INDEX GROUP

INDEX GROUP

Share

22/09/2025

*മൈക്കേൽ ഫാരഡെ: സാധാരണക്കാരനിൽ നിന്ന് ലോകോത്തര ശാസ്ത്രജ്ഞനിലേക്ക്.*
***********************
ഇന്ന്, ഡൈനാമോയുടെ പിതാവായ മൈക്കേൽ ഫാരഡെയുടെ ജന്മദിനമാണ്. 1791 സെപ്റ്റംബർ 22-ന് ലണ്ടനിലെ ഒരു കൊല്ലപ്പണിക്കാരന്റെ മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും, എഴുതാനും വായിക്കാനും കണക്കുകൂട്ടാനും ഫാരഡെയ്ക്ക് അറിയാമായിരുന്നു. പതിമൂന്നാം വയസ്സിൽ അദ്ദേഹം ജോർജ്ജ് റീബൗ എന്ന പുസ്തക ബൈൻഡിംഗ് കടയിൽ സഹായിയായി ചേർന്നു. അവിടെ ബൈൻഡ് ചെയ്യാൻ വരുന്ന പുസ്തകങ്ങൾ വായിച്ചാണ് ഫാരഡെ തൻ്റെ അറിവ് വികസിപ്പിച്ചത്.

ശാസ്ത്ര വിഷയങ്ങളിൽ, പ്രത്യേകിച്ചും വൈദ്യുതകാന്തികതയിൽ, അദ്ദേഹത്തിന് വലിയ താൽപര്യം തോന്നി.

*ശാസ്ത്രലോകത്തേക്ക് ഒരു വഴിത്തിരിവ്*
********************
ഫാരഡെയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് പ്രമുഖ രസതന്ത്രജ്ഞനായ സർ ഹംഫ്രി ഡേവിയെ കണ്ടുമുട്ടിയതാണ്. ഡേവിയുടെ പ്രഭാഷണങ്ങൾ കേട്ട് ആകൃഷ്ടനായ ഫാരഡെ, അദ്ദേഹത്തിന് ഒരു കത്തെഴുതുകയും അതിലൂടെ തൻ്റെ ശാസ്ത്രത്തോടുള്ള താൽപര്യം അറിയിക്കുകയും ചെയ്തു. പിന്നീട് ഡേവിയുടെ സഹായിയായി റോയൽ ഇൻസ്റ്റിറ്റ്യൂഷനിൽ ചേർന്നതോടെ ഫാരഡെയുടെ ശാസ്ത്ര ജീവിതം ആരംഭിച്ചു.

*വലിയ കണ്ടുപിടിത്തങ്ങൾ*
********************
വൈദ്യുതിയുടെ വികാസ പരിണാമങ്ങളിൽ ഫാരഡെ നൽകിയ സംഭാവനകൾ വളരെ വലുതാണ്. 1831-ൽ അദ്ദേഹം വൈദ്യുതകാന്തിക ഇൻഡക്ഷൻ കണ്ടുപിടിച്ചു. ഈ കണ്ടുപിടിത്തമാണ് ഇലക്ട്രിക് ട്രാൻസ്ഫോർമറുകളുടെയും ജനറേറ്ററുകളുടെയും പിറവിക്ക് കാരണമായത്.

ഈ കണ്ടുപിടിത്തത്തെക്കുറിച്ച് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ചോദിച്ചപ്പോൾ, "പുതുതായി പിറന്ന ഒരു കുട്ടി എത്രത്തോളം ഉപയോഗപ്രദമാണോ, അതുപോലെയാണിത്" എന്നായിരുന്നു ഫാരഡെയുടെ മറുപടി.
ഡൈനാമോ, ട്രാൻസ്ഫോർമർ, ഇലക്ട്രിക് മോട്ടോർ എന്നിവ കണ്ടുപിടിച്ചതും ഫാരഡെയാണ്. ഗണിതത്തിൽ വലിയ അറിവില്ലായിരുന്നെങ്കിലും, അദ്ദേഹത്തിൻ്റെ പരീക്ഷണങ്ങളും സിദ്ധാന്തങ്ങളും പിൽക്കാലത്ത് ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ പോലുള്ള ശാസ്ത്രജ്ഞർക്ക് ഗണിത സിദ്ധാന്തങ്ങൾ വികസിപ്പിക്കാൻ സഹായകമായി.

*ഒരു പ്രതിഭാശാലിയുടെ ജീവിതം*
*********************
മതവിശ്വാസിയും, വിനയമുള്ളവനും, ദയയുമുള്ള ഒരു വ്യക്തിയായാണ് ഫാരഡെ അറിയപ്പെട്ടിരുന്നത്. ഒരു സാധാരണക്കാരനായി ജീവിതം ആരംഭിച്ച്, സ്വന്തം പ്രയത്നത്തിലൂടെ ലോകത്തെ മാറ്റിമറിച്ച ഫാരഡെയുടെ ജീവിതം നമുക്കെല്ലാം ഒരു വലിയ പാഠമാണ്. 1867 ഓഗസ്റ്റ് 25-ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
**********************
*മുഹമ്മദ് സഗീർ പണ്ടാരത്തിൽ*
**********************

21/09/2025

*ഗൾഫ് സ്വർണ്ണം: നിയമം മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.*
***********************
ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക്, സ്വർണ്ണം കൊണ്ടുവരുന്നവരെ കള്ളക്കടത്തുകാരായി മുദ്രകുത്തുന്ന നിലവിലെ നിയമങ്ങൾ മാറ്റിയെഴുതേണ്ടത് അത്യാവശ്യമാണ്. ചെറിയ അളവിൽ പോലും സ്വർണ്ണം കൊണ്ടുവരുന്നവരെ കുറ്റവാളികളായി കണക്കാക്കി അറസ്റ്റ് ചെയ്യുകയും ജാമ്യം നിഷേധിക്കുകയും ചെയ്യുന്നത് ക്രൂരമായ ഒരു നടപടിയാണ്. ഇത് കഷ്ടപ്പെട്ട് അധ്വാനിക്കുന്ന പ്രവാസികളോടുള്ള നീതികേടാണ്.
സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന നമ്മുടെ രാജ്യത്തിന്, വിദേശത്തുനിന്ന് പണം അയച്ചും സ്വർണ്ണം കൊണ്ടുവന്നും സംഭാവന നൽകുന്നവരാണ് പ്രവാസികൾ. സ്വന്തം കുടുംബത്തിന് വേണ്ടിയോ, വ്യക്തിപരമായ ആവശ്യങ്ങൾക്കോ ആയി അവർ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് വാങ്ങുന്ന സ്വർണ്ണത്തെ സർക്കാർ 'അനധികൃതം' എന്ന് വിശേഷിപ്പിക്കുന്നു. സ്വർണ്ണവുമായി വരുന്നവരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുമ്പോൾ, അവരോട് അൽപമെങ്കിലും മാന്യത കാണിക്കാനുള്ള ഔദാര്യം പോലും സർക്കാരിന് ഉണ്ടാകണം. കാരണം, അവർ കൊണ്ടുവരുന്ന സ്വർണ്ണം പിന്നീട് കണ്ടുകെട്ടുകയും അത് സർക്കാരിന്റെ ആസ്തിയായി മാറുകയും ചെയ്യും.
നിയമത്തിന്റെ പേരിൽ ദിനംപ്രതി കോടിക്കണക്കിന് രൂപയുടെ സ്വർണ്ണമാണ് സർക്കാർ ഖജനാവിലേക്ക് എത്തുന്നത്. ഈ പണം എവിടെ പോകുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഈ പണം രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കുന്നുണ്ടോ അതോ ഭരണാധികാരികളുടെയും അവരുടെ അനുയായികളുടെയും പോക്കറ്റുകളിലേക്ക് പോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പ്രവാസികളുടെ അധ്വാനത്തിന്റെ ഫലം അവരുടെ അനുവാദമില്ലാതെ കൈക്കലാക്കുന്ന ഈ പ്രവണത സർക്കാർ അവസാനിപ്പിക്കണം.
ഇനിമുതലെങ്കിലും, ഗൾഫിൽനിന്ന് സ്വർണ്ണം കൊണ്ടുവരുന്നവരെ കള്ളക്കടത്തുകാരെന്നോ കുറ്റവാളികളെന്നോ മുദ്രകുത്താതെ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് സംഭാവന നൽകിയ വ്യക്തികളായി പരിഗണിക്കണം. അവരെ ഉപദ്രവിക്കുന്നതിന് പകരം, അവർക്ക് വേണ്ട പരിഗണന നൽകാൻ സർക്കാർ തയ്യാറാകണം. വർഷങ്ങളായി പ്രവാസികൾ നേരിടുന്ന ഈ നിയമപരമായ ദ്രോഹം അവസാനിപ്പിക്കാനുള്ള ധാർമിക ഉത്തരവാദിത്വം സർക്കാരിനുണ്ട്. മറ്റൊരാളുടെ അധ്വാനത്തെ ചൂഷണം ചെയ്ത് സ്വന്തം ഖജനാവ് നിറയ്ക്കുന്ന ഭരണാധികാരികൾ ഓർക്കുക, നിങ്ങൾ തിന്നുന്നത് മറ്റുള്ളവരുടെ വിയർപ്പാണെന്ന്.
*************************
*ഷംസുദ്ധീൻ പുതിയവീട്ടിൽ*
*************************

20/09/2025

എന്നും ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്ന ഈ ബാർബർ ഷോപ്പ് 35 വർഷങ്ങൾക്ക് ശേഷം വീണ്ടും ഇന്ന് നേരിൽ കാണുകയാണ്.

അജ്മാൻ ബുസ്താൻ റോഡിലെ ഈ ബാർബർ ഷോപ്പിലുള്ളവർ അന്ന് ഞങ്ങളുടെ (ഞാനും കൊടുങ്ങല്ലൂർ ശാന്തിപുരം സ്വദേശി സലാമും) സുഹൃത്തുക്കളായിരുന്നു. റൂമിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുമ്പോളും ജോലിസ്ഥലത്ത് നിന്നു റൂമിലേക്കും പോകുമ്പോളും ഈ ബാർബർ ഷോപ്പിന്റെ മുന്നിൽ കൂടെ ആയിരുന്നു പൊയ്‌കൊണ്ടിരുന്നത്. അന്ന് ഈ ബാർബർ ഷോപ്പിലെ ബംഗാളികളായ തൊഴിലാളികളും അതിന്റെ ഉടമസ്ഥനും ഞങ്ങളുടെ സുഹൃത്തുക്കൾ ആയിരുന്നു. പുറത്തിറങ്ങി സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും അകത്തുനിന്ന് കൈ പൊക്കി അവർ വിഷ് ചെയ്യുമായിരുന്നു.

ഒരു ദിവസം ജോലി സ്ഥലത്തുനിന്നും താമസസ്ഥലത്തേക്ക് പോകുന്ന വഴി പതിവുപോലെ ഞങ്ങൾ ഈ ബാർബർ ഷോപ്പിന്റെ മുന്നിൽ എത്തി. ഞങ്ങളെ കണ്ടപാടെ അവർ കൈ ഉയർത്തി ഞങ്ങളെ അഭിവാദ്യം ചെയ്തു തിരിച്ചു ഞങ്ങളും. ഉടനെ പടക്കം പൊട്ടുന്ന രീതിയിൽ ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ കഴുത്തിൽ നിന്നും ചോര ഒഴുകി നിൽക്കുന്ന അറബിയെയാണ് കണ്ടത്. ആ അറബി ബാർബറായ എന്റെ സുഹൃത്തിന്റെ കഴുത്തിൽ പിടിച്ചിരിക്കുന്നതാണ് കണ്ടത്. എനിക്ക് കാര്യം മനസ്സിലായി. ഞങ്ങളെ കണ്ടു ബാർബർ കൈ ഉയർത്തിയപ്പോൾ അറബിയെ ഷേവ് ചെയ്തുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്ന കത്തി അറബിയുടെ കഴുത്തിൽ തട്ടി മുറിഞ്ഞിരിക്കുന്നു. ഞങ്ങൾക്ക് ഏറെ വിഷമം തോന്നി അവിടെ നിൽക്കണോ ഓടണോ എന്നുള്ള ചിന്തയിൽ കടയ്ക്ക് മുന്നിൽനിന്നും അല്പം മാറിനിന്നു. പക്ഷേ എന്തെങ്കിലും ചെയ്തേ പറ്റൂഅല്ലെങ്കിൽ ബാർബറുടെ നില പരിതാപകരമാകും. ഞങ്ങൾ തിരികെ ബാർബർ ഷോപ്പിലേക്ക് നടന്നു
ആ സമയത്ത് തോന്നിയത് അതാണ്.

ബാർബറുടെ കഴുത്തിൽ പിടിച്ചിരിക്കുന്ന അറബിയോട് സത്യങ്ങൾ പറഞ്ഞു മനപ്പൂർവ്വമല്ല എന്നും ആവർത്തിച്ചു അദ്ദേഹത്തിൻറെ ദയക്കുവേണ്ടി കാത്തു. അദ്ദേഹം ബാർബറുടെ കഴുത്തിൽ നിന്നും പിടിവിട്ടു ഏറെ ദേഷ്യത്തോടെ സംസാരിച്ചെങ്കിലും അദ്ദേഹം ശാന്തനായി. ആ അറബി പറഞ്ഞു എന്റെ പെട്ടെന്നുള്ള ദേഷ്യത്തിന് ചെയ്തു പോയതാണ് ക്ഷമിക്കണം. അതോടെ അദ്ദേഹം ഞങ്ങളുടെ സുഹൃത്തായിതീരുകയായിരുന്നു.

പിന്നീട് ഒരുപാട് തവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി ഒരിക്കൽ അദ്ദേഹത്തിന്റെ തോട്ടത്തിലേക്ക് ഞങ്ങളെയും കൊണ്ടുപോയി അജ്മാനിൽ നിന്ന് വിട പറയും വരെ അദ്ദേഹത്തോടുള്ള അടുപ്പം നിലനിന്നിരുന്നു.

ഇന്ന് അജ്മാനിൽ വന്നപ്പോൾ ഞാൻ അദ്ദേഹത്തെപ്പറ്റി അന്വേഷിച്ചു അദ്ദേഹം വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ മരണപ്പെട്ടു പോയിരുന്നു. (ഇന്നാലില്ലാഹി വഇന്നാലി അലൈഹി റാജിഹൂൻ)

കഴിഞ്ഞ 35 വർഷമായി ഈ സംഭവം ഓർക്കാത്ത ദിവസങ്ങളില്ല ഇന്ന് ഈ ബാർബർ ഷോപ്പ് നേരിൽ കണ്ടപ്പോൾ ഒരുപാട് പഴയ ഓർമ്മകൾ മനസ്സിലൂടെ മിന്നി മറിഞ്ഞു, ഒരുപാട് വ്യക്തികളും. അവരിൽ മിക്കവരും ഇന്ന് ജീവിച്ചിരിക്കില്ല അവരുടെ പരലോക ജീവിതം ദൈവം അനുഗ്രഹമാക്കി കൊടുക്കട്ടെ (ആമീൻ)
**********************

17/09/2025

*ജന്മം കൊണ്ട് പാലക്കാരൻ കർമ്മംകൊണ്ട് പാലയൂർക്കാരൻ*
*********************
തൃശൂർ അതിരൂപതയിൽ പത്തു വർഷം (1997-2007) മെത്രാപ്പോലീത്തയായിരുന്ന മാർ ജേക്കബ് തൂങ്കുഴി പിതാവ് അദ്ദേഹം ജനങ്ങൾക്കു വേണ്ടിയും നാടിനു വേണ്ടിയും പ്രത്യേകിച്ച് പാലയൂരിൻ്റെ വളർച്ചക്കുവേണ്ടിയും ചെയ്ത കാര്യങ്ങൾ വളരെ വലുതാണ്.
തൃശൂർ ജൂബിലി മിഷ്യൻ മെഡിക്കൽ കോളജ് ,നേഴ്സിംങ്ങ് കോളജ്, ചെറുതുരുത്തി ജ്യോതി എൻജിനീയറിംങ്ങ് കോളെജ്, മുള്ളൂർക്കരയിലെ മഹാ ജൂബിലി മിഷൻ മെഡിക്കൽ കോളജ്, മുളയം മേരി മാത മേജർ സെമിനാരി, പെരിങ്ങണ്ടൂരിലെ എയ്ഡസ് രോഗികളെ സംരക്ഷിക്കുന്ന സെൻ്റർ എന്നിവയും തൃശൂർ അതിരൂപതയുടെ പൊൻതൂവലായ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഏകദിന തീർത്ഥാടനമായ പാലയൂർ മഹാതീർത്ഥാടനം തുടങ്ങിയതും, പാലയൂരിൽ സെൻ്റ് ഫ്രാൻസീസ്ക്കൻ സ്ക്കൂൾ തുടങ്ങാൻ നേതൃത്വം നല്കിയതും പാലയൂരിൻ്റെ സ്വന്തം പിതാവ് തന്നെ. പിതാവ് ചെയ്ത സേവനങ്ങളെ അനുസ്മരിക്കുമ്പോൾ തൃശൂർ അതിരൂപതയ്ക്കും പ്രത്യേകിച്ച് പാലയൂർ ഇടവകയ്ക്കും ഉള്ള കൃതജ്ഞത നിസ്സീമമാണ്.
ജന്മം കൊണ്ട് പാലക്കാരൻ ആണെങ്കിലും കർമ്മം കൊണ്ട് പാലയൂർക്കാരനാണ് തൂങ്കുഴി പിതാവ്.ഒരു പുരുഷായുസ് കാലം പുരോഹിതനായി ദൈവത്തിനും സമൂഹത്തിനും വേണ്ടി ശുശ്രൂഷ ചെയ്ത് നിത്യസമ്മാനത്തിനായി യാത്രയായ വന്ദ്യ പിതാവിന്
കണ്ണീർ പ്രണാമം... 🙏🏻
********************
*സനിൽ വിൻസെന്റ് പാലയൂർ*
********************

07/09/2025

*ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ*
*********************

കേരളത്തിലെ പ്രമുഖ മുസ്‌ലിം പണ്ഡിതനാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായ അദ്ദേഹത്തെ അനുയായികൾ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന് വിശേഷിപ്പിക്കുന്നു. അറബിയിൽ ശൈഖ് അബൂബക്കർ അഹ്മദ് എന്ന് വിളിക്കുന്നു. കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് എന്ന കൊച്ചു ഗ്രാമത്തിൽ ജനനം. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് സ്ഥിതിചെയ്യുന്ന മർക്കസു സ്സഖാഫത്തി സുന്നിയയുടെ ജനറൽ സെക്രട്ടറി, മുസ്‌ലിം പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, ലോക പ്രശസ്ത സംഘാടകൻ, നയതന്ത്ര വിദഗ്ദ്ധൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ കാന്തപുരം അറിയപ്പെടുന്നു.

കോഴിക്കോട്ജില്ലയിലെ താമരശേരിക്കടുള്ള ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കാന്തപുരം എന്ന ഗ്രാമത്തിൽ മൌത്താരി അഹമ്മദ്‌ ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1937 മാർച്ച് 22 നാണ് ആലുങ്ങാപൊയിയിൽ അബൂബക്കർ മുസ്‌ലിയാർ ജനിച്ചത്‌. പിതാവ് അഹമ്മദ് ഹാജി ഖുർആൻ പണ്ഡിതനായിരുന്നു. മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. തന്റെ പന്ത്രണ്ടാം വയസ്സിൽ പിതാവ് മരണപ്പെട്ടു. കാന്തപുരം എ.എം.എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് ഹയർ എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഖുർആൻ പാരായണ ശാസ്ത്രത്തിൽ പ്രാവീണ്യം നേടിയ ഖാരിഅ ആയിരുന്ന പുത്തൂർ അബ്ദുള്ള മുസ്‌ലിയാരിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കി. പിന്നീട് കാന്തപുരം, വാവാട്, പൂനൂർ, കോളിക്കൽ, തലക്കടത്തൂർ, ചാലിയം തുടങ്ങിയ പള്ളികളിൽ താമസിച്ചു മത പഠനം നേടിയടുത്തു. 1961-ൽ ഉപരിപഠനത്തിനായ വെല്ലൂർ ബാഖിയാത്തു സാലിഹാത് അറബിക് കോളേജിൽ ചേർന്നു.

*നേതൃത്വത്തിലേക്ക്*
****************
1962-ൽ തന്റെ ഇരുപത്തഞ്ചാം വയസ്സിൽ പൂനൂരിന് സമീപം മങ്ങാട് ജുമാ മസ്ജിദിലാണ് ദർസ് ആരംഭിച്ചത്. 1970-ൽ കോളിക്കൽ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വർഷത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദർസ് ചുമതലയേറ്റു. പിന്നീട് കുന്ദമംഗലത്തിനടുത്ത് കാരന്തൂരിൽ മർകസു സ്സഖാഫത്തി സുന്നിയ്യ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. 1981 മുതൽ 1988 വരെ മർകസ് ശരീഅ വിഭാഗം തലവനായും 1988 മുതൽ ചാൻസലറായും സേവനം ചെയ്യുന്നു. 1974 ഏപ്രിലിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറിൽ അംഗമായി. പിന്നീട് അതിന്റെ ഓഫിസ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായി. 1976 ൽ സംഘടന അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിക്കാൻ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയിൽ അംഗമായി. 1975 മുതൽ 1989 വരെ സമസ്ത കേരളാ സുന്നീ യുവജന സംഘം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1996 മുതൽ 2004 വരെ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ പ്രസിഡണ്ടായിരുന്നു. 1987-ൽ കേരള ഹജ്ജ് കമ്മിറ്റി അംഗം, അറബി പാഠ പുസ്തക സംശോധനാ കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ശേഷം സമസ്തയിലുണ്ടായ ചില പ്രശ്നങ്ങളാൽ 1989 ൽ സമസ്ത പുന സംഘടിപ്പിക്കപ്പെട്ടു. അന്ന് മുതൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്നു. 1992-ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. 1993-ൽ തന്നെ കോഴിക്കോട് സംയുക്ത ഖാദിയായി ബൈഅത്ത് ചെയ്യപ്പെട്ടു. 2019 ഡൽഹിയിൽ നടന്ന ഗരീബ് നവാസ് സമാധാനസമ്മേളനത്തിൽ ഒരു വിഭാഗം മുസ്‌ലീം പണ്ഡിതർ അദ്ദേഹത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ സുന്നി-സൂഫി ധാരയിലെ പരമോന്നത നേതാവായി അദ്ദേഹത്തെ അനുയായികൾ കരുതുന്നു. ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ ഈ പദവിയിലെത്തുന്നത്.

കൂടാതെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ എ.പി വിഭാഗത്തിന്റെ ജനറൽ സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, സുന്നീ യുവജന സംഘം സുപ്രീം കൌൺസിൽ അധ്യക്ഷൻ. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ്, മർകസുസഖാഫത്തി സുന്നിയ്യ ജനറൽ സെക്രട്ടറി, കേരളത്തിലെ നാല് ജില്ലകളുടെ സംയുക്ത ഖാസി പദവി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

*ആഗോള തലത്തിൽ*
****************
ജോർദ്ദാൻ രാജാവിന്റെ മേൽനോട്ടത്തിൽ പ്രവത്തിക്കുന്ന റോയൽ അൽ ബയ്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട്‌[8], മുസ്ലിം വേൾഡ് ലീഗ്[അവലംബം ആവശ്യമാണ്] തുടങ്ങിയ ലോക സംഘടനകളിൽ അംഗമാണ് അദ്ദേഹം. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ അറബ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് വ്യക്തിബന്ധമുണ്ട്.

ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച 2010 - 2020 കാലയളവിൽ ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തികളിൽ ഒരാളായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ തെരഞ്ഞെടുത്തിട്ടുണ്ട്.

*മതരംഗത്ത്*
****************
കോഴിക്കോട് ജില്ലയിലെ കാരന്തൂർ പ്രദേശത്തുനിന്നാണ് തന്റെ പ്രവർത്തനങ്ങൾക്ക് കാന്തപുരം തുടക്കമിട്ടത്. അനാഥാലയങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ശരീഅത്ത്, ഖുർആൻ പഠന കേന്ദ്രം, എഞ്ചിനീയറിംഗ് കോളേജ്, ലോ കോളേജ്, ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്തർദേശീയ പാഠശാലകൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, സാന്ത്വന കേന്ദങ്ങൾ, വ്യാപാര സമുച്ചയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്ന മർക്കസു സ്സഖാഫത്തി സുന്നിയ എന്ന പ്രശസ്ത സ്ഥാപനത്തിന്റെ സൂത്രധാരനും സ്ഥാപകനും, സ്ഥാപിത കാലം മുതൽ ജനറൽ സെക്രട്ടറിയും ആണ് കാന്തപുരം. ആ­യി­ര­ക്ക­ണ­ക്കി­ന് പള്ളി­ക­ളും മറ്റു വി­ദ്യാ­ഭ്യാസ സ്ഥാ­പ­ന­ങ്ങ­ളും മർ­ക­സി­ന് കീ­ഴിൽ കേ­ര­ള­ത്തി­ന് അക­ത്തും പു­റ­ത്തു­മാ­യി സ്ഥാ­പി­ച്ചി­ട്ടു­ണ്ട്. കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകൻ, ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകൾ, സുന്നി പ്രസിദ്ധീകരണങ്ങൾ, സുന്നി മുഖ പത്രമായ സിറാജ് ദിനപത്രം തുടങ്ങിയവയുടെ പ്രവർത്തനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്. അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം.

*വിദ്യാഭ്യാസ രംഗത്ത്*
*******************
കാന്തപുരം ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്ന പ്രവർത്തന മണ്ഡലമാണ് വിദ്യാഭ്യാസ രംഗം. വിദ്യാഭ്യാസ രംഗത്തെ കാന്തപുരത്തിൻറെ സ്വപ്ന പദ്ധതിയായ മർക്കസ് നോളജ് സിറ്റി കോഴിക്കോട് കൈതപ്പൊയിൽ എന്ന സ്ഥലത്ത് 120 എക്ടരിൽ നിർമ്മാണത്തിലാണ്. നിലവിൽ ശരിഅ സിറ്റി,യുനാനി മെഡിക്കൽ കോളേജ്, തുടങ്ങിയ നിരവധി അക്കാദമിക് സമുച്ചയം നിലവിൽ വന്നു.

*ജീവകാരുണ്യ രംഗത്ത്*
******************
അനാഥകളായ വിദ്യാർഥി വിദ്യാർഥിനികളെ ദത്തെടുത്ത് വിദ്യാഭ്യാസവും ഭക്ഷണ, താമസ സൗകര്യങ്ങളും നൽകുന്നതിലും അവർക്ക് ഉന്നത പഠനവും ലഭ്യമാക്കുന്നതിനു കാന്തപുരത്തിന്റെ കീഴിൽ വിവിധ അനാഥാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഭൂകമ്പം നാശം വിതച്ച ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ബംഗാൾ, ത്രിപുര, പഞ്ചാബ്, ഗുജറാത്ത്, ആസ്സാം, ഒറീസ്സ, ഇന്ത്യ - പാക്ക് അതിർത്തി പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ അനാഥരും ദുർബലരുമായ വിദ്യാർതികൾക്ക് മർക്കസ്‌ പഠന സൗകര്യം നൽകുന്നുണ്ട്. നേപ്പാൾ പോലുള്ള രാജ്യങ്ങളിൽ അടുത്തകാലത്ത് പ്രവർത്തനം വ്യപിപ്പിച്ചിട്ടുണ്ട്. സംഘർഷങ്ങളുടെ ഫലമായി അനാഥകളാക്കപ്പെടുകയോ പഠന സൌകര്യങ്ങൾ നിഷേധിക്കപ്പെടുകയോ ചെയ്ത കാശ്മീരി വിദ്യാർഥികളെ മർക്കസിനു കീഴിൽ സംരക്ഷിച്ചു വിദ്യാഭ്യാസം നൽകുന്നുണ്ട്. വിദേശ രാഷ്ട്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് ഇദ്ദേഹം. അദ്ദേഹം നേതൃത്വം നൽകുന്ന സുന്നി യുവജന സംഘത്തിന്റെ കീഴിൽ ആതുര ശുശ്രൂഷ പ്രവർത്തനങ്ങൾക്കായി 'സാന്ത്വനം' എന്ന ഉപ വിഭാഗം പ്രവർത്തിക്കുന്നു. ഗവ മെഡിക്കൽ കോളേജുകൾ, ജില്ല -താലൂക്ക് ആശുപത്രികളിൽ സൌജന്യ വളണ്ടിയർ സേവനം, ഉപകാരണങ്ങൾ സമർപിക്കൽ, ആംബുലൻസ് സർവീസ്, സൗജന്യ മരുന്ന് ഭക്ഷണ വിതരണം, പ്രാദേശികമായി മെഡിക്കൽ ഉപകാരനങ്ങളും വളണ്ടിയർ സേവനവും നൽകുന്ന മെഡിക്കൽ ക്ലിനിക്കുകൾ, സാന്ത്വനം ക്ലബ്ബുകൾ എന്നിവ സംസ്ഥാനത്തെ 2000 അതികം സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു.

*സാമൂഹിക രംഗത്ത്*
*******************
മത രംഗത്ത് സേവനം ചെയ്യുന്നതോടൊപ്പം സാമൂഹിക സേവനവും കാന്തപുരം നിർവഹിക്കുന്നു. മതേതര പൊതുമണ്ഡലത്തിൽ ഇടപെടാറുള്ള ഒരു മുസ്ലിം നേതാവാണ് കാന്തപുരം. ഇന്ത്യയിൽ പിന്നോക്കം നിൽക്കുന്ന വിവിധ മേഖലകളിൽ സേവന ദൗത്യവുമായി അദ്ദേഹം എത്തിയിട്ടുണ്ട്. ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്ലാം ദുരിതത്തിൽ ജീവിക്കുന്നവരുടെ ഇടയിലേക്ക് കടന്നുവരികയും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.

*യാത്രകൾ*
*************
"മനുഷ്യമനസ്സുകളെ കോർത്തിണക്കുക"എന്ന ശീർഷകത്തിൽ 1999 ൽ ഒരു കേരള യാത്ര നടത്തുകയുണ്ടായി.
2012 ൽ കാസർഗോട്ടു നിന്നും തിരുവനന്തപുരത്തേക്ക് "മാനവികതയെ ഉണർത്തുന്നു."യെന്ന മുദ്രാവാക്യവുമായി കേരളയാത്ര നടത്തി.
2014 ൽ കർണ്ണാടകയാത്ര നടത്തി.
ആസാം യാത്ര
കാശ്മീർയാത്ര
ദ്വീപ് യാത്ര

*പ്രധാന ഗ്രന്ഥങ്ങൾ*
****************
ഇസ്‌ലാമിലെ ആത്മീയ ദർശനം
വിശുദ്ധ പ്രവാചകന്മാർ ഇത് അറബിയിലേക്ക് ട്രാാൻസിലേറ്റ് ചെയ്തിട്ടുണ്ട്
സ്ത്രീ ജുമുഅ
കൂട്ടുപ്രാർഥന
ജുമുഅ ഖുതുബ
അൽ-ഹജ്ജ്
മൈന്റ് ഓഫ് ഇസലാം
അമേരിക്കൻ ഡയറി
ത്വരീഖത്ത് ഒരു പഠനം
ഇസ്ലാമും ഖാദിയാനിസവും
മുഹമ്മദ് റസൂല് (സ)
ഇസ്‌ലാം പഠനത്തിനൊരാമുഖം
പ്രിയപ്പെട്ട കുട്ടികളെ (ഇത് അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്)
വിശ്വാസ പൂർവ്വം (ആത്മകഥ)

*ആത്മകഥ*
****************
അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയാണ് വിശ്വാസപൂർവം. മലബാർ ഫൗണ്ടേഷൻ ഫോർ റിസേർച്ച് ആന്റ് ഡെവലപ്‌മെന്റിാണ് ഇതിന്റെ പബ്ലിക്കേഷൻ ചെയ്തിരിക്കുന്നത്.മെയ് 2024ലാണ് ഇതിന്റെ ആദ്യ എഡിഷൻ പുറത്തിറങ്ങിയത്. അബൂബക്കർ മുസ്ലിയാരുടെ ജീവിത്തിന്റെ ഏകദേശ ഭാഗങ്ങളെല്ലാം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. മലയാളമനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബാണ് ഈകൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത്.

*നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾ*
******************
മർക്കസു സ്സഖാഫത്തി സുന്നിയ, കോഴിക്കോട്
മർക്കസ് നോളജ് സിറ്റി, കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലിൽ
ഗുരുക്കന്മാർ
തിരുത്തുക
ബഹ്റുൽ ഉലൂം എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഓ. കെ. സൈനുദ്ധീൻ കുട്ടി മുസ്ലിയാർ,ശൈഖ് ഹസ൯ ഹസ്റത്ത്, മുഹമ്മദ്‌ അബൂബക്ക൪ ഹസ്റത്ത്, അബ്ദുൽ ജബ്ബാ൪ ഹസ്റത്ത്, സഈദ്‌ ഹസ്റത്ത്, മീറാ൯ ഹസ്റത്ത്എ, ഇമ്പിച്ചാലി മുസ്‌ലിയാർ കുറ്റിക്കാട്ടൂർ എന്നിവ൪ ഗുരുനാഥ൯മാരാണ്‌.

*ഇന്ത്യൻ ഗ്രാൻഡ് മുഫ്തി*
***************
2018 ജൂലൈ 20 ന് ഗ്രാൻഡ് മുഫ്തി അക്തർ റാസ ഖാൻ മരിച്ചതിനെത്തുടർന്ന് രാംലീല മൈതാനത്ത് നടത്തിയ പരിപാടിയിൽ ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ തിരഞ്ഞെടുത്തു എന്ന് മുസ്‌ലിയാരുടെ സ്വന്തം സ്ഥാപനമായ മർക്കസുസ്സഖാഫത്തുസ്സുന്നിയ്യയുടെ പത്രക്കുറിപ്പ് അവകാശപ്പെടുന്നു. 2019 ഫെബ്രുവരി 24 ഞായറാഴ്ചയാണ് പരിപാടി നടന്നത്. ചടങ്ങിന് ശേഷം, വിവിധ പ്രദേശങ്ങളിൽ അനുയായികൾ അദ്ദേഹത്തിന് സ്വീകരണം സംഘടിപ്പിച്ചിരുന്നു.

*ബഹുമതികൾ, പുരസ്കാരങ്ങൾ, അന്താരാഷ്ട്ര അംഗീകാരങ്ങൾ*
***************
2023 ജൂലൈ 20 ന് ഇസ്ലാമിൽ സ്നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളുടെ അടിസ്ഥാനത്തിൽ മലേഷ്യൻ രാജാവ് അൽ സുൽത്താൻ അബ്ദുല്ല സുൽത്താൽ അഹമ്മദ് ഷാഹത്ത് ൻറെ നേതൃത്വത്തിൽ മലേഷ്യ അദ്ദേഹത്തെ അന്താരാഷ്ട്ര ടോക്കോ മാൽ ഹിജ്റ അവാർഡ് നൽകി ആദരിച്ചു.
ഇസ്ലാമിക സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണത്തിനുള്ള സേവനത്തിന് സൌദി അറേബ്യ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ഹെറിറ്റേജിൽ നിന്നും ഇസ്ലാമിക് ഹെറിട്ടേജ് അവാർഡ്. 2008 ജനുവരിയിൽ അന്നത്തെ പാർലമെന്ററി കാര്യ മന്ത്രി വയലാർ രവിയാണ് ഈ അവാർഡ് നൽകിയത്.
1992ലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള റാസ് അൽ ഖൈമ ഇസ്ലാമിക് അക്കാദമി അവാർഡ്
വിദ്യാഭ്യാസ, സാമൂഹിക സേവന മേഖലകളിലെ മികച്ച സേവനങ്ങൾക്കുള്ള ഇന്ത്യൻ ഇസ്ലാമിക് സെന്റർ അവാർഡ്
2005-ലെ ഹമീൽ അൽ ഗെയ്ത്ത് അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ പുരസ്കാരം
2006ലെ മികച്ച ഇന്തോ-അറബ് വ്യക്തിത്വത്തിനുള്ള പുരസ്കാരം
മികച്ച വിദ്യാഭ്യാസ സേവങ്ങൾക്ക് 2016 ലെ മലേഷ്യയിലെ ക്വലാലംപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒഎസി ടുഡേ ഏർപ്പെടുത്തിയ ദി പ്രഷ്യസ് ജ്വൽസ് ഓഫ് മുസ്‌ലിം വേൾഡ് ബിസ് അവാർഡ് അന്നത്തെ മലേഷ്യൻ ധനകാര്യമന്ത്രി ജോഹാരി അബ്ദുൾ ഗനി സമ്മാനിച്ചു .
എസ്.എസ്.എഫ് ഗൾഫ് ഘടകമായ ആർ.സി.സി നൽകിയ കഴിഞ്ഞ അര നൂറ്റാണ്ടില് കേരള മുസ്ലിം ജീവിതത്തെ ഏറ്റവും കൂടുതല് സ്വാധീനിച്ച നേതാവ് എന്ന നിലയിൽ മഖ്ദൂം അവാർഡ്
കേരള പ്രവാസി ഭാരതി അവാർഡ്
ജോർദാനിലെ റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച ഏറ്റവും സ്വാധീനമുള്ള 500 മുസ്ലീങ്ങളുടെ പട്ടികയിൽ ഇന്ത്യ നിന്നും അദ്ദേഹം തുടർച്ചയായി നിരവധി വർഷങ്ങളായി സ്ഥാനം പിടിച്ചിട്ടുണ്ട്.
******************
*ഷംസുദ്ധീൻ പുതിയവീട്ടിൽ*

06/09/2025
Want your business to be the top-listed Media Company in Sharjah?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Sharjah