Thrissur Rural Police

Thrissur Rural Police

Share

31/05/2026

*"തൂഫാൻ; ദ നാർക്കോ ഹണ്ട്", 'നമുക്ക് ലഹരിയുടെ വേരറുക്കാം' എന്ന കാപ്ഷനുകളോടെ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും*

*കേരള പോലീസ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തൃശ്ശൂർ റൂറൽ ജില്ലയിലെ 500 സ്കൂളുകളിലെ കുട്ടികൾക്കായി നെയിം സ്ലിപ്പുകൾ വിതരണം ചെയ്യുന്നത്.*

*നെയിംസ്ലിപ്പുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് മാള കോട്ടക്കൽ എസ്. സി.ജി.എച്ച്.എസ് ൽ വെച്ച് യുവജന ക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ ജെ ജനീഷ് നിർവഹിക്കും*

ഇരിങ്ങാലക്കുട : ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥി സമൂഹത്തെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് കേരള പോലീസ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് *"തൂഫാൻ; ദ നാർക്കോ ഹണ്ട്"* എന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശങ്ങളും പോലീസിന്റെ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളും ആലേഖനം ചെയ്ത നെയിം സ്ലിപ്പുകളാണ് തൃശ്ശൂർ റൂറൽ ജില്ലയിലെ 500 സ്കൂളുകളിലെ കുട്ടികൾക്കായി വിതരണം ചെയ്യുന്നത്. സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഇത്തരത്തിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യുക എന്നത് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ ഐ.പി.എസ്.-ന്റെ ആശയമാണ്. പുസ്തകങ്ങളിൽ ഒട്ടിക്കുന്ന ഈ നെയിം സ്ലിപ്പുകൾ വഴി കുട്ടികളിലേക്കും അതുവഴി അവരുടെ കുടുംബങ്ങളിലേക്കും പോലീസിന്റെ സുരക്ഷാ സന്ദേശങ്ങൾ നേരിട്ടെത്തുമെന്നതിനാൽ, ഇത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഒരുപോലെ വലിയ സുരക്ഷാബോധവും ജാഗ്രതയും വളർത്താൻ സഹായിക്കും.

ലഹരി മാഫിയകൾക്കെതിരെ ശക്തമായ പോരാട്ടം നയിക്കുന്നതിനൊപ്പം, കുട്ടികളുടെ മാനസിക ഉല്ലാസത്തിനും സുരക്ഷയ്ക്കും വേണ്ടി കേരള പോലീസ് നടപ്പിലാക്കുന്ന 'ചിരി’ ഹെൽപ്പ് ലൈൻ നമ്പർ *(9497900200)*, ചൈൽഡ്‌ലൈൻ നമ്പർ *(1098)*, സാമ്പത്തിക സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പർ *(1930)*, അടിയന്തിര സാഹചര്യങ്ങളിൽ സഹായം തേടാനുള്ള പോലീസ് കൺട്രോൾ റൂം നമ്പർ *(112)* എന്നിവയും ഈ നെയിം സ്ലിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അഴിമതിക്കെതിരെയുള്ള പ്രത്യേക പദ്ധതിയായ *'പ്രോജക്റ്റ് സീറോ'യുടെ ഹെൽപ്പ് ലൈൻ നമ്പറായ 1064*-ഉം നെയിം സ്ലിപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെ നിലനിൽപ്പിന് തന്നെ അത്യാവശ്യമാണ്. ഇന്നത്തെ സമൂഹത്തിൽ മയക്കുമരുന്നും മാരകമായ രാസലഹരികളും വലിയ ദുരന്തങ്ങളാണ് വിതയ്ക്കുന്നത്. കൗതുകത്തിന് വേണ്ടി ഒരു തവണ മാത്രം ഉപയോഗിച്ചാൽ പോലും കടുത്ത അടിമത്തത്തിലേക്ക് നയിക്കുന്ന ഇത്തരം ലഹരിവസ്തുക്കൾ കുട്ടികളുടെ ഭാവിയും ജീവിതവും ഇരുളടഞ്ഞതാക്കി മാറ്റും. *വിദ്യാലയങ്ങളെയും കലാലയങ്ങളെയും ഈ ലഹരിവിപത്തിൽ നിന്ന് പൂർണ്ണമായും മോചിപ്പിക്കാനാണ് 'തൂഫാൻ; ദ നാർക്കോ ഹണ്ട്' എന്ന പദ്ധതിയിലൂടെ കേരളാ പോലീസ് ലക്ഷ്യമിടുന്നത്.*

സ്കൂൾ പരിസരങ്ങളിലോ സമൂഹത്തിലോ ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വിവരങ്ങൾ ഉടനടി പോലീസിനെ അറിയിക്കാവുന്നതാണ്. ഇതിനായി പോലീസിന്റെ 'YODHAV' (യോദ്ധാവ്) വാട്‌സ്ആപ്പ് നമ്പർ ആയ 9995966666 ലേക്ക് 24 മണിക്കൂറും വിവരങ്ങൾ കൈമാറാം. ശബ്ദസന്ദേശം, ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ വഴി മാത്രം വിവരങ്ങൾ കൈമാറാൻ സാധിക്കുന്ന ഈ സംവിധാനത്തിലൂടെ വിവരങ്ങൾ നൽകുന്ന വ്യക്തികളുടെ പേരോ മറ്റ് വിശദാംശങ്ങളോ പൂർണ്ണമായും അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും, ലഹരിമുക്തമായ ഒരു നല്ല നാളേയ്ക്കായി എല്ലാവരും ഈ കാമ്പയിനിൽ പങ്കാളികളാകണമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. അറിയിച്ചു.

29/05/2026

അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാൽ ഉടൻ നിങ്ങൾക്ക് 112 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.

കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസുകാർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്ന നമ്പറിൽ നിന്നും എമർജൻസി നമ്പറിലേയ്ക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
#112

26/05/2026

പോലീസിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട് അഴിമതി ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ താഴെപ്പറയുന്ന നമ്പറുകളിൽ അറിയിക്കേണ്ടതാണ്..
ടോള്‍ ഫ്രീ - 1064, 8592900900
വാട്സാപ്പ് - 9447789100

Want your organization to be the top-listed Government Service in Irinjalakuda?
Click here to claim your Sponsored Listing.

Telephone

Address


Irinjalakuda
680125