയമായ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിലവിൽ സ്വകാര്യ മേഖല ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ ജനങ്ങളെ വലിയ രീതിയിൽ ചൂഷണം ചെയ്യുന്നതാണ് നാം കാണുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികൾ ഇന്ത്യയ്ക്ക് തന്നെ മാതൃകയാവുന്ന വിധത്തിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഇല്ലെങ്കിൽ വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ പ്രയാണം തുടരും.

കേരളത്തിലെ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന വലിയൊരു സംവിധാനമാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ. അത് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കണം.

അതുപോലെ തന്നെയാണ് കെ.എസ്.ആർ.ടി.സിയും. വിദ്യാർത്ഥികൾ, തൊഴിലാളികൾ, സാധാരണക്കാരായ അമ്മമാർ തുടങ്ങിയവരുടെ യാത്രച്ചെലവ് കുറയ്ക്കുന്ന ഇത്തരം പൊതുസംവിധാനങ്ങളെ യാതൊരു കാരണവശാലും സ്വകാര്യവൽക്കരിക്കരുത് എന്നൊരു മുന്നറിയിപ്പാണ് ഈ അവസരത്തിൽ സർക്കാരിന് നൽകാനുള്ളത്.

Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.

Category

Website

Address


K V Thomas Road, Thoppumpady
Kochi
682005