SixDots

SixDots

Share

27/02/2024

സച്ചിൻ കയറിയ ക്ലാസ് മുറിക്കുള്ളിൽ | SixDots Stories - School Days #09
-----------------------------------------------
ഷോപ്പിംഗിനു സൂപ്പർമാർക്കെറ്റിൽ കയറിയതാണ്. പച്ചക്കറി, മുട്ട, പാൽ, വേണ്ടി വന്നാൽ മീനോ ഇറച്ചിയോ.. ഇതാണ് ട്രോളിയിലേക്ക് എത്തുന്ന പ്രധാന സാധനങ്ങൾ. ട്രോളി നീക്കിപോവുന്ന നേരം, കണ്ണുടക്കുന്ന ഷെൽഫുകളിലേക്ക് അറിയാതെ നമ്മൾ പോകുന്നത് പതിവാണല്ലോ.. ഇത്തവണ പോയതും, കണ്ണുകൾ ഉടക്കിയതും ഒരു കൂട്ടം ക്രിക്കറ്റ് ബാറ്റുകളിലേക്കാണ്.

ട്രോളി പതുക്കെ മാറ്റി വെച്ച്, അവിടെ കണ്ടതിൽ നിന്നുമൊരു ബാറ്റെടുത്തു. ബാറ്റിന്റെ കൈപ്പിടിയിൽ പിടിച്ചു, പഴയ സ്കൂളുകാരന്റെ ഓർമയിൽ ആ ഫ്ലോറിൽ ഞാൻ ബാറ്റൊന്നു വീശി.. നല്ല പോലെ വീശിയടിച്ച ബാറ്റെന്നേം കൊണ്ട് പറന്ന് വീണത്, മുറ്റത്തും പറമ്പിലും, പിന്നെ സ്കൂളിലും കളിച്ചു തീർത്ത ഓർമ്മകളിലേക്കാണ്.

അന്നിങ്ങനെയല്ല, തെങ്ങിന്റെ മടല് കൊണ്ടുണ്ടാക്കിയ ബാറ്റും, സ്റ്റമ്പും. അണ്ണന്റെ കടയിൽ പോയി മേടിച്ച റബ്ബർ പന്തും. പൊതുവഴിയെ പിച്ച് ആക്കിയ കളിക്കളവും. പിന്നെ, ലോകത്തെവിടെയുമില്ലാത്ത നിയമങ്ങളാണ്. സച്ചിനും, ഗാംഗുലിയും, ഷൈൻ വോണും, അക്തറും, ജയസൂര്യയും അരങ്ങു വാഴുന്ന, ക്രിക്കറ്റ് ലോകത്തിന്റെ രാജാക്കന്മാർക്ക് പോലും ജയിക്കാൻ പറ്റാത്ത നിയമങ്ങൾ. പൊക്കിയടിച്ചു മതിലപ്പുറം പോയാൽ പോലും ഔട്ടാകുന്ന, മുന്നിലേക്ക് മാത്രം സിക്സും ഫോറുമുള്ള കളിക്കളങ്ങൾ.

പൊന്തക്കാട്ടിലേക്ക് പറന്നുപോയി കാണാതാവുന്ന പന്തുകൾ. അത് തപ്പി മറ്റൊരു പന്ത് കിട്ടുമ്പോൾ 'ദാ ഇന്നലെ പോയതെന്ന" പതിവ് പല്ലവികൾ. ഇരുട്ട് വീണാലും, വീട്ടിൽ നിന്നുള്ള നീട്ടിവിളി കാതിൽ വന്നാലും, പോകാൻ മടിച്ചു നിൽക്കുന്ന അവസാന ഓവറുകൾ. അവസാനം പന്തെറിയുമ്പോൾ ഇരുട്ട് കാരണം കാണുന്നില്ലെന്ന് തീർത്തു പറയുന്ന നേരം വീട്ടിലേക്കുള്ള തിരിച്ചു പോക്കുകൾ. പോകുമ്പോ ചിലർ പരാജയം നുണഞ്ഞു, മറ്റുള്ളോർ ജയിച്ചതിന്റെ വീമ്പു പറച്ചിലും. അങ്ങിനെ ക്രിക്കറ്റ് ഒരു ജ്വരമായി സിരകളിൽ പടർന്നു പന്തലിച്ച സ്കൂൾ കാലം.

ബാറ്റു കണ്ട മാത്രയിൽ പഴയ കളിക്കളങ്ങൾ തീർത്ത ഓർമ്മകൾ കൊണ്ട് ഒരു നൊസ്റ്റു ഫീലിൽ ഷോപ്പിൽ നിന്നും ഇറങ്ങി നടന്നു. കൂട്ടുകാരെ ഓർമ്മ വന്നു. കൂടെ പഠിച്ചവരുടെ കൈകളിൽ നിറഞ്ഞാടിയ ക്രിക്കറ്റ് സ്കോർ കാർഡുകൾ ഓർമ്മ വന്നു. ബിഗ് ബബൂളും, ബൂമറും കൊണ്ട് ക്ലാസ് മുറികളിൽ കളിച്ചു തീർത്ത ക്രിക്കറ്റ് കാർഡുകൾ...ഒരു പക്ഷെ, അതില്ലാത്ത ഹൈസ്കൂൾ ദിവസങ്ങൾ നന്നേ കുറവായിരുന്നു ഞങ്ങൾക്ക്. അത് മേടിക്കാൻ ഞാൻ കയറിയ അണ്ണന്റെ കടയും, മുൻ നിരയിലിരിക്കുന്ന ബബിൾ ഗമ്മിന്റെ കുപ്പികളും മറവിക്ക് വിട്ട് കൊടുത്തിട്ടില്ല. അതിനൊക്കെ പുറമെ സീസണുകളിൽ നടക്കുന്ന ലോകക്കപ്പുൾപ്പെടെയുള്ള ക്രിക്കറ്റ് മാമാങ്കങ്ങൾ ടി വിയിൽ കണ്ണ് നിറച്ചു കണ്ടു തീർത്ത കാലവും.

കഴിഞ്ഞ ഒരുപാട് കാലങ്ങളായി കളിക്കളങ്ങളിൽ നിന്നും മാറി നടന്നിട്ട്. പ്ലസ് ടു കാലത്താണെന്ന് തോന്നുന്നു ബാറ്റുകൾ ഉപേക്ഷിച്ചത്. അന്നും, ക്രിക്കറ്റ് മാച്ചുകളുണ്ടെങ്കിൽ പഠിത്തം മാറ്റി വെക്കുമായിരുന്നു. പാലക്കാട് പി എം ജി ഹയർ സെക്കണ്ടറി സ്കൂളിലെ മാത്‍സ് ക്ലാസ് മുറിയിൽ ടീച്ചർ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയാണ്. ആ സമയം ഇന്ത്യയുടെ ക്രിക്കറ്റ് മാച്ച് നടക്കുന്നുണ്ട്. കളി കാണാൻ വീട്ടിൽ ലീവെടുത്തിരിക്കാൻ കഴിയാത്ത കുട്ടികൾ ഞങ്ങൾ. കളിയാണേൽ ക്ലാസ്സ്മുറിയേക്കാൾ പ്രധാനവും. എന്ത് ചെയ്യുമെന്ന് ഞങ്ങളാലോചിച്ചിരിക്കുന്ന നേരത്താണ് ആ മഹാൻ, അനുഗ്രഹവുമായൊരു സാധനവും കൊണ്ട് ക്ലാസ് മുറിയിലേക്ക് വരുന്നത്.

ഹിഷാം എന്നാണ് പേര്. ഷാർജയിലെ ചുറ്റുപാടിൽ ജീവിച്ചു, പ്ലസ് ടു പഠിക്കാനായി പാലക്കാട് അങ്കിളിന്റെ വീട്ടിൽ നിന്നും ഞങ്ങളുടെ ഇടയിലേക്ക് ചേക്കേറിയ ഗൾഫുകാരൻ പയ്യൻ. അന്നൊക്കെ ഗൾഫുകാരന്റെ തിളക്കം അവൻ കൊണ്ട് വരുന്ന എല്ലാറ്റിലുമുണ്ടാവുമായിരുന്നു. ബാഗിലും, പേനയിലും, കണ്ണടയിലും, അവനടുത്ത് വരുമ്പോൾ പടരുന്ന നല്ല സുഗന്ധത്തിലും അവൻ സാക്ഷാൽ ഗൾഫുകാരൻ തന്നെയായി തിരിച്ചറിയപ്പെടും. ഷാർജയിലെ തിളക്കമുള്ള, ചുറുചുറുക്കുള്ള പയ്യന്റെ ഒരു അഹങ്കാരവും പെരുമാറ്റത്തിലോ, ചേർന്ന് നിൽക്കുന്നതിലോ ഇല്ലാത്ത അവനു, എല്ലാവരുമായും നല്ല കൂട്ട് കൂടാനും അധിക സമയം വേണ്ടി വന്നില്ല. തലയിൽ തേക്കാവുന്ന ഹെയർ ക്രീമുകൾ പലതും എനിക്ക് പരിചയപ്പെടുത്തിയത് അവനാണ്.

അത് പോലെ കയ്യിൽ പലതും ഉണ്ടാവും. അന്നും, അങ്ങനെയാണവൻ കയ്യിലൊരു വാക്മാൻ കൊണ്ട് വന്നത്. അതെന്താണെന്ന് വിചാരിക്കുന്നുണ്ടാവും ഇക്കാലത്തുള്ളവർ. പാട്ടും റേഡിയോയും കേൾക്കാൻ ബാറ്ററി കൊണ്ട് ചാർജ് ചെയ്ത കാസറ്റ് വലുപ്പത്തിലുള്ള ചെറിയൊരു പാട്ടുപെട്ടി. അതിന്റെ വാലായി ഒരു ഇയർഫോൺ കൂടിയുണ്ടാവും. അന്നൊക്കെ അത് സ്റ്റൈലായി കൊണ്ട് നടക്കുന്നവരുമുണ്ടായിരുന്നു. ഈ സാധനവും കൊണ്ടാണ് ക്രിക്കറ്റ് നടക്കുന്ന നേരത്തു, അഥവാ മാത്‍സ് ക്ലാസ്സു നടക്കുന്ന നേരത്ത് ഹിഷാം ക്ലാസ്സിലിരിക്കുന്നത്. ടീച്ചർ വരുന്നതിനു മുന്നേ, വാക്മാനിൽ ക്രിക്കറ്റ് അപ്ഡേറ്റ് കിട്ടുന്ന സ്റ്റേഷൻ റെഡിയാക്കി. ക്ലാസ് നടക്കുമ്പോഴും കളിയുടെ വിവരങ്ങൾ അറിയാനുള്ള ചാണക്യബുദ്ധി.

ടീച്ചർ വന്നു, ക്ലാസ് തുടങ്ങി. ഒരു പാവം പിടിച്ച ഗസ്റ്റ് ലെക്ചറ്റ്ർ ആണ്. വന്നാൽ ക്ലാസ്സെടുത്തിട്ട് പോകും. ചീത്തപറച്ചിൽ പോലും അത്രക്ക് വശമില്ലാത്ത അവരുടെ ക്ലാസ് തുടങ്ങിയാൽ പൊതുവെ കലപിലയുടെ അകമ്പടി കൊണ്ട് കൂടി ആ മുറി നിറഞ്ഞിരിക്കാറാണ് പതിവ്. അന്ന് ക്ലാസ് ശാന്തമായിരിക്കുന്നു. ടീച്ചർ ക്ലാസ്സെടുക്കുന്നു. എന്തായിരിക്കും ഈ നിശബ്ദതയുടെ കാരണം. കലപിലയുടെ കാരണക്കാർ ഇന്ന് അതീവ ശ്രദ്ധയോടെയാണ് കേൾക്കുന്നത്, തെറ്റിദ്ധരിക്കരുത്...കേൾക്കുന്നത് ടീച്ചറുടെ വാക്കുകളല്ല. റേഡിയോ ഓണാക്കി ഇയർഫോൺ സഹായത്തിൽ അന്ന് നടക്കുന്ന ഇന്ത്യയുടെ ക്രിക്കറ്റ് കമന്ററി അതീവ ശ്രദ്ധയോടെ കേൾക്കുകയാണ്. വാക്മാനിൽ നിന്നും പുറകിലെ ബെഞ്ചിൽ ഹിഷാമടക്കം കുറച്ച പേര് കേൾക്കും. ഒപ്പം ഓരോ കാതുകളിലേക്കും അവരത് പാസ് ചെയ്യും. അങ്ങിനെ മുൻനിരയിലേക്ക് വരെ ഒഴുകിവരുന്ന അപ്ഡേറ്സ് ഓരോ നിമിഷവും ശ്രദ്ധയോടെ കേൾക്കുന്ന ആ ക്ലാസ്സിൽ നിശബ്ദതയുടെ മനോഹാരിത വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ക്ലാസ്സിലിത്ര കോലാഹലങ്ങൾ എന്തെ ഇല്ലാത്തെ ന്നു ടീച്ചർ ആലോചിക്കുന്ന പോലെ തോന്നുന്നു. "ഹെയ്, നല്ല കുട്ടികളെ സംശയിച്ചു കൂടാ", ടീച്ചർ ക്ലാസ് തുടരുകയാണ്. കളിയുടെ വിവരങ്ങൾ ക്ലാസ് മുറിയിൽ പടരുകയാണ്. പതിയെ പതിയെ ഞങ്ങൾ ആ സ്കൂളിന്റെ ചുവരുകൾക്കുമപ്പുറം കടന്നു, ക്രിക്കറ്റ് കളിയുടെ ഗാലറിയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. സച്ചിനാണ് ക്രീസിൽ, പന്തുകൾ നേരിടുന്ന സച്ചിന് പിഴവ് പറ്റാൻ പാടില്ല. എതിരാളിയുടെ കൈകൾ പന്തുരുട്ടുന്നു. സച്ചിൻ തന്റെ ബാറ്റിന്റെ താളം പിടിച്ചു...ബൗളർ പന്തെറിഞ്ഞു വിക്കറ്റ് ലക്ഷ്യമാക്കി അത്യുഗ്രൻ പന്ത് സച്ചിന് നേരെ ആഞ്ഞടുത്തു...ഞങ്ങൾ ശ്വാസം അടക്കിപിടിച്ചിരുന്നു. ഔട്ടാവല്ലേ ന്നു മനമുരുകി പ്രാർത്ഥിച്ചു. അതാ വിക്കറ്റിനടുത്തേക്ക് പന്തെത്തുന്നു...സച്ചിൻ ബാറ്റു വീശുന്നു...ആകാശത്തിലേക്ക് ഉയർന്നു പൊങ്ങിയ പന്ത് അതിരുകൾ താണ്ടി...., അതെ....., അത് സിക്സർ തന്നെയാണ്...!!! അത് കണ്ട ഹിഷാം ഉറക്കെപ്പറഞ്ഞു "സച്ചിൻ സിക്‌സേ...........!!!".

പെട്ടെന്ന്, ഞങ്ങൾ സ്വബോധത്തിലേക്ക് വന്നു. ഞങ്ങൾ ഗാലറിയിലല്ല. പ്ലസ് ടു പഠിക്കുന്ന മാത്‍സ് ക്ലാസ് മുറിയിലാണ്. അതെടുക്കുന്ന ടീച്ചറുടെ മുന്നിലാണ്. അതെ സമയം "ഞാനിതെവിടെയാണ്?" എന്നായി ടീച്ചറുടെ സംശയം. അവന്റെ സിക്സ് വിളി, സച്ചിനടിച്ച പന്തിനേക്കാൾ അതിരു കടന്നു വന്നു ക്ലാസ് മുറിയുടെ ചുവരുകൾ കീറി മുറിച്ചു. പെൺകുട്ടികൾ അന്തം വിട്ടു നോക്കി. അവർക്കറിയില്ലലോ ഈ പയ്യന്മാർ എല്ലാവരും കളി കാണാൻ പോയതാണെന്ന്. പെട്ടെന്ന് ഞങ്ങൾ ആ വാക്മാൻ ബാഗിലേക്ക് ഒളിപ്പിച്ചു വെച്ച്. നിശബ്ദമായ ആ നിമിഷങ്ങൾ ഭേദിച്ച് ഒരു ചിരി പടർന്നു. ഇനിയെന്ത് സംഭവിക്കുമെന്ന് പേടിച്ചിരുന്നു ആ നിമിഷത്തിൽ, ടീച്ചർ ആ പേടിയെ അവസാനിപ്പിച്ചത് ഒരു ചിരിയിലൂടെയായിരുന്നു. നന്ദി ടീച്ചറെ... ആ ചിരി ഇന്നും ഞങ്ങളിൽ മായാതെ നിൽക്കുന്നുണ്ട്. ടീച്ചറുടെ കണക്ക് പുസ്തകത്തിൽ എഴുതിയ കണക്കിനേക്കാൾ ഞങ്ങൾക്ക് ഓർമ്മകൾ സമ്മാനിച്ച പുഞ്ചിരിയുടെ കഥ ഇവിടെ പറഞ്ഞു വെക്കട്ടെ.

ഒരു നിമിഷത്തേക്ക് കണ്ണിലേക്ക് പതിഞ്ഞ ആ ബാറ്റുകൾ എന്റെ ഓർമകളെ ഇത്രത്തോളം ഉണർത്തുമെന്ന് കരുതിയില്ല. കളിക്കളങ്ങൾ തീർത്ത വഴക്കുകൾ പോലും ഇന്ന് സുഖമുള്ള ഓർമകളാണ്. അന്നുണ്ടാക്കിയ വഴക്കുകൾ കൊണ്ട് ഒരു സൗഹൃദവും ഇല്ലാതെയായിട്ടില്ല, ഓർമ്മകൾ ഇല്ലാതെയായിട്ടില്ല, സങ്കടങ്ങൾ ഇല്ലേയില്ല. കഥകൾ തീർത്ത ബാറ്റുകൾ ഇത് വല്ലോം അറിയുന്നുണ്ടോ ആവോ. കാണാതെ പോയ പന്തുകൾ ഇന്നെവിടെയാണോ എന്തോ, കൂടെ കളിച്ചവർ ജീവിതത്തിൽ ഇപ്പോ എന്ത് കളിക്കുന്നു ആവോ...ശുഭം.

===============================================
ഫാറൂഖ് മുണ്ടൂർ Farooq Mundur
- Copyright © SixDots

Photos from SixDots's post 12/08/2022

വെള്ളിയാഴ്ചയാണ്
പള്ളിയിൽ സമയത്തിന് എത്തൂലെ...
അവനു ആധിയായി

അപ്പോഴാണ് കാറിലെ ചേട്ടന്റെ ചോദ്യം

Find more onthoughtz

Follow us on
Instagram - https://www.instagram.com/sixdots.thoughtz/?hl=en
Facebook - https://www.facebook.com/SixDots-113892913595128

Want your public figure to be the top-listed Public Figure in Dubai?
Click here to claim your Sponsored Listing.

Website

Address


Dubai