Anup Jose
28/06/2026
കോട്ടയം വഴി യാത്ര ചെയ്യുമ്പോൾ ഇങ്ങനെ ഉള്ള ഹോർഡിങ്സ് ശ്രദ്ധിച്ചിട്ടുണ്ടോ, കോട്ടയത്തു മാത്രമല്ല ഇപ്പോൾ മറ്റ് പല ജില്ലകളിലും ഉണ്ടെന്ന് തോന്നുന്നു,
പ്രൊഫഷണൽ മോഡലുകളെ ഒഴിവാക്കി സ്വന്തം കസ്റ്റമറുടെ ഫോട്ടോയാണ് ഇതിലൊക്കെ ഉപയോഗിച്ചിട്ടുള്ളത്.
ഇതൊരു കിടിലൻ ബിസിനസ് തന്ത്രം കൂടിയാണ്, തന്ത്രം എന്നൊക്കെ പറയുമ്പോ ഒരു നെഗ് വൈബ് ആണേലും അങ്ങനെ ഒന്നും കൂട്ടേണ്ട, it's something brilliant...
ഇത് ചങ്ങനാശ്ശേരിയിൽ ഉള്ള MLoft എന്ന സ്ഥാപനത്തിന്റെയാണ്, സ്ത്രീകൾക്ക് വേണ്ടിയുള്ള boutique ആണെങ്കിലും ഇതിന്റെ സ്ഥാപകൻ ഒരു യുവാവ് ആണ്, ഈ സ്ഥാപനം ഉണ്ടായതും വളർന്നു വലുതായതും നല്ല രസമുള്ള ഒരു കഥയാണ്.
ജോയലിന്റെ തുടക്കം എന്നത് ഒരുപാട് അബദ്ധങ്ങളിൽ നിന്നാണ്. വീട്ടുകാരുടെ താല്പര്യപ്രകാരം ഒരു ഡോക്ടർ ആകാൻ വേണ്ടി BDS പഠിക്കാൻ പോയതാണ് ആദ്യത്തെ അബദ്ധം. രണ്ട് വർഷമെടുത്തു തന്നെക്കൊണ്ട് ഇത് കൂട്ടിയാൽ കൂടില്ല എന്ന് മനസിലാക്കാൻ.
അങ്ങനെ ആ കോഴ്സ് ഉപേക്ഷിച്ചു ബാംഗ്ലൂർക്ക് വണ്ടി കയറി, BBA പഠിക്കാൻ, തുടർന്ന് വിദേശത്തു എവിടെയെങ്കിലും പോയി MBA പഠിച്ച് അവിടെ തന്നെ ഒരു ജോലിയും നേടുക എന്നതായിരുന്നു ജോയലിന്റെ ലക്ഷ്യം.
ഇതിനിടയിൽ സൗദിയിൽ ജോലി ചെയ്യുന്ന അച്ഛനെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ കുറച്ചു പോക്കറ്റ് മണി ഒപ്പിക്കാനുള്ള ശ്രമത്തിലാണ് ജോയൽ വസ്ത്രവ്യാപാര രംഗത്തേക്ക് ആദ്യമായി ചുവട് വയ്ക്കുന്നത്.
അങ്ങനെ പറയുമ്പോൾ വലിയ കച്ചവടം എന്നൊക്കെ തോന്നുമെങ്കിലും അങ്ങനെ വലുത് ഒന്നുമല്ല, നല്ല വസ്ത്രങ്ങൾ നോക്കി തിരഞ്ഞെടുക്കാൻ ജോയലിന് ഒരു പ്രിത്യേക കഴിവ് ഉണ്ടായിരുന്നു. അവ തന്റെ അധ്യാപികമാർക്ക് നൽകിയാണ് ജോയൽ പോക്കറ്റ് മണി ഒപ്പിച്ചിരുന്നത്.
BBA ക്ക് ശേഷം പുറത്തേക്ക് പോകാനിരുന്ന ജോയൽ തന്റെ കുടുംബത്തോട് ഒപ്പം നാട്ടിൽ തന്നെ തുടരാം എന്ന് തീരുമാനിച്ചു ബാംഗ്ലൂരിൽ തന്നെ MBA ചെയ്യാൻ അഡ്മിഷൻ എടുത്തു.
ആ സമയത്താണ് ജോയലിന്റെ അച്ഛന് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്നത്. അതേ തുടർന്ന് കുടുംബത്തിന്റെ ചിലവുകൾ നടന്നു പോകാൻ വേണ്ടി നാട്ടിൽ ഒരു ചെറിയ ചുരിദാർ വിൽക്കുന്ന കട തുടങ്ങാൻ ജോയൽ പദ്ധതി ഇടുന്നു.
അമ്മയും ഒരു കസിനും കൂടി ചേർന്ന് കടയിൽ കച്ചവടം കൈകാര്യം ചെയ്യുകയും ബാംഗ്ലൂർ നിന്ന് ജോയൽ സാധനങ്ങൾ കയറ്റി വിടുകയും ചെയ്യാൻ ആയിരുന്നു പ്ലാൻ. എന്നാൽ തുടക്കത്തിലെ പ്രയാസം കണക്കിലെടുത്തു തന്റെ MBA പഠനം ഒരു വർഷത്തേക്ക് കൂടി മാറ്റി വച്ചിട്ട് ജോയൽ തിരിച്ചു നാട്ടിലേക്ക് വണ്ടി കയറി.
എന്നിട്ട് നേരെ പോയി മുൻസിപ്പാലിറ്റി നമ്പർ പോലും നല്കാത്ത ഒരു കെട്ടിടത്തിനു അഡ്വാൻസും നൽകി കാത്തിരിക്കാൻ തുടങ്ങി. അങ്ങനെ അതൊരു വഴിക്ക് നടക്കില്ല എന്ന് മനസിലായപ്പോഴാണ് സ്റ്റിച്ചിങ് സെന്റർ ആക്കാൻ വേണ്ടി എടുത്തിരുന്നു ഒരു ഗോഡൗൺ സ്പേസ് തന്നെ എന്തുകൊണ്ട് ഷോപ്പ് ആക്കിക്കൂടാ എന്നൊരു പ്ലാൻ വന്നത്.
അതാണെങ്കിൽ ചങ്ങനാശ്ശേരി ചന്തയുടെ ഉള്ളിലും, ഒരു തരത്തിലും ഒരു textile shop തുടങ്ങാൻ പറ്റിയ സ്ഥലമേ അല്ല, ബിസിനസ്സ് അറിയുന്ന ഒരാളും അവിടെ അങ്ങനെ ഒരു സാഹസത്തിനു മുതിരില്ല..
ഒരു കോഴ്സ് പകുതിക്ക് കളഞ്ഞു അടുത്ത കോഴ്സ് കഴിഞ്ഞിട്ടും ജോലിക്ക് പോകാതെ നാട്ടിൽ ചന്തയുടെ ഉള്ളിൽ എന്തോ പരിപാടി തുടങ്ങാൻ പോകുന്നു, നാട്ടുകാർക്ക് പുച്ഛിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണോ, ഒരാൾ സംരംഭകൻ ആകാൻ ഇറങ്ങുമ്പോൾ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കാൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ഇത്തരത്തിൽ ആളുകൾ ചേർന്ന് ഉണ്ടാക്കുന്ന ഒരു പ്രഷർ സിറ്റുവേഷൻ ആണ്.
ബിസിനസ്സ് ചെയ്ത് ഇത്തിരി പണവും പ്രശസ്തി ഒക്കെ ആയിക്കഴിഞ്ഞാൽ ഇതിലൊന്നും വലിയ കാര്യമില്ല എന്നൊക്കെ നമ്മൾക്ക് മനസ്സിലാകും, പക്ഷേ തുടക്കക്കാരെ സംബന്ധിച്ചു ആദ്യത്തെ പുച്ഛം പരിഹാസം എന്നിവയെ നേരിടുക, സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കുക എന്നതൊക്കെ ഇത്തിരി കടുപ്പമാണ്.
അങ്ങനെ ചന്തയുടെ ഉള്ളിൽ കട തുടങ്ങി, പക്ഷേ വീണ്ടും വീണ്ടും ചെയ്യുന്നത് ഒക്കെ ഓരോ അബദ്ധങ്ങൾ ആയിരുന്നെങ്കിലും പതിയെ കച്ചവടം ലഭിച്ചു തുടങ്ങി.
നമ്മൾ ഏതെങ്കിലും കാര്യത്തിൽ ആത്മാർത്ഥമായി പരിശ്രമിച്ചാൽ ചില സമയങ്ങളിൽ നമ്മൾക്ക് ഒരു ഉൾവിളി കേൾക്കാൻ കഴിയും. അതുപോലെ ഒരു ഉൾവിളിയാണ് ജോയലിന് നല്ലൊരു ബ്രേക്ക് നൽകിയത്.
ഒരിക്കൽ ബാംഗ്ലൂർ പോയപ്പോൾ ഒരു കടയിൽ കുറച്ചു സാരികൾ ഇരിക്കുന്നത് കണ്ടപ്പോൾ ജോയലിന് അവ വാങ്ങാൻ തോന്നി. പത്തിരുപതിനായിരം രൂപ ഒക്കെ വില വരുന്ന മന്ത്രകോടി പോലത്തെ സാരികൾ ആയിരുന്നു അവ.
ചന്തയുടെ ഉള്ളിലെ ഒരു കൊച്ചു കടയിൽ ആരെങ്കിലും മന്ത്രാകോടി എടുക്കാൻ വരുമോ എന്ന് ലോജിക്കൽ ആയിട്ട് ചിന്തിച്ചാൽ ഇതൊന്നും ആരും ചെയ്യില്ല, പക്ഷേ ജോയലിന് എന്തോ അങ്ങനെ തോന്നി, അവ വാങ്ങി.
പക്ഷേ അത് വാങ്ങാൻ ആരും വന്നില്ലെങ്കിലും മറ്റൊരാൾ എല്ലായിടത്തും വന്നിട്ടുണ്ടായിരുന്നു, സാക്ഷാൽ കോവിഡ്. ലോക്ക്ഡൌൺ കാരണം കടയും പൂട്ടി വീട്ടിൽ ഇരിക്കുമ്പോഴാണ് ജോയലിന് അടുത്ത ഉൾവിളി ലഭിക്കുന്നത്.
നേരത്തെ വാങ്ങിയ ആ 10 സാരിയും വീട്ടിൽ ഇരിപ്പുണ്ടായിരുന്നു, അവ എങ്ങനെയെങ്കിലും വിറ്റ് പോകുമോ എന്നറിയാൻ വെറുതെ ഒരു വീഡിയോ ഉണ്ടാക്കി ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചു.
അതേ തുടർന്ന് ഒരു പെൺകുട്ടി വിളിച്ചു അതിൽ ഒരു സാരി നേരിട്ട് കണ്ട് ഇഷ്ടപ്പെട്ട വാങ്ങി. തുടർന്ന് ആ പെൺകുട്ടിയുടെ ഒരു സുഹൃത്തും ഇതേപോലെ വിവാഹ ആവശ്യത്തിനായി ജോയലിന്റെ പക്കൽ നിന്നും സാരി വാങ്ങി.
ലോക്ക്ഡൌൺ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് സോഷ്യൽ മീഡിയയുടെ മുന്നിൽ ആയിരുന്നല്ലോ, അവരുടെ മുന്നിലേക്കാണ് ഈ പെൺകുട്ടികളുടെ നല്ല വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ചെന്നെത്തിയത്.
അതായത് ഫ്രീ മാർക്കറ്റിംഗ്, അല്ലെങ്കിൽ മോഡൽ, ഫോട്ടോഗ്രാഫർ ഒക്കെ പണം നൽകി ചിത്രീകരിക്കേണ്ട പരസ്യമാണ് ഓരോ സാരി വിറ്റ് പോകുമ്പോഴും കിട്ടുന്നത്.
അതിൽ MLoft ക്ലിക്ക് ആയി, തുടർന്ന് ബാംഗ്ലൂർ നിന്ന് സാരികൾ വരുന്നതും പോകുന്നതും ഒരേപോലെ ആയിരുന്നു.
അടുത്ത ഒരു ബ്രേക്ക് ലഭിച്ചത് സിനിമ നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ വിവാഹത്തിന് ഒരാൾക്ക് വേണ്ടി എന്തോ സാരി ജോയലിന്റെ പക്കൽ നിന്ന് വാങ്ങുകയും, അത് ഇഷ്ടപ്പെട്ടിട്ട് ബാക്കി എല്ലാവരും വാങ്ങി, അതിൽ അഹാന കൃഷ്ണ ധരിച്ചിരുന്ന സാരി വളരെയധികം വൈറൽ ആകുകയും ചെയ്തു.
അതേ തുടർന്ന് സെലിബ്രിറ്റികളുടെ ഓർഡറുകളും ജോയലിനെ തേടി വരാൻ തുടങ്ങി.
അങ്ങനെ ചന്തയുടെ ഉള്ളിലെ ഗോഡൗൺ സ്പേസിൽ നിന്നും എംസി റോഡരികിൽ ഉള്ള അഞ്ച് നിലയുള്ള കെട്ടിടത്തിലേക്ക് ഷോപ്പ് മാറി, ഏതാണ്ട് 120 ന് മുകളിൽ ആളുകൾക്കു ജോലി നൽകുന്ന ഒരു വിജയിച്ച സംരംഭകനായി ജോയൽ ഇന്ന് മാറി.
തൊട്ടതെല്ലാം പൊന്നാക്കുന്ന ആളുകളെ കുറിച്ച് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്, പക്ഷേ എവിടെ എപ്പോൾ തൊടണം എന്നതിന് അവരെ പ്രാപ്തരാക്കിയ ഒന്നുണ്ടാവും, അത് എവിടെ തൊട്ടാലും പിഴക്കുന്ന കുറെ അനുഭവങ്ങളിൽ നിന്നുമുള്ള പാഠമാണ്.
തെറ്റുകൾ പറ്റുക സ്വഭാവികമാണ് പക്ഷേ അതിനെ പേടിച്ചു ഒന്നും ചെയ്യാതിരുന്നാൽ ഒന്നും നടക്കുകയില്ല, തെറ്റുകൾ ആവർത്തിച്ചു ചെയ്ത് ഒടുവിൽ അതിൽ നിന്നാണ് ശരികൾ മാത്രം തിരഞ്ഞെടുക്കാൻ നമ്മൾ പഠിക്കുന്നത്.
ഇനി തുടക്കത്തിൽ പറഞ്ഞ ഹോർഡിങ്ങിലെ ബിസിനസ്സ് strategy, മിക്കവാറും ആളുകളുടെ ഉള്ളിൽ ഇങ്ങനെ ഒരു മോഡൽ ആയിട്ട് ഫോട്ടോ വന്നിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹങ്ങൾ ഉണ്ടായിരിക്കും.
അതിന് ഏറ്റവും എളുപ്പ വഴിയായി മാറി MLoft, അവിടെ നിന്ന് സാരി വാങ്ങിയാൽ ഇങ്ങനെ ഒരു കാര്യം നടക്കും എന്നത് ഒന്നുകൂടി പെൺകുട്ടികളെ അവിടേക്ക് അടുപ്പിക്കുന്നു, പിന്നെ ഇതൊരു പുതിയ ആശയമാണ് അതിന്റെ സ്വീകാര്യതയും ഉണ്ട്,
ഇനി business perspective വച്ചിട്ട് നോക്കിയാൽ, മോഡൽ വേണ്ട ഫോട്ടോഗ്രാഫർ വേണ്ട, മോഡലിന്റെ മേക്കപ്പ് വേണ്ട, ഇതൊന്നും ഇല്ലാതെ തന്നെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ മികച്ച ചിത്രങ്ങൾ ലഭിക്കും, നേരെ പ്രിന്റ് അടിച്ചു അങ്ങ് റോഡ് സൈഡിൽ വച്ചാൽ മതി.
It's a brilliant idea...
✍🏻 Anup Jose
26/06/2026
പണ്ടൊരിക്കൽ എന്തോ ഡ്രസ്സ് വാങ്ങിയിട്ട് ബില്ല് ചെയ്യാൻ വേണ്ടി ക്യു നിൽക്കുകയായിരുന്നു. എന്റെ മുന്നിൽ നിൽക്കുന്ന ആൾ കുറെയധികം സാധനങ്ങൾ വാങ്ങിയിട്ട് ഉണ്ടായിരുന്നു.
ബില്ല് ചെയ്യുന്നതിന് മുൻപ് അദ്ദേഹത്തിനോട് കവർ വേണോ എന്നൊരു ചോദ്യം ചോദിക്കുന്നതും കേട്ടു, പിന്നെ അദ്ദേഹം അങ്ങോട്ട് ദേഷ്യപ്പെടുന്നതാണ് കാണുന്നത്. ഇത്രയും രൂപയ്ക്ക് സാധനം വാങ്ങിയിട്ട് ഒരു കവർ പോലും നിങ്ങൾക്ക് വെറുതെ തരാൻ കഴിയില്ലെങ്കിൽ എനിക്ക് നിങ്ങളുടെ സാധനം ഒന്നും വേണ്ടാ എന്നും പറഞ്ഞിട്ട് അദ്ദേഹം അവിടെ നിന്ന് ഇറങ്ങിപ്പോയി.
ഇതേ വിഷയം പലരും പറഞ്ഞു കേട്ടിട്ടുണ്ട്, zudio, reliance ട്രെൻഡ്സ് പോലെയുള്ള സ്ഥാപനങ്ങളിൽ കവർ കൂടി പത്തു രൂപയെങ്കിലും നൽകി വാങ്ങണം, അല്ലെങ്കിൽ വാങ്ങിയ സാധനം വെറുതെ കയ്യിൽ പിടിച്ചു നടക്കണം.
പക്ഷേ ഇതിന് പിന്നിൽ കൃത്യമായ ചില ബിസിനസ്സ് തന്ത്രങ്ങളും (Business Models), നിയമപരമായ കാരണങ്ങളും, പരിസ്ഥിതി ബോധവൽക്കരണവുമൊക്കെ ഉണ്ട്.
Zudio എന്ന ബ്രാൻഡിന് ഏതാണ്ട് ആയിരത്തിന് അടുത്ത് ഷോപ്പ് ഉണ്ട് ഇന്ത്യയിൽ. അവരുടെ വിപണന തന്ത്രം കുറഞ്ഞ വിലയിൽ മെച്ചപ്പെട്ട വസ്ത്രങ്ങൾ നൽകുക എന്നതാണ്.
അതിനായ് അവർ വളരെ ചെറിയ പ്രോഫിറ്റ് മാർജിൻ മാത്രമേ ഈടാക്കുന്നുള്ളു, ചിലപ്പോൾ ഒരു കവറിന്റെ വിലയെക്കാൾ താഴെ ആയിരിക്കാം, പക്ഷേ ഇത്രയും ഷോപ്പുകൾ ഉള്ളതുകൊണ്ട് വലിയ അളവിൽ വിറ്റഴിക്കാൻ കഴിയുന്നത് കൊണ്ടാണ് അവർക്ക് ലാഭം ഉണ്ടാവുന്നത്.
ഒരു 10 രൂപ അവരുടെ പ്രോഫിറ്റിൽ നിന്ന് എടുത്തുകൂടെ എന്ന് വിചാരിച്ചാൽ, ഒരു ദിവസം ലക്ഷക്കണക്കിന് ആളുകൾ വന്ന് സാധനം വാങ്ങുന്ന ഒരു വലിയ ചെയിൻ സ്റ്റോറിന് ഈ 10 രൂപ എന്നത് മാസം തോറും കോടിക്കണക്കിന് രൂപയുടെ എക്സ്ട്രാ ചിലവായി മാറും.
അതുകൂടാതെ ആളുകൾ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് കുറയ്ക്കാനും, സ്വന്തമായി സഞ്ചി/ബാഗ് വീട്ടിൽ നിന്ന് കരുതുന്നത് പ്രോത്സാഹിപ്പിക്കാനും വേണ്ടി കവറുകൾക്ക് പണം ഈടാക്കണമെന്ന് റീട്ടെയിൽ കമ്പനികളോട് സർക്കാർ വക നിർദ്ദേശവുമുണ്ട്.
പക്ഷേ ഒരു കാര്യത്തിൽ zudio വളരെ ഡീസന്റ് ആണ്, മറ്റ് പലരും നമ്മൾ പണം കൊടുത്ത് വാങ്ങുന്ന കവറിൽ അവരുടെ ബ്രാൻഡ് നെയിം കൂടി പ്രിന്റ് ചെയ്താണ് തരുന്നത്.
കൺസ്യൂമർ ഫോറത്തിന്റെ നിയമപ്രകാരം കമ്പനികൾക്ക് അവരുടെ ബ്രാൻഡ് ലോഗോ ഉള്ള കവറുകൾ പണം വാങ്ങി ഉപഭോക്താക്കൾക്ക് നൽകാൻ അനുവാദമില്ല.
സുഡിയോ ലോഗോ ഇല്ലാത്ത പ്ലെയിൻ കവർ നൽകുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം ഇതാണ്. അവർ നിയമം കൃത്യമായി പാലിക്കുന്നുണ്ട്.
നിങ്ങൾ ഷോപ്പിംഗിന് പോകുമ്പോൾ സ്വന്തമായി ബാഗ് കൊണ്ടുപോകാറുണ്ടോ? അതോ 10 രൂപ കൊടുത്ത് കവർ വാങ്ങാറാണോ? അതിനേക്കാൾ പ്രധാനമായി, കവർക്ക് പണം വാങ്ങുന്നത് ശരിയായ തീരുമാനമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
✍🏻 Anup Jose
26/06/2026
കഴിഞ്ഞ വർഷം ഒരു പുസ്തക Giveaway പ്രഖ്യാപിച്ചിരുന്നു. പക്ഷേ പിന്നീട് തിരക്കുകൾക്കിടയിൽ അത് ഫോളോ അപ്പ് ചെയ്യാൻ കഴിഞ്ഞില്ല.
സത്യത്തിൽ അത് എന്റെ ഭാഗത്തുനിന്നുള്ള ഒരു വീഴ്ച തന്നെയായിരുന്നു. അതിന് അന്ന് പങ്കെടുത്ത എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
അതിനാൽ ഇത്തവണ അതേ Giveaway ഒന്നുകൂടി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ഇത്തവണ വിജയികളെ പ്രഖ്യാപിച്ചതിന് ശേഷം പുസ്തകങ്ങൾ അയച്ചുകൊടുത്തതിന്റെ ചിത്രങ്ങളും ഇവിടെ പങ്കുവയ്ക്കും.
ഈ കാര്യം പൂർത്തിയാക്കിയ ശേഷം മാത്രമേ അടുത്ത Giveaway നടത്തൂ.
Giveaway Book
ശ്രീ രത്തൻ ടാറ്റയുടെ ജീവിതകഥ.
മാതൃഭൂമി ദിനപ്പത്രത്തിന്റെ പ്രതിവാര ബിസിനസ് പേജായ 'ധനകാര്യം' എന്നതിന്റെ ഏകോപകനും സാമ്പത്തിക മാധ്യമപ്രവർത്തകനുമായ ശ്രീ R. റോഷൻ എഴുതിയ പുസ്തകമാണിത്.
സംരംഭകത്വം, നേതൃത്വം, തീരുമാനങ്ങൾ, മൂല്യങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വായിച്ചിരിക്കേണ്ട ഒരു മികച്ച പുസ്തകം.
ഈ പുസ്തകം 10 പേർക്കാണ് സൗജന്യമായി നൽകുന്നത്. Give away ൽ പങ്കെടുക്കാൻ ചെയ്യേണ്ടത്:
ഈ പോസ്റ്റ് ലൈക്ക് ചെയ്യുക.
കമന്റിൽ "രത്തൻ ടാറ്റ" എന്ന് എഴുതുക.
Anup Jose R.Roshan ഈ രണ്ട് പേജുകളും Follow ചെയ്യുക.
വിജയികളെ July 7 ന് പ്രഖ്യാപിക്കുന്നതാണ്.
വായനയിലൂടെ ലഭിക്കുന്ന അറിവിനേക്കാൾ വലിയ സമ്മാനം മറ്റൊന്നുമില്ലെന്നാണ് എന്റെ വിശ്വാസം.
എല്ലാവർക്കും ആശംസകൾ. ❤️
24/06/2026
ഇന്ന് രാവിലെ ജിമ്മിൽ നിന്ന് മടങ്ങി വരുന്ന വഴിക്ക് ഞാനൊരു കാഴ്ച കണ്ടു, ഒരു പ്രായമായ സ്ത്രീ, ഏതാണ്ട് 70ന് മുകളിൽ പ്രായം ഉണ്ടാവും, തലയിൽ ഒരു ചട്ടിയും ചുമന്നു നടക്കുന്നു...
ഇതൊക്കെ നമ്മുടെ ചുറ്റും പതിവ് കാഴ്ച തന്നെയാണ്, പക്ഷേ ഞാൻ ഒരു കാര്യം കൂടി ആലോചിച്ചു, എന്തുകൊണ്ടാണ് ഇവർക്ക് ഈ ഒരു പ്രായത്തിലും ഇങ്ങനെ കഷ്ടപ്പെട്ട് പണി എടുക്കേണ്ടി വരുന്നത്,
ഒരുപക്ഷെ മക്കൾ ഉണ്ടാവില്ല, അല്ലെങ്കിൽ അവരുടെ വരുമാനം പോരാതെ വരുന്നുണ്ടാവും, പക്ഷേ ഇവരൊക്കെ ഇനിയും എത്ര കാലം ഇങ്ങനെ ജോലി ചെയ്യേണ്ടി വരും,
ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടാക്കാൻ കഴിയുമെങ്കിൽ അത് എങ്ങനെ ആയിരിക്കും, എന്നൊക്കെ ചിന്തിച്ചു, ഇതൊക്കെ ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുന്നതല്ല സർക്കാർ തലത്തിൽ മാത്രമേ നടക്കുകയുള്ളു.
തുടർന്ന് ഞാൻ ഇതേ വിഷയത്തിൽ വികസിത രാജ്യങ്ങളിൽ എന്താണ് ചെയ്യുന്നതെന്ന് ഒന്ന് തിരഞ്ഞു നോക്കി.
വികസിത രാജ്യങ്ങളായ നോർവേ, സ്വീഡൻ, ജർമ്മനി, ജപ്പാൻ, യുകെ, കാനഡ എന്നിവിടങ്ങളിൽ കണ്ട ചില മാതൃകകൾ നന്നായി തോന്നി. അവിടെയൊക്കെ പ്രായമായവരുടെ സംരക്ഷണം കേവലം കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ചു ഭരണകൂടത്തിന്റെ വലിയൊരു കടമയാണ്.
അവിടെ എല്ലാ പൗരന്മാരും Universal pension, social security എന്നിവയ്ക്ക് അർഹരാണ്. ഒരു വ്യക്തി തന്റെ ജീവിതകാലത്ത് ജോലി ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതിനപ്പുറം, ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ ജീവിക്കാനുള്ള അടിസ്ഥാന തുക സർക്കാർ ഇത്തരത്തിൽ പെൻഷൻ ആയി നൽകും.
പ്രായമാകുമ്പോൾ വരവുന്ന എല്ലാ രോഗങ്ങൾക്കും ചികിത്സ, മരുന്നുകൾ, സർജറി എന്നിവ പൂർണ്ണമായും സൗജന്യമായിരിക്കും.
ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ long term care insurance എന്നൊരു സംവിധാനമുണ്ട്, ഇതനുസരിച്ച് ശാരീരികമായി വയ്യാതാകുന്നവർക്ക് വീട്ടിൽ വന്ന് പരിചരിക്കാൻ ഉള്ള നഴ്സുമാരുടെ സേവനവും ലഭിക്കും.
അടുത്ത ഒരു പദ്ധതിയാണ് കമ്മ്യൂണിറ്റി കെയർ & ഹോം അസിസ്റ്റൻസ്. അതായത് സ്വന്തം വീട്ടിൽ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്ന പ്രായമായവർക്കായി കമ്മ്യൂണിറ്റി നഴ്സുമാരും വളണ്ടിയർമാരും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീട്ടിലെത്തും.
അവർക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകുക, വീട് വൃത്തിയാക്കുക, ബാങ്കിലോ ആശുപത്രിയിലോ പോകാൻ സഹായിക്കുക എന്നിവയെല്ലാം ഈ കമ്മ്യൂണിറ്റി സംവിധാനത്തിന്റെ ചുമതലയാണ്.
ഇനി സ്വന്തം വീട് ഇല്ലാത്തവർക്ക് വേണ്ടി വയോജന സൗഹൃദ പാർപ്പിടങ്ങളുണ്ട്, വീട് ഇല്ലാത്തവർക്ക് മാത്രമല്ല വീട്ടിൽ ഒറ്റയ്ക്കായ് പോയ പ്രായമായവർക്കും ഇത്തരം സർക്കാർ സംവിധാനങ്ങളിൽ താമസിക്കാം. ഇത് നമ്മൾ കാണുന്ന പഴയകാല വൃദ്ധസദനങ്ങൾ പോലെയല്ല.
അവർക്ക് സ്വയംഭരണാധികാരമുള്ള (Independent) മുറികൾ, കൃത്യസമയത്ത് ഭക്ഷണം, വൈദ്യസഹായം, കൂട്ടിരിക്കാൻ ആളുകൾ, വിനോദോപാധികൾ എന്നിവയെല്ലാം അടങ്ങിയ ആധുനിക സംവിധാനങ്ങളായിരിക്കും ഇവ.
തീർന്നില്ല ഒരെണ്ണം കൂടിയുണ്ട്, നിയമപരമായ സംരക്ഷണം, മക്കളോ ബന്ധുക്കളോ പ്രായമായവരെ ഉപേക്ഷിക്കുകയോ അവരുടെ സ്വത്തുക്കൾ തട്ടിയെടുക്കുകയോ ചെയ്താൽ കർശനമായ നിയമനടപടികളുണ്ടാകും. പല വികസിത രാജ്യങ്ങളിലും 'Elder Abuse' (വയോജന പീഡനം) വലിയൊരു കുറ്റകൃത്യമാണ്.
ഇതൊക്കെ വായിച്ചപ്പോൾ എല്ലാം ഒന്നിനൊന്നു മികച്ചതായി തോന്നി. എന്നാൽ നമ്മൾ ഒരു വികസിത രാജ്യമായി മാറിയിട്ടില്ല, അതിനാൽ നല്ലതാണെങ്കിലും ഇവയൊക്കെ ഇതേപോലെ നമ്മുടെ നാട്ടിൽ നടപ്പാക്കുന്നത് ഇപ്പോൾ പ്രായോഗികമല്ല.
തുടർന്ന് നിലവിലെ അവസ്ഥയിൽ ഇതേ മാതൃകയിൽ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് വെറുതെ ഒന്ന് ആലോചിച്ചു നോക്കിയത് കൂടി താഴെ ചേർക്കുന്നു.
ആദ്യമായി ഒരു വാർഡ് തലത്തിലുള്ള ഡാറ്റാബേസ് നിർമ്മിക്കണം. ഇതിനായി ഓരോ പഞ്ചായത്തിലും/വാർഡിലും 65 വയസ്സിന് മുകളിൽ പ്രായമുള്ള, സംരക്ഷിക്കാൻ ആളില്ലാത്തവരോ സ്വന്തമായി വരുമാനമില്ലാത്തവരോ ആയ ആളുകളുടെ കൃത്യമായ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (പഞ്ചായത്ത്/മുൻസിപ്പാലിറ്റി) തയ്യാറാക്കണം.
ആശാ വർക്കർമാർ അല്ലെങ്കിൽ കുടുംബശ്രീ വഴി ഇത്തരം വയോധികർക്ക് ദിവസേനയോ ആഴ്ചയിലോ ഭക്ഷണം, മരുന്ന് എന്നിവ ഉറപ്പാക്കുന്ന ഒരു പ്രാദേശിക നെറ്റ്‌വർക്ക് ഉണ്ടാകണം.
ഇതിനെപ്പറ്റി തിരഞ്ഞപ്പോൾ കണ്ട ഒരു പദ്ധതിയാണ്, പകൽ വീടുകൾ. ഇങ്ങനെ ഒരു പദ്ധതി നമ്മുടെ കേരളത്തിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും (പഞ്ചായത്ത്/മുൻസിപ്പാലിറ്റി) സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഒട്ടുമിക്ക പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവർത്തിക്കുന്നുണ്ട്.
ഇതിന്റെ പ്രവർത്തന രീതി ലളിതമാണ്, രാവിലെ മക്കളൊക്കെ ജോലിക്ക് പോകുമ്പോൾ പ്രായമായവർ ഒറ്റപ്പെട്ടുപോകാതിരിക്കാൻ അവരെ ഇവിടെ കൊണ്ടുവിടാം. വൈകുന്നേരം തിരികെ കൂട്ടിക്കൊണ്ടുപോകാം. പൂർണ്ണമായും സൗജന്യമായാണ് ഇത് പ്രവർത്തിക്കുന്നത്.
പകൽ സമയത്തെ ഭക്ഷണം, വിശ്രമിക്കാനുള്ള സൗകര്യം, പത്രങ്ങൾ, ടിവി, ഇൻഡോർ ഗെയിംസുകൾ (കാരംസ്, ചെസ്സ് പോലുള്ളവ) എന്നിവ ഇവിടെ ഉണ്ടാകും.
ആഴ്ചയിലോ മാസത്തിലോ 'വയോമിത്രം' പദ്ധതിയുടെ ഭാഗമായി ഡോക്ടർമാർ ഇവിടെ എത്തി സൗജന്യ ആരോഗ്യപരിശോധനയും മരുന്നുകളും നൽകാറുണ്ട്.
പലർക്കും ഇതിനെക്കുറിച്ച് വലിയ ധാരണയില്ല എന്നതാണ് യാഥാർത്ഥ്യം, എനിക്കും അറിയില്ലായിരുന്നു ഇതുവരെ.
ചില പഞ്ചായത്തുകളിൽ ഇത് വളരെ സജീവമായി നടക്കുമ്പോൾ, മറ്റ് ചിലയിടങ്ങളിൽ കെട്ടിടം ഉണ്ടെങ്കിലും കൃത്യമായ ഫണ്ടോ ജീവനക്കാരോ ഇല്ലാത്തതുകൊണ്ട് പൂട്ടി കിടക്കുകയോ പേരിന് മാത്രം പ്രവർത്തിക്കുകയോ ചെയ്യുന്നു.
നമ്മുടെ നാട്ടിൽ ഇത്ര ഒക്കെ സംവിധാനങ്ങൾ ഉണ്ടെങ്കിൽ, അത് പോലും ആളുകളിലേക്ക് വേണ്ട രീതിയിൽ എത്തിയിട്ടില്ല. ഇന്ന് രാവിലെ കണ്ട പ്രായമായ സ്ത്രീയെ കുറിച്ച് ആലോചിക്കുമ്പോൾ നിലവിൽ ഉള്ള ഇത്തരം സംവിധാനങ്ങൾ പോലും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല.
പകൽ വീടുകളിൽ വന്നിരുന്നാൽ വിശപ്പ് മാറുമെങ്കിലും, മറ്റ് ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്താൻ അവർക്ക് വീണ്ടും ജോലിക്ക് ഇറങ്ങേണ്ടി വരുന്നു. ഇനിയും നമ്മൾ എത്രത്തോളം മാറാൻ ഉണ്ടെന്നറിയാൻ ഈ ഒരു കാഴ്ച കാരണമായി.
✍🏻 Anup Jose
Click here to claim your Sponsored Listing.
Category
Contact the public figure
Website
Address
34/1000, N.H 47
Edapally
682024