M luqman

M luqman

Share

30/04/2026

അലിസ്റ്റർ മെക്ലൗഡ് തന്റെ എഴുപത്തിയേഴ് വർഷക്കാലത്തെ ജീവിതത്തിനിടയിൽ ആകെ എഴുതിയത് ഇരുപത് കഥകളും ഒരു നോവലും മാത്രം. എന്നിട്ടും കാനഡയിലെ ഏറ്റവും പ്രതിഭാശാലികളായ എഴുത്തുകാരിലൊരാളായി അദ്ദേഹത്തെ എണ്ണുന്നു. ഓരോ കഥയും എഴുതാൻ പലപ്പോഴും വർഷങ്ങളെടുക്കും അദ്ദേഹം. തന്റെ എഴുത്തുരീതിയെപ്പറ്റി അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ: I write a single sentence at a time, and then I read it aloud (ഒരു സമയം ഒരു വാക്യം എഴുതുന്നു, പിന്നീടത് ഉറക്കെ വായിക്കുന്നു). ഒരു വാക്യം പൂർത്തിയായാൽ, അതിനെ തുടർന്നു വരുന്ന വാക്യം തനിക്ക് പൂർണ്ണമായും തൃപ്തി നൽകുന്ന വിധമാകാൻ അദ്ദേഹം ദിവസങ്ങളും ആഴ്ചകളും കാത്തിരിക്കുന്നു, പലപ്പോഴും.

Island: The Collected Short Stories എന്ന ശീർഷകത്തിൽ 2000-ൽ പ്രസിദ്ധീകരിച്ച അലിസ്റ്റർ മെക്ലൗഡ്-ന്റെ കഥകളുടെ സമാഹാരം എനിക്കേറെ പ്രിയപ്പെട്ട പുസ്തകമാണ്. 1968 ൽ എഴുതിയ 'ദി ബോട്ട്' എന്ന കഥയിൽ തുടങ്ങി 1999-ൽ എഴുതിയ 'ക്ലിയറൻസസ്' വരെയുള്ള കഥകൾ. ധ്യാനാത്മമായി എഴുതിയ വാക്യങ്ങൾ, കഥകൾ നിറഞ്ഞ പുസ്തകം. ഇതിലെ കഥകളുടെ വിവരണ രീതി ഏറെ ലളിതമാണ്. വാക്കുകളിൽ കാഠിന്യമില്ല. ഒരു വാക്കിൽ നിന്ന് അടുത്തതിലേക്ക് എഴുത്തുകാരൻ പോകുമ്പോൾ, വായനക്കാർക്കൊട്ടും സമ്മർദം ഉണ്ടാകുന്നില്ല. വാക്കുകളാണ്, എഴുത്തിന്റെ സവിശേഷമായ അസ്ഥികളെന്നു തിരിച്ചറിഞ്ഞ കഥാകാരനായിരുന്നു അലിസ്റ്റർ.

അദ്ദേഹത്തിന്റെ മൂന്നു കഥകൾ തുടങ്ങുന്നതിങ്ങനെയാണ്. “All day the rain fell upon the island and she waited”(ഐലൻഡ്). “ I don’t remember when I first heard the story but I remember the first time that I heard it and remembered it” (വിഷൻ). “ He thought of himself, in the middle of that April, as a man who had made it through another winter.”( ദി ടേണിങ് ഓഫ് പെർഫെക്ഷൻ). ഈ മൂന്ന് വാക്യങ്ങളും ഏറെ ലളിതമാണ്. ആർഭാടങ്ങൾ തീരെ ചേർക്കാത്തവയാണ്. കഥകളെല്ലാം പുരോഗമിക്കുന്നതും ഇത്തരം ലളിതവും താളാത്മകവുമായ വാക്യങ്ങളിലൂടെയാണ്. ഈ കഥകളിൽ മിക്കവയും അദ്ദേഹത്തിന്റെ ഓർമകളുടെ പുനരവതരണങ്ങളാണ്. തീരപ്രദേശത്ത് കുട്ടിക്കാലം ചെലവഴിച്ചതിനാൽ തന്നെ, മുക്കുവർ, തീരജീവിതം എന്നിവയുമായി ബന്ധപ്പെട്ടവയാണ് അദ്ദേഹത്തിന്റെ അനുഭവ സാകല്യങ്ങൾ.

29/04/2026

ഇന്നൊരു പുതിയ യാത്രയ്ക്ക് പുറപ്പെടുന്നു- മധ്യേഷ്യയിലും യുറേഷ്യയിലുമായി അഞ്ചാറു രാജ്യങ്ങളിലൂടെ ഒരു കറക്കം. വേഗതയില്ലാതെ. മനുഷ്യരെ കണ്ട്. ഭൂപ്രകൃതി ആസ്വദിച്ച്. ഇഷ്ടമുള്ള സ്ഥലത്ത് ഇഷ്ടമുള്ളത്രയും നിന്ന്. എനിക്കെപ്പോഴും ഇഷ്ടം ഷെഡ്യൂൾ ഇല്ലാത്ത യാത്രകളാണ്.

ഈജിപ്ഷ്യൻ വിശേഷങ്ങൾക്കൊപ്പം കുറച്ചുനാൾ ജോർജിയ, അസർബൈജാൻ , ഉസ്ബെക്കിസ്ഥാൻ, തജക്കിസ്ഥാൻ, കസാക്കിസ്താൻ വിശേഷങ്ങൾ പങ്കുവെക്കാം. അതിനിടയിൽ ഈജിപ്ത് സന്ദർശിക്കാൻ വരുന്നവരെ ഗൈഡ് ചെയ്യാൻ നല്ലൊരു സംഘത്തെ കൈറോവിൽ ഒരുക്കിയിട്ടുമുണ്ട്:

നാല് കിലോയുടെ ഭാഗ് മാത്രമേ കയ്യിൽ എടുക്കുന്നുന്നുള്ളൂ. അത്രമതി, ഒന്നര മാസം യാത്ര ചെയ്യാൻ. എത്ര മേൽ ഭാരം കുറയുന്നുവോ, അത്രയും യാത്ര എളുപ്പമാവും.

ഇരുപത് നാൾ ഞാൻ തനിച്ചാണ് യാത്ര . പിന്നീട്, നാട്ടിൽ നിന്നു , എന്റെ കൂടെ ഈജിപ്തിൽ രണ്ടാഴ്ച കറങ്ങിയ, കറങ്ങിയ ഖാദർക്കയും ഭാര്യയും കൂടി ചേരുന്നുണ്ട്. ഇൻഷാ അല്ലാഹ്.

23/04/2026

മറ്റൊരു ജന്മദിനം. കൈറോ പോലെ ഒരു വൈജ്ഞാനിക നഗരം കേന്ദ്രീകരിച്ച് , ജീവിത മാർഗമുണ്ടാക്കാനും പഠനങ്ങൾ നടത്താനും ആഗ്രഹിക്കുന്ന പോലെ യാത്രകൾ ചെയ്യാനും വഴികൾ തുറന്നുതന്ന പടച്ചവനെ സ്തുതിക്കുന്നു.

21/04/2026

ഈജിപ്തിന്റെ ചരിത്രം, അറബി ഭാഷയുടെ വിവിധ രൂപങ്ങൾ, മിഡിൽ ഈസ്റ്റിലെ വ്യത്യസ്ത രാഷ്ട്രീയധാരകൾ എന്നിത്യാദി വിഷയങ്ങളെകുറച്ചു അനേകം പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്, കൈറോയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റി പ്രസ്. അവരുടെ പുസ്തകങ്ങളിലൊന്ന് എന്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു. ബ്രിട്ടീഷ് ഡിപ്ലോമാറ്റായ ജേക്കബ് ഹാൾപിൻ രചിച്ച Thirteen Ways to Make a Plural: Preparing to Learn Arabic. പരിസ്ഥിതി വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന നയതന്ത്രജ്ഞനായി ബാഗ്ദാദിലും ബൈറൂത്തിലും അമ്മാനിലും ദീർഘകാലം ജോലി ചെയ്ത കാലത്തെ അറബി പഠന അനുഭവങ്ങളെ ആസ്പദിച്ചാണ് ഇംഗ്ലീഷിൽ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അറബി ഭാഷയെ പഠിക്കേണ്ട ക്രമങ്ങൾ വിവരിച്ചാണ് പുസ്തകം വികസിക്കുന്നതെങ്കിലും ഏതു വിദേശ ഭാഷ പഠിക്കാനും ഇതിൽ വിവരിക്കുന്ന രീതികൾ സ്വീകരിക്കാം.

അറബി ഒട്ടുമേ അറിയാതെ, ആ ഭാഷയുടെ ഉള്ളിലേക്ക് പ്രവേശിക്കുയാണ് ഹാൾപിൻ. ബ്രിട്ടീഷുകാർ അവർക്ക് പഠിച്ചെടുക്കാൻ പ്രയാസമുള്ള വിദേശ ഭാഷകളെ അഞ്ചു കാറ്റഗറിയായി തിരിച്ചിട്ടുണ്ട്. അതിൽ, താരതന്മ്യേന എളുപ്പമുള്ള ഭാഷകൾ ഉൾപ്പെടുന്ന ഒന്നാം കാറ്റഗറിയിൽ ഫ്രഞ്ച്, സ്പാനിഷ് എന്നിവ വരുന്നു. പഠിക്കാൻ ഏറ്റവും പ്രയാസമുള്ള കാറ്റഗറി അഞ്ചിൽ, ചൈനീസ് ഭാഷയായ മണ്ടാരിൻ, ജാപ്പനീസ്, കൊറിയൻ എന്നീ ഭാഷകൾ ഉൾപ്പെടുന്നു. അതിനു തൊട്ടുതാഴെ, പഠിച്ചെടുക്കാൻ നല്ല ആയാസം വേണ്ട നാലാം കാറ്റഗറിയിലാണ് അറബിയെ ഉൾക്കൊള്ളിച്ചിരിക്കുന്നത്‌.

വിവിധ തരം വൈവിധ്യങ്ങൾ പറച്ചിലുകളില് പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ടെങ്കിലും, ഒരു പഠിതാവ് പ്രധാനമായി ശ്രദ്ധിക്കേണ്ടത് അറബി ഭാഷയുടെ തെളിഞ്ഞ ശൈലിവരുന്ന, മോഡേൺ സ്റ്റാൻഡേഡ് അറബിയാണ് എന്ന് ഹാൾപിൻ ഓർമിപ്പിക്കുന്നു. 'അറബി ഭാഷാ പഠിക്കാം, മുപ്പത് ദിനങ്ങൾ കൊണ്ട്' തുടങ്ങിയ ആകർഷണീയ പരസ്യ വാചകങ്ങൾ വെച്ച് വരുന്നവരെ ഒഴിവാക്കുകയാകും നല്ലതെന്നു അദ്ദേഹം ഉണർത്തുന്നു. അറബി പോലെയുള്ള ഒരു ഭാഷ നന്നായി പഠിച്ചെടുക്കാൻ ഷോർട്കട്ടുകൾ ഇല്ലെന്നും, നിരന്തര ഉല്സാഹത്തോടെ സമയമെടുത്തുത്തുള്ള പഠനമാണ് ഫലപ്രദമെന്നും അദ്ദേഹം വിവരിക്കുന്നു. ഒന്നാമതായി വേണ്ടത് നല്ലൊരു അധ്യാപകനെ കണ്ടെത്തലാണ്. വിവിധ വ്യാകരണ നിയമങ്ങളും സങ്കീർണ്ണ വാചക ഘടനകളും പെട്ടെന്ന് വിശദീകരിച്ചു തരാൻ ഒരു അധ്യാപകൻ കൂടിയേ തീരൂ.

പതിയെപ്പതിയെ പദങ്ങൾ പഠിച്ചെടുക്കലാണ് മറ്റൊരു സംഗതി. നിങ്ങൾക്ക് വ്യാകരണ നിയമങ്ങളിൽ ആഴമുള്ള അറിവുണ്ടെങ്കിലും പദാവലികൾ കുറവാണെങ്കിൽ, പല ഘട്ടങ്ങളിലും പ്രയാസപ്പെടേണ്ടി വരും. ഒരു ദീർഘ ഗെയിം കളിക്കുന്ന രീതിയിൽ വേണം പദങ്ങൾ പഠിച്ചെടുക്കാൻ. അൻപത് വാക്കുകൾ പുതുതായി, ലഘുവായി പഠിച്ചെടുക്കുന്നതിനേക്കാൾ നല്ലത്, പത്തു വാക്കുകൾ ആ സമയം കൊണ്ട് സൂക്ഷ്മമായി പഠിക്കലാണ്. ആദ്യ ഘട്ടത്തിൽ സാധാരണ നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന വാക്കുകൾ പഠിക്കുന്നതിനു മുന്ഗണന നൽകുക. മറ്റു വാക്കുകളെ താൽക്കാലികമായി ഒഴിവാക്കുന്നതിൽ മനസ്സാക്ഷിക്കുത്ത് ഉണ്ടാവേണ്ടതില്ല. പ്രധാന വാക്കുകൾ പിന്നീട് നമുക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും.

ആദ്യത്തെ കുറച്ചു മാസങ്ങളിൽ വാക്കുകൾ നിങ്ങളുടെ മനസ്സിൽ സ്ഥായിയായി നിലനിൽക്കുന്നില്ലെങ്കിലും ശങ്കിക്കേണ്ടതില്ല. അത് സാധരണമാണ്. വ്യത്യസ്തമായ അപരിചിത സ്വരങ്ങളിലുള്ള വാക്കുകൾ വരുമ്പോൾ, അവയെ ഓർത്തുവെക്കുക വളരെയേറെ ബുദ്ധിമുട്ടാണ്. അത്തരം വാക്കുകൾ വീണ്ടും പഠിക്കുക, ഓർത്തുവെക്കുക എന്നതൊക്കെ പ്രയാസകരമാണ് എങ്കിലും, ഭാഷാ പഠനത്തിൽ അങ്ങനെയുള്ള ചെറു ആയാസങ്ങൾ സ്വാഭാവികമാണ്. ചില മെത്തേഡുകൾ പ്രയോഗിച്ചു എണ്ണമറ്റ മണിക്കൂറുകൾ നമുക്ക് പദങ്ങൾ പഠിക്കാൻ പറ്റും. ഒന്ന്, പത്തു അറബി വാക്കുകൾ വ്യത്യസ്ത കാർഡുകളിൽ എഴുതിവെച്ചു, അവയുടെ മറുപുറത്ത് ഇംഗ്ലീഷും രേഖപ്പെടുത്തി, ഓരോരോ കാർഡുകൾ എടുത്തു നോക്കി വാക്കുകൾ ഹൃദിസ്ഥമാക്കൽ. രണ്ട്, ഇരുപത് കാർഡുകളിൽ നിങ്ങൾ പുതുതായി പഠിച്ച അറബി വാക്കുകൾ എഴുതുക. അവ ഉപയോഗിച്ച് കഥകൾ നിർമിക്കുക. കഥാ തീം പൊട്ടത്തരം ആയിക്കോട്ടെ, പക്ഷേ, വാക്കുകളുടെ ഉപയോഗം കൃത്യമായിരിക്കാൻ ശ്രദ്ധിക്കണം.

സാഹചര്യത്തിൽ നിന്ന് വാക്കുകൾ പഠിക്കുക എന്നത് വളരെ പ്രധാനമാണ്. അതായത്, ഒരു ബന്ധവും ഇല്ലാത്ത വാക്കുകൾ വല്ലയിടങ്ങളിൽ നിന്നും പെറുക്കിയുടുത്ത് മനഃപാഠമാക്കുനന്തിനേക്കാൾ ഏറെ പ്രയോജനം ചെയ്യും, ഒരു പത്ര റിപ്പോർട്ടോ, കഥാ ഭാഗമോ വായിച്ചു, അതിലെ അറിയാത്ത വാക്കുകൾ രേഖപ്പെടുത്തി വെച്ചു പഠിക്കൽ.

കൃത്യമായ ഇടവേളകളിലുള്ള ആവർത്തിച്ചുള്ള നോക്കലുകൾ, പഠിക്കലുകൾ വാക്കുകളെ മനസ്സിൽ ദീർഘകാലത്തേക്ക് പ്രതിഷ്ഠിക്കാൻ സഹായിക്കും. ഓർമ ശ്കതിയുമായി ബന്ധപ്പെട്ട വിദഗ്ദർ പറയുന്നത്, നിങ്ങൾ എത്ര മാത്രം അവർത്തിക്കുന്നുവോ അത്രയും ഓർമക്ക് ഊക്കു കൂടുമെന്നാണ്. എത്ര ഇടവേള വെച്ച്, പുനർനോട്ടം നടത്തണം എന്നതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ഒരു ദിവസത്തെ വ്യത്യാസത്തിൽ, ഒരു ആഴ്‌ചയുടെ, അല്ലെങ്കിൽ ഒരു മാസത്തിന്റെ വ്യത്യാസത്തിൽ എന്നെല്ലാം പറയുന്നവരുണ്ട്. ഏതാണോ പഠിതാവിനു അനുയോജ്യമായി തോന്നുന്നത്, ആ വഴി പിന്തുടരാവുന്നതാണ്.

വാക്കുകളുടെ ഉചിതമായ കൂട്ടങ്ങൾ ഉണ്ടാക്കി ശീലിക്കണം.ഉദാഹരണത്തിന് ആപ്പിളിന് തുഫാഹത് എന്നാണ് അറബിയിൽ പറയുക. ടേബിളിനു ത്വാവിലത് എന്നും. ഇവ രണ്ടിനെയും യോജിപ്പിച്ചു അർത്ഥ ബന്ധിതമാക്കി ചേർത്തെഴുതാം. 'ആപ്പിൾ ടേബിളിൽ ഉണ്ട്' പോലുള്ള വാക്യങ്ങൾ, അത്തരം പുതുമയുള്ള വാക്യ സൃഷ്ടിപ്പ്, ആ പദങ്ങളുമായുള്ള നമ്മുടെ പരിചിതത്വത്തിനു മാറ്റുകൂട്ടും.

സംസാരത്തിലേക്കും ഭാഷാ പഠനം വികസിപ്പിക്കണം. എഴുതുമ്പോൾ ഗ്രാമറും സന്ദർഭവും നോക്കി, സമയം ആവശ്യത്തിന് ഉപയോഗിച്ച് നമുക്ക് പൂർത്തിയാക്കാനായേക്കും. എന്നാൽ, സംസാരത്തിൽ വേഗത അനിവാര്യമാണ്. അങ്ങനെ, തപ്പിയും എച്ചുമുള്ള പറച്ചിൽ ഇല്ലാതിരിക്കാൻ നല്ല പ്രാക്ടീസിങ് അനിവാര്യമാണ്. നിങ്ങൾ സ്വന്തമായി ശ്രമിച്ചോ, പുസ്തകങ്ങളെ മാത്രം ആശ്രയിച്ചോ നിങ്ങൾക്ക് അറബി / അല്ലെങ്കിൽ ഏതൊരു വിദേശ ഭാഷയും സംസാരിക്കാൻ പറ്റില്ല. നിങ്ങൾ അറബി സംസാരിക്കുന്ന ഒരു രാജ്യത്താണ് ജീവിക്കുന്നതെങ്കിൽ കുറെയേറെ വഴികളുണ്ട്, അറബി അറിയുന്നവരുമായി സംസാരിച്ചു ശീലിക്കാൻ. ഇനി അങ്ങനെയല്ലെങ്കിലും ചില ബദൽ മാർഗങ്ങളുണ്ട്. നിങ്ങളെപ്പോലെ അറബി സംസാരിക്കാൻ താല്പര്യമുള്ള, അല്ലെങ്കിൽ അറബി ഭാഷയിൽ നല്ല വ്യുത്പത്തിയുള്ള ആളുകളുമായുള്ള സംസാരം അതിലൊരു വഴിയാണ്. സ്‌കൈപ്‌ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അറബി സംസാര പരിശീലന വഴികളും പ്രയോജനപ്പെടുത്താം. ( നമ്മൾ ഒരു കാലത്ത് വലിയ തോതിൽ ഉപയോഗിക്കുകയും പിന്നീട് മറന്നു കളയുകയും ചെയ്ത ക്ലബ് ഹൗസിൽ ഫ്രീയായി അറബി/ ഇംഗ്ലീഷ് ,മറ്റു വിദേശ ഭാഷകൾ എന്നിവയെല്ലാം സംസാരിച്ചു ശീലിക്കാനുള്ള വിവിധ റൂമുകൾ ഉണ്ടന്ന് സാന്ദർഭികമായി ഉണർത്തുന്നു)

നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന വിദേശ ഭാഷാ പ്രയോഗങ്ങൾ, അവയുടെ ഉച്ഛാരണ രീതികൾ എന്നിവ മനസ്സിലാക്കാൻ ഏറ്റവും പ്രധാന വഴിയാണ് സാധാരണ ജീവിതത്തിലെ സംഭാഷണങ്ങൾ കേൾക്കൽ. നിങ്ങൾ ഒരു വിദേശ രാജ്യത്തല്ല ജീവിക്കുന്നത് എങ്കിൽ അറബി വാർത്താ ചാനലുകൾ, പ്രോഗ്രാമുകൾ കേൾക്കുന്നത് വളരെയേറെ ഉപകാരം ചെയ്യും. ചില വാക്കുകൾ മനസ്സിലായില്ലെങ്കിൽ കൂടി നിങ്ങളുടെ കേൾവി കഴിവ് കൂടിക്കൊണ്ടേയിരിക്കും.

വാക്യങ്ങളിൽ നിന്ന് വാക്യങ്ങളിലേക്ക് പോകുന്ന വായനകൾ, കേൾവികൾ ഭാഷയുടെ സ്വാഭാവികതയും പ്രയോഗ സവിശേഷതകളും മനസ്സിൽ പെട്ടെന്ന് ഉറപ്പിക്കും. സാമാന്യേന വ്യാകരണവും പൊതു നിയമങ്ങളും മനസ്സിലാക്കിയ ശേഷം, വാർത്തകൾ കണ്ടും, കേട്ടും പുസ്തകങ്ങൾ വായിച്ചുമെല്ലാം നമ്മൾ സ്വയം വികാസം ഉണ്ടാക്കിക്കൊണ്ടിരിക്കണം. ചില സെന്റൻസുകൾ ആവർത്തിച്ചു ഉച്ചരിക്കുന്നത്, അവയുടെ ഉച്ചാരണ രീതി വേഗത്തിൽ ഉൾക്കൊള്ളുന്നതിനു സഹായിക്കും.

സെന്റൻസുകളുടെ കെട്ടഴിക്കലും ഭാഷയെ ആഴത്തിൽ സമീപിക്കുന്നവരുടെ സവിശേഷതയാണ്. ഉദാഹരണത്തിന് അറബിയുടെ സ്വാഭാവിക എഴുത്തു രീതി, വെർബ്+ സബ്ജക്ട+ ഒബ്ജക്ട് എന്നതാണല്ലോ. അതല്ലാതെ, നാമങ്ങൾ കൊണ്ട് ആരംഭിക്കുന്ന വാക്യങ്ങൾ കണ്ടേക്കും, രേഖീകൃത ഘടനയ്ക്ക് അപ്പുറത്തു വരുന്ന സാഹിതീയ പ്രയോഗങ്ങൾ കണ്ടേക്കും- ഇവയെയെല്ലാം വേറിട്ടു തന്നെ മനസ്സിലാക്കി ശീലിക്കുന്നത് നമ്മുടെ എഴുത്തു ശൈലി വികസിപ്പിക്കാനും, പറച്ചിലുകളിൽ വൈവിധ്യം വരുത്താനുമെല്ലാം പ്രയോജനപ്പെടും.

നോവലുകളുടെ വായനയും ഭാഷാ പഠനത്തെ വളരെ സഹായിക്കുന്ന ഒന്നാണ്. ഭാഷയെ ഏറ്റവും അഴകോടെയും വ്യത്യസ്തതയിലും ആവിഷ്കരിക്കുന്നവയാണ് നോവലുകൾ. അറബിയിൽ വൈവിധ്യമുള്ള നോവൽ വിവരണ രീതികൾ ലഭ്യമാണ്. അവകളിലൂടെ, കടന്നുപോകുന്നുന്നത് ഭാഷയിലെ പിടി ഉറപ്പിക്കും.

അറബി പഠിക്കുമ്പോൾ, മറ്റേതെങ്കിലും ഭാഷ പഠിക്കുമ്പോൾ, അതിന്റെ വ്യാകരണം പഠിച്ചെടുക്കുക എന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. വ്യാകരണം ശരിയാം വണ്ണം പഠിക്കാതെ, ഒരു വിദേശ ഭാഷ ആതമവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ കഴിയില്ല. വിശേഷിച്ചു അതിൽ നടത്തുന്ന എഴുത്തുകൾ.

ഏതു ഭാഷയാണോ നമ്മൾ പഠിക്കുന്നത്, അത് ഒന്നാം ഭാഷയായി പഠിക്കുന്ന നാടുകളിൽ പോയി അൽപ കാലമെങ്കിലും ജീവിക്കുക, സാധിക്കുമെങ്കിൽ. എന്നിട്ടു, അവിടത്തെ സ്വദേശികളുമായി പരമാവധി സംസാരിക്കുക. അറബിയെ സംബന്ധിച്ച് പല നാടുകളിലും പല സംസാര രീതികളാണെങ്കിലും, കുറേക്കൂടി, നല്ല ഭാഷയോട് അടുത്തു നിൽക്കുന്ന രീതി, ശാമി നാടുകളിലെ ആളുകളുടേത് ആണ്. സിറിയ,ജോർദാൻ, ഫലസ്തീൻ, ലബനാൻ തുടങ്ങിയ രാജ്യങ്ങളിലെ- എന്ന് വിവിധ അറബ് നാടുകളിൽ ജീവിച്ച ഗ്രന്ഥ രചയിതാവ് സൂചിപ്പിക്കുന്നുണ്ട്.

ഭാഷാപഠനത്തെ ശാസ്ത്രീയമായി സമീപിക്കുന്ന രീതി നമുക്ക് കുറവാണ്. നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ പഠിക്കുന്ന വിദേശ ഭാഷകളിലൊന്നായ ഇംഗ്ലീഷിന്റെ കാര്യം തന്നെ എടുക്കൂ. ഇന്ത്യൻ ഇംഗ്ലീഷ് എന്ന, ഇംഗ്ലീഷിന്റെ മനോഹാരിതയോ സ്വാഭാവികത താളമോ ഉൾക്കൊള്ളാത്ത, അപൂർണ്ണമായ ഒരു സങ്കര ഭാഷയാണ് നമ്മൾ പഠിക്കുന്നത്. അതിന്റെ കുറവുകൾ എല്ലാ മേഖലയിലും കാണാവുന്നതാണ്. ഭാഷയെ അതിന്റെ യഥാർത്ഥ മൂലങ്ങളിൽ നിന്നും പഠിക്കുകയും, അതുപ്രകാരം പരിശീലിച്ചു വഴക്കം നേടലും നാം ഇനിയും ആർജ്ജിക്കേണ്ട സിദ്ധികളാണ്.

19/04/2026

യാത്രകളിൽ എങ്ങനെ പുസ്തകം വായിക്കാമെന്നല്ലേ. യാത്രയെക്കുറിച്ചു തന്നെ വായിക്കാം. ഉദാഹരണത്തിന് കൈറോവിൽ പോയപ്പോൾ എന്റെ വായനകളിൽ ഏറിയ പങ്കും കൈറോയെപ്പറ്റിയും അറബി ഭാഷയെപ്പറ്റിയുമായിരുന്നു. ആദ്യത്തെ ഒരു മാസത്തിനുള്ളിൽ തന്നെ പുസ്തകങ്ങളെ തരംതിരിച്ചു. ഫിക്ഷൻ, നോൺ ഫിക്ഷൻ, അക്കാദമിക/ അറബി, ഇംഗ്ലീഷ് എന്നിങ്ങനെ. ഓരോ ആഴ്ചയും ഓരോ ഏരിയകളെ കേന്ദ്രീകരിച്ചായി വായനകൾ. അതിനു സഹായിച്ച നാല് സ്ഥലങ്ങളാണ്, കൈറോ അമേരിക്കൻ യൂണിവേഴ്‌സിറ്റി ബുക്സ്റ്റാൾ, സമാലികിലെ ഡച്ച് അക്കാദമിക സെന്റർ, ഗിസയിലെ മിസ്ർ പബ്ലിക് ലൈബ്രറി, ഫ്രഞ്ച് ഇൻസ്റ്റിറ്റിട്യൂട്ടിലെ ലൈബ്രറി എന്നിവ. ഇത്രമേൽ രേഖപ്പെടുത്തപ്പെട്ട ഒരു നഗരം ലോകത്തുണ്ടോ എന്ന് സംശയമാണ്. ആ ആരു മാസ വാസത്തിനിടെ ആയിരക്കണക്കിന് പുസ്തകങ്ങൾ, കൈറോയെക്കുറിച്ചു കണ്ടിട്ടുണ്ട്.

വായനയുടെ രീതി ഒരേ സമയം പ്രിന്റും ഡിജിറ്റലും കൈകാര്യം ചെയ്തായിരുന്നു. ഡച്ച് ലൈബ്രറിയായിരുന്നു മേല്പറയപ്പെടാത്തവയിൽ ഏറെ പ്രിയം. അവിടെ പ്രവിശാലമായ കളക്ഷനുണ്ടായിരുന്നു. ഒരു ഈജിപ്ഷ്യൻ ദേശത്തേക്ക് പോകാൻ തീരുമാനകുമ്പോൾ, രണ്ടോ മൂന്നോ ദിവസം ഈ ലൈബ്രറിയിൽ ചിലവഴിച്ചു അതേപ്പറ്റി വായിക്കും. അലെക്‌സാൻഡ്രിയയിലേക്കും അസ്വാനിലേക്കുമൊക്കെ അങ്ങനെയാണ് പോയത്. യാത്രയിലെ സ്ഥല വായനകൾ ഡിജിറ്റൽ ആയും നടത്തുമായിരുന്നു.

എന്തുകൊണ്ട് കൈറോയെപ്പറ്റി ഇത്രമേൽ എഴുതപ്പെട്ടു എന്നല്ലേ. കൈറോ എക്കാലത്തും പുഷ്കലമായ നാഗരികതയുള്ള നാടായിരുന്നു. അവിടത്തെ ഭരണാധികാരികൾ അറിവുത്പാദനത്തെ സമാനതയില്ലാത്ത പ്രോത്സാഹിപ്പിച്ചിരുന്നു. ഇസ്‌ലാമിക കാലം മുതൽ ഇന്ന് വരെ, കൈറോയുടെ ഘടനയെ തകർക്കുന്ന, അവിടത്തെ ജനങ്ങളുടെ ആവാസ വ്യവസ്ഥയെ ഇല്ലാതാക്കുന്ന ഒരാക്രമണം ഉണ്ടായിട്ടില്ല. ഓരോ കാലവും അതിനാൽ ക്രോഢീകരിക്കപ്പെട്ടു.

യൂറോപ്യൻ പഠനങ്ങളിലും, ഏറ്റവും കൂടുതൽ വന്നിട്ടുള്ള ഒരു സ്ഥലമാണ് കൈറോ. നെപ്പോളിയൻ ഫ്രാൻ‌സിൽ നിന്നങ്ങോട്ടു വരുന്നത് അനേകം പണ്ഡിതരെയും കൊണ്ടാണ്. ദീർഘകാലമെടുത്ത് അവർ ഈജിപ്തിന്റെ ചരിത്രം പഠിച്ചു. രേഖപ്പെടുത്തി. വോള്യങ്ങളായി പുറത്തിറങ്ങി. ആ ഗ്രൻഥങ്ങളിലെ യൂറോപ്യൻ പെർസ്പെക്റ്റീവ് പ്രശ്നകരമാണ്.

Want your public figure to be the top-listed Public Figure in Cairo?
Click here to claim your Sponsored Listing.

Category

Website

Address


Cairo