IPSS Media
29/04/2025
ദേ സ്വർഗത്തിലെ ഉസ്താദ്.
കഴിഞ്ഞ ദിവസം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ ഒരു പരിപാടിക്കിടെ അവരുടെ ഉസ്താദ് അദ്ദേഹത്തിൻ്റെ ജീവിച്ചിരിക്കുന്ന ഉസ്താദിനെ പറ്റി വാ തോരാതെ കുറെ സംസാരിച്ച ശേഷം പറയുകയാണ്. ഉസ്താദ് എന്തായാലും സ്വർഗത്തിലാണെന്നത് ഉറപ്പാണല്ലോ? പോവും ഉറപ്പ് യാതൊരു സംശയവുമില്ല! എന്ന്. ഇത് കേൾക്കുന്ന കുട്ടികൾ എന്തായിരിക്കും മനസ്സിലാക്കുന്നത്!. അവർ എന്തായിരിക്കും പഠിക്കുന്നത്!. അല്ലാഹ് കാക്കട്ടെ എന്ന് നമുക്ക് ദുഅഃ ചെയ്യാം. അതല്ല ഇനിഎങ്ങാനും വായിൽ തോന്നിയത് പറയുകയും, തനിക്ക് തോന്നുന്നത് ചെയ്യുകയും ചെയ്യുന്ന പണ്ഡിതന്മാരുടെ കൂട്ടത്തിൽ പെട്ട് മരിക്കുന്നതിന് മുമ്പ് തന്നെ വേണ്ടാത്തത് കാണിച്ചു ചത്തുപോയാൽ ഈ പറഞ്ഞ ഉസ്താദ് സ്വർഗത്തിലാണല്ലോ! എന്ന് കരുതി വരും തലമുറയും ഉസ്താദിനെ മാതൃകയക്കിയാൽ !!. മുതിർന്നവർ ഒരു പക്ഷെ ആലങ്കാരികമായി ഉസ്താദ് ഇപ്പോൾ (ദുനിയാവിൽ) സ്വർഗത്തിൽ ആണെന്നാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലക്കിയെക്കാം. കാരണം അവർ കാണുന്ന ഉസ്താദിന് പരിചാരകരുണ്ട്, ആഡംബര, ആർഭാട സൗകര്യങ്ങളിൽ ഇരിപ്പും, കിടപ്പും, നടപ്പും മറ്റു യാത്രകളും. മനസ്സമാധാനം കിട്ടുന്നുണ്ടോ എന്നറിയില്ലെങ്കിലും എപ്പോഴും തിരക്ക്!. സൗകര്യങ്ങളിൽ പലതും വല്ലവൻ്റെം ആണെങ്കിലും ഉപയോഗിക്കുന്നത് ഉസ്ഥാദ് ആണല്ലോ!. വല്ലവരോടും ഇരന്നിട്ടാണെങ്കിലും (പിരിവ്,ഫോട്ടോ/വീഡിയോ പ്രചരണം, ഓൺലൈൻ മജ്‌ലിസ് എല്ലാം പുണ്യമായിട്ടാണല്ലോ കരുതപ്പെടുന്നത്) ഇഷ്ടം പോലെ കാശ്!. ഇതൊക്കെ കൊണ്ട് ഉസ്താദ് ഇപ്പൊ സ്വർഗത്തിലാണ്.. എന്നാണവരുടെ ഉസ്താദ് ഉദ്ദേശിച്ചിട്ടുണ്ടാവുക. മുൻഗാമികൾ നമുക്ക് പഠിപ്പിച്ചു തന്നത് നമ്മൾ ഒരാളെയും സ്വർഗവാസി/ നരകവാസി ആക്കുന്ന സംസാരം വേണ്ട എന്നാണല്ലോ!. അത് അല്ലാഹുവിൽ മാത്രം ഉള്ള അധികാരമായല്ലേ പഠിച്ചിട്ടുള്ളത്.
21/02/2024
സാമൂഹിക നോമ്പ്തുറ.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അല്ലാഹുവിന്റെ മഹത്തായ ഔദാര്യം കൊണ്ട് വീണ്ടും ഒരു റമളാൻ നമ്മിലേക്ക് ആഗതമാകുന്നു. റമളാനിനെ വരവേൽക്കാൻ വീടുകളും, പള്ളികളും പരിസരവും വൃത്തിയാക്കുന്ന തിരക്കിലാണ് പലരും. മനസ്സ് ശുദ്ധിയാക്കുന്ന തിരക്കിലാവാൻ എത്രപേർക്ക് കഴിയും! എന്നത് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ട ഏറ്റവും ഗൗരവപരമായ വിഷയമാണ്. പ്രത്യേകിച്ച് ഈ സമയത്ത് !
ഇസ്‌ലാമിലെ വിധിവിലക്കുകൾ അനുസരിച്ചു കൊള്ളാമെന്നേറ്റവരാണ് മുസ്‌ലീങ്ങൾ. എന്നാൽ അവയിൽ പലതും അവഗണിച്ചു നടക്കുന്നത് കൊണ്ടാണ് ഇന്ന് നമ്മെ അപകർഷതയും ഹീനതയും പിടികൂടിയതെന്ന് നാം നല്ലവണ്ണം ഓർത്തിരിക്കേണ്ടതാണ്. ചിലർ നോമ്പ് നിഷ്കർഷതയോടെ അനുഷ്ഠിക്കുന്നുണ്ടെങ്കിലും നമസ്കാരം തീരെ ഉപേക്ഷിക്കുന്നു. ചിലർ നമസ്കാരത്തിൽ കൃത്യനിഷ്ഠ പാലിക്കുന്നുണ്ടെങ്കിൽ സക്കാത്ത് തീരെ കൊടുക്കുന്നില്ല. ചിലർ ഹജ്ജിന് പോകാൻ വലിയ ഉത്സാഹം കാണിക്കുന്നു. അതേ അവസരത്തിൽ പലിശ ഒട്ടും ഉപേക്ഷിക്കുവാൻ തയ്യാറാകുന്നില്ല. ഇതാണ് നമ്മുടെ ഇന്നത്തെ നില. ഇതുവഴി ഇസ്‌ലാമിനെ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല! യഹൂദികളെ അനുകരിക്കുകയാണ് ചെയ്യുന്നതെന്ന് സഗൗരവം ഓർക്കേണ്ടതാണ്. അനശ്വരമായ പാരത്രിക സൗഭാഗ്യത്തിന് പകരം ക്ഷണികമായ ഭൗതിക ലാഭം അഭിലഷിക്കുന്നവരെ ആരും പരലോകത്ത് വെച്ച് സഹായിക്കുന്നതല്ല അവർക്ക് ശിക്ഷ ലഘൂകരിക്കപ്പെടുന്നതുമല്ല. (2/86)
വിശ്വാസികൾക്ക് മാത്രം പ്രാധാന്യമുള്ള പ്രാർത്ഥനാ സദസ്സുകളിൽ അവിടെ കൂടിയവരെക്കാൾ ഗാംഭീര്യത്തോടെ പൊതുജനം കേൾക്കട്ടെ എന്ന ചിന്തയിൽ മൈക്ക് കെട്ടി അലറുമ്പോൾ, നോമ്പുള്ളവർക്ക് മാത്രം നിർബന്ധമുള്ള നോമ്പ് തുറക്കായി അനാവശ്യമായി കൂപ്പണടിച്ച് പൊതു പിരിവ് നടത്തുമ്പോൾ, റമളാനിലെ വിശ്വാസി സമൂഹത്തിന്റെ ദാന ശീലത്തെ മുതലെടുത്ത് പലതരം ചൂഷണങ്ങൾക്ക് ആത്മീയ മുഖം നൽകി ഒരുക്കുമ്പോൾ, ആളുകളുടെ സമ്പത്ത് മോഹിച്ച് ആത്മീയതയുടെ പേരിൽ മജ്‌ലിസുകൾ ഒരുക്കുമ്പോൾ, സ്വന്തം സഹോദരങ്ങളോടും അയൽക്കാരോടും അനാവശ്യമായി അസൂയയും വെറുപ്പും വിദ്വേഷവും കൊണ്ടു നടക്കുമ്പോൾ ഓർക്കുക, ശുദ്ധി പരിസര ശുദ്ധി മാത്രമായൊതുങ്ങിയോ എന്ന്. നല്ല സ്വഭാവം അതിന്റെ പൂർണ്ണതയിൽ എല്ലാ യോഗ്യതയോടെയും കൂടി ഉയർന്ന് റസൂലുല്ലാഹിയോട് അടുക്കുമ്പോൾ മാത്രമാണ് ഒരാൾ യഥാർത്ഥ വിശ്വാസിയാകുന്നത് എന്ന് തിരിച്ചറിഞ്ഞ് മന:ശുദ്ധി വരുത്താൻ നമുക്കാവണം. പലരും ആലിമല്ലാത്ത പണ്ഡിതൻ മാത്രമായ പല ചൂഷകരെയും കൊണ്ട് നടക്കുന്നത് കാടറിയാത്തവർക്കിടയിൽ കുറുക്കനെ കൊണ്ടുവന്ന് മാൻ പേടയാണെന്ന് പറഞ്ഞ് വളർത്തുന്നത് പോലെയാണ്. കുറുക്കനെ മാനെന്നു വിളിച്ചാലും അതിന്റെ തനതായ സ്വഭാവത്തിലുള്ള കോഴിയെ പിടിക്കുക എന്നതിൽ നിന്നും കുറുക്കൻ ഒഴിവാകാത്ത പോലെ ആലിമാണെന്ന് ധരിച്ച് ഉസ്താദേ എന്ന് വിളിച്ചത് കൊണ്ട് ചൂഷകൻ അവനെയും അവന്റെ സമ്പത്തിനെയും ഒരുപക്ഷെ കുടുംബം തന്നെ നശിപ്പിക്കാതിരിക്കില്ലല്ലോ? പൂർണ്ണമായ നോമ്പ് പിടിക്കുന്നതിനേക്കാൾ നോമ്പ് തുറക്കുമ്പോൾ ഒരുക്കേണ്ട വിഭവങ്ങളെക്കുറിച്ചാണ് അധികവും ഇന്ന് ചർച്ച. നോമ്പ് കൊണ്ട് നമ്മിൽ ആത്മ സംസ്കരണം ഉണ്ടാവുന്നുണ്ടെങ്കിൽ അത് ആദ്യം നിഴലിക്കുന്നത് സ്വഭാവത്തിലായിരിക്കും. നബി സ്വ.അ തങ്ങൾ പഠിപ്പിച്ചത് അംഗീകരിക്കാതെ ആരെയൊക്കെയോ അനുസരിക്കുന്ന നോമ്പ് കാലമായി നമ്മുടെ നോമ്പ് മാറാതിരിക്കട്ടെ....
19/09/2023
പുസ്തക പ്രകാശനം നടത്തി.
---------------------------------------
വടക്കേകാട്: സയ്യിദ് ഫസൽ ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി രചിച്ച കേരളത്തിലെ "ജമലുല്ലൈലി സയ്യിദന്മാർ അഥവാ കടലുണ്ടി തങ്ങന്മാർ" എന്ന പുസ്തകം രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ടി പി അബൂബക്കർ മുസ്ലിയാർ (വന്മേനാട്ഉസ്താദ്) തേഞ്ഞിപ്പലം സയ്യിദ് മുഹമ്മദ് അബ്ദുറഹ്മാൻ ജമലുല്ലൈലിക്ക് ആദ്യ കോപ്പി നൽകി. ഹുസൈൻ അൻവരി കല്ലൂർ പുസ്തക പരിചയം നടത്തി.
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ബാപ്പുട്ടി തങ്ങൾ ജമലുല്ലൈലി, മുല്ലകോയ തങ്ങൾ ജമലുല്ലൈലി, പൂക്കോയ തങ്ങൾ ജമലുല്ലൈലി, സെയ്ദലവിക്കോയ തങ്ങൾ ജമലുല്ലൈലി, മുസ്ഥഫ തങ്ങൾഐ ദറൂസി, അബ്ദു റഊഫ് തങ്ങൾ ഐദറൂസി, അബ്ദുൽ ഖാദിർ സഖാഫി, അഷ്റഫ് ഹാജി, അബ്ദുൽ കരീം നിസാമി, ഹനീഫ കോട്ടയിൽ, അഷറഫ് മൗലവി തുടങ്ങിയവർ സംബന്ധിച്ചു.
20/01/2023
നീചൻമാർ 2️⃣9️⃣
ഫുലാൻ ബിൻ ഫുലാൻ -----------------------------------
പല കൂട്ടങ്ങളും പൈശാചിക സ്വഭാവങ്ങളിൽ പെട്ട കൗശലം, വഞ്ചന എന്നിവകളുടെ സഹായത്താൽ അവരുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടി തിന്മകളെ നന്മകളുടെ സ്ഥാനത്തു വെളിവാക്കുന്നു. ഇതിൽ പെട്ടതാണ് സ്വദേശത്തുനിന്നോ വിദേശത്തുനിന്നോ ഏതെങ്കിലും ഒരു ഫുലാനെ ഇവരുടെ സഭയിൽ പരിചയപ്പെടുത്തി, ശേഷം അയാളെ നൂറ്റാണ്ടുകൾക്ക് മുന്നേ ജീവിച്ചു മറഞ്ഞ ഒരു മഹാന്റെ മകനെപ്പോലെയുള്ള ആളാണെന്നൊ അല്ലെങ്കിൽ പേരക്കുട്ടിയാണെന്നൊ, പാട്ടക്കുട്ടിയാണെന്നൊ പറഞ്ഞു ഇവർ അതിന്റെ വാറോലകളായി നടക്കും. ചില പണ്ഡിതന്മാർ ഇതിന്റെ പിന്നിൽ പല മോഹങ്ങളുമായി പുണ്യവും നുണക്കഥകളും പ്രചരിപ്പിച്ചു കൂടും. ഇത് കണ്ട് പാമരന്മാർ കഥയറിയാതെ കാശുകളഞ്ഞു പലതും മോഹിച്ചു രസത്തിൽ കൂടുകയും ചെയ്യും. പണ്ഡിത പാമര വ്യത്യാസമില്ലാതെ സോഷ്യൽ മീഡിയ പേജുകൾ നിറക്കും. പലരുടെയും സംഗതികളുടെ പരസ്യത്തിന് കൊണ്ടുവന്ന ഫുലാൻ ജി വളർന്നു കൊണ്ടുവന്നവരേക്കാൾ വലിയ പ്രസ്ഥാനമായി മാറും. ഇവരെ വിശ്വസിച്ച
ആളുകൾക്ക് പല പിഴവുകളും സംഭവിക്കുന്നു എന്നതാണ് കഷ്ടം.
എന്നാൽ പൊതുജനങ്ങൾ തിരിച്ചറിയേണ്ട ഒരു കാര്യം, ഒരു യഥാർത്ഥ മുഉമിനായ മനുഷ്യന് യോജിച്ചതല്ല ഇ ഫോട്ടോ പ്രചാരണവും, വീഡിയോ ലൈവും, അന്യ സ്ത്രീ പുരുഷ സങ്കലനവും, ആരാധനകളിൽ മൈക്ക് ഉപയോഗവും തുടങ്ങിയ ആർഭാട ആഡംബര ധൂർത്തുകൾ. പണ്ഡിതന്മാർ മേൽപ്പറഞ്ഞ സ്വഭാവത്തിലുള്ള ദുഷ്ട ചിന്താഗതിക്കാരാണെങ്കിൽ അവരുമായി ചേരുകയോ മറ്റുള്ളവരെ ചേർക്കുകയോ ചെയ്യരുത്. അവർ പണ്ഡിതന്മാരാണെങ്കിലും വസ്ത്രത്തിൽ വൃത്തിയുണ്ടെന്നല്ലാതെ മറ്റുള്ള പല ശുദ്ധികളിൽ നിന്ന് ഒഴിവായതിനാൽ തീർച്ചയായും നീചന്മാർ തന്നെ.
തുടരും....
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kochi