Jayesh Viswanathan

Jayesh Viswanathan

Share

04/08/2024

ഏവർക്കും നമഃസ്ക്കാരം

കുറച്ചു വർഷങ്ങൾക്ക് മുമ്പ് നിരവധി മോഹന വാഗ്ദാനങ്ങൾ നൽകികൊണ്ട് നമ്മൾ പ്രവാസികളുടെ ഇടയിലേക്ക് കടന്നുവന്ന സംഘടനയാണ് KPA. സോഷ്യൽ മീഡിയ വഴി നിരവധി വാഗ്ദാനങ്ങൾ നൽകി പാവം പ്രവാസികളെ മുഴുവൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് (വെളിച്ചം കണ്ട ഈയാം പാറ്റകളെ പോലെ) ആകർഷിപ്പിക്കുകയും പിന്നീട് അവരെ സംഘടനയുടെ അംഗബലം ആയി ഉയർത്തി കാണിച്ചു പ്രവർത്തിച്ച ഈ സംഘടനയ്ക്ക്, അന്ന് പ്രവാസി സമൂഹത്തിനു നൽകിയ ഒരു വാഗ്ദാനംപോലും നടപ്പിൽ വരുത്തുവാൻ സാധിച്ചില്ലെന്ന് മാത്രമല്ല ആ മോഹവാഗ്ദാനങ്ങളിൽ വീണുപോയ കുറെ പ്രവാസികളുടെ സമയവും പണവും മനസമാധാനവും നഷ്ടപ്പെടുത്തുന്നതിനും ഇടവരുത്തി.

*KPA എന്ന പ്രവാസി സംഘടനയുടെ പാലിക്കപെടാത്ത ചില വാഗ്ദാനങ്ങൾ*

1. ഓരോ പഞ്ചായത്തിലും പ്രവാസികളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് സംരംഭങ്ങൾ ആരംഭിക്കും.
2. ആരംഭിക്കുന്ന സംരംഭങ്ങൾക്കായി Centralized Purchasing.
3. സംരംഭം company ആയി രജിസ്റ്റർ ചെയ്യാനുള്ള സഹായം.
4. പ്രവാസി ഇൻഷുറൻസ് ആരംഭിക്കും.
5. കുറഞ്ഞ ചിലവിൽ ഫ്ലൈറ്റ് ടിക്കറ്റ്സ് ലഭ്യമാക്കും.
6. ഓരോ ജില്ലയിലും ടിക്കറ്റ് ബുക്കിങ് & Job Recruiting Centers ആരംഭിക്കും.
7. പ്രവാസി പെൻഷൻ ആരംഭിക്കും.
8. പ്രവാസി സംരംഭങ്ങളിൽ നിന്നും purchase ചെയ്യാൻ പ്രവാസി കുടുംബങ്ങൾക്ക് പ്രവാസി ഡിസ്‌കൗണ്ട് കാർഡുകൾ ലഭ്യമാക്കും.

*രാഷ്ട്രീയ പാർട്ടി ആയ KPA*

അസോസിയേഷൻ ആയിരുന്നപ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ വീണുപോയ പ്രവാസികളെയും അതും പറഞ്ഞു രൂപീകരിച്ച സംഘടനാ കമ്മറ്റികളെയും പാർട്ടി അണികളായും പാർട്ടി കമ്മറ്റികളായും ഉയർത്തി കാണിച്ചുകൊണ്ടാണ് KPA ഒരു രാഷ്ട്രീയ പാർട്ടിയായി കളം മാറ്റി ചവിട്ടിയത്.

പ്രവാസികളാൽ നയിക്കുന്ന സ്വതന്ത്ര ദേശീയ രാഷ്ട്രീയ പാർട്ടി, നിലവിലുള്ള ഒരു രാഷ്ട്രീയ പാർട്ടികളോടും സന്ധി ചേരാതെ സ്വാതന്ത്ര കാഴ്ച്ചപ്പാടോട് കൂടി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രവാസികളാൽ മാത്രം നയിക്കുന്ന രാഷ്ട്രീയ പാർട്ടി തുടങ്ങിയ പൊള്ളായായ പ്രതീക്ഷകൾ നൽകി കൊണ്ടാണ് KPA ഈ ചുവട് മാറ്റം നടത്തിയത്.

*മോഹന വാഗ്ദാനങ്ങൾ*

1. 36 ഇന കർമ്മ പരിപാടികൾ നടപ്പിലാക്കും.
2. ഓരോ പഞ്ചായത്തിലും 1000 വീടുകൾ നൽകുന്ന ഭവന പദ്ധതി.
3. പ്രവാസി ഇൻഷുറൻസ് പദ്ധതി.
4. വിദേശത്ത് പ്രവാസി വോട്ട് അവകാശം നേടിയെടുക്കും.
5. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കും.

മുൻപോട്ട് വെച്ച ഒരു വാഗ്ദാനങ്ങളും നടപ്പിൽ വരുത്താൻ കഴിയാത്ത ഈ പാർട്ടി ഇപ്പോൾ പ്രവർത്തിക്കുന്നത് ഇതിന്റെ തലപ്പത്തിരിക്കുന്നവരുടെ സ്വാർത്ഥത നിറഞ്ഞ വ്യക്തിതാല്പര്യങ്ങൾ നടപ്പിലാക്കാനും വ്യക്തിനേട്ടങ്ങൾ നേടി എടുക്കാനും വേണ്ടി മാത്രമാണ്. തലപ്പത്തിരിക്കുന്ന ഒന്നോ രണ്ടോ പേരുടെ താല്പര്യങ്ങൾ അനുസരിക്കാൻ മാത്രമാണ് മറ്റുള്ള അംഗങ്ങളും കമ്മറ്റികളും. ഒരു കമ്മറ്റികളിലും ചർച്ച പോലും ചെയ്യാതെ ഉള്ള ഏകധിപത്യ തീരുമാനങ്ങൾ കൈകൊള്ളുകയും അത് കീഴ്കമ്മറ്റികളിൽ അടിച്ചേൽപ്പിക്കുകയും ആണ് ചെയ്യുന്നത്. ജനാധിപത്യപരമായി കീഴ് കമ്മിറ്റികളുടെ അഭിപ്രായ രൂപീകരണം നടത്താൻ പോലും തയ്യാറാകാത്ത ഏകധിപതി ആണ് ഈ പാർട്ടിയുടെ ശാപം. ആ ഏകധിപതിക്ക് അടിമ വേല മറ്റുള്ള കമ്മിറ്റിക്കാർ ചെയ്യാണം അതാണ് സത്യത്തിൽ ഇപ്പോൾ ഈ പാർട്ടി.
മാവൂരിൽ കുറ്റി അടിച്ചു കെട്ടിയിരുന്ന KPA എന്ന ദേശീയ രാഷ്ട്രീയ പാർട്ടിയെ ഇപ്പോൾ കോൺഗ്രസ്‌ എന്ന രാഷ്ട്രീയ പാർട്ടിയുടെ കുറ്റിയിൽ കൊണ്ട് കെട്ടിയിരിക്കുകയാണ്. സ്വന്തം വ്യക്തിലാഭം മാത്രം നോക്കി പ്രവർത്തിക്കുന്ന നിലവാരം കുറഞ്ഞ നേതൃത്വമാണ് KPA യുടെ ഇന്നതെ ഈ അധഃപതനത്തിന് കാരണം. പറഞ്ഞ വാക്കുകളിൽ നിന്നെല്ലാം പിന്നോക്കം പോയ ഈ പാർട്ടിയെ ഇനി വിശ്വസിക്കുന്നതിൽ അർഥമില്ല. പ്രവാസികളുടെ പേരും പറഞ്ഞു മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന ഇത്തരം കപട രാഷ്ട്രീയക്കാരെ ലക്ഷോപലക്ഷം വരുന്ന പ്രവാസി സമൂഹവും കേരളജനതയും പുറം കാലിന് തട്ടി തെറിപ്പിക്കുന്ന കാലം വിദൂരമല്ല.

24/07/2022

നഞ്ചിയമ്മ എന്ന ആദിവാസി സ്ത്രീയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചത് പലർക്കും ദഹിച്ചിട്ടില്ല. ശുദ്ധ സംഗീതത്തിൻ്റെ ഉപാസകർ നഞ്ചിയമ്മയോട് അനിഷ്ടവും അസഹിഷ്ണുതയും പ്രകടിപ്പിക്കുന്നുണ്ട്. ഒരു സംഗീതജ്ഞൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്-

''സംഗീതത്തിനുവേണ്ടി ജീവിച്ചവർക്ക് ഈ പുരസ്കാരം അപമാനമായി തോന്നും. പിച്ച് ഇട്ടുകൊടുത്താൽ അതിന് അനുസരിച്ച് പാടാനൊന്നും നഞ്ചിയമ്മയ്ക്ക് കഴിയില്ല. അങ്ങനെയുള്ള ഒരാൾക്കാണോ അവാർഡ് കൊടുക്കേണ്ടത്...? "

ഈ യുക്തി മിതമായ ഭാഷയിൽ പറഞ്ഞാൽ പരിഹാസ്യമാണ്. അത് വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങൾ ഞാൻ പറയാം.

മഹേന്ദ്രസിംഗ് ധോനി എന്ന ക്രിക്കറ്ററെ നോക്കൂ. ഒരു കോപ്പിബുക്ക് ഷോട്ട് പോലും നേരേചൊവ്വേ കളിക്കാനറിയാത്ത ബാറ്ററാണ് ധോനി. റാഞ്ചിയിലെ അപരിഷ്കൃതമായ സാഹചര്യങ്ങളിൽ കളി പഠിച്ച ധോനിയ്ക്ക് അപ്രകാരം ബാറ്റ് ചെയ്യാനേ സാധിക്കുമായിരുന്നുള്ളൂ.

എന്നിട്ടെന്തായി? ധോനി ഇതിഹാസമായി മാറി. നായകൻ എന്ന നിലയിൽ എല്ലാ പ്രധാനപ്പെട്ട ട്രോഫികളും ജയിച്ചു. ഖേൽരത്ന നൽകി രാഷ്ട്രം ധോനിയെ ആദരിച്ചു.

മോഹൻലാൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ചിട്ടില്ല. യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെയാണ് അദ്ദേഹം പെർഫോം ചെയ്യാറുള്ളത്. സ്വതസിദ്ധമായ പ്രതിഭയെ ക്യാമറയ്ക്കുമുമ്പിൽ അഴിച്ചുവിടുന്ന അഭിനേതാവാണ് ലാൽ.

വൈക്കം മുഹമ്മദ് ബഷീർ നിഘണ്ടുവിലില്ലാത്ത പദങ്ങൾ ഉപയോഗിച്ച സാഹിത്യകാരനായിരുന്നു. ജ്ഞാനപീഠം വരെ നേടിയ തകഴി ശിവശങ്കരപ്പിള്ളയ്ക്ക് മലയാള വ്യാകരണം അറിയില്ലായിരുന്നു.

നാൽപ്പതിനായിരത്തിലധികം പാട്ടുകൾ പാടി ഇന്ത്യയുടെ അഭിമാനമായി മാറിയ എസ്.പി ബാലസുബ്രഹ്മണ്യം സംഗീതം ഔപചാരികമായി അഭ്യസിച്ചിട്ടില്ല. നമ്മുടെ സ്വന്തം ഭാവഗായകൻ ജയചന്ദ്രനും ഈ ശ്രേണിയിൽ വരുമെന്ന് തോന്നുന്നു. തനിക്ക് സംഗീതത്തെക്കുറിച്ച് വലിയ അറിവൊന്നുമില്ലെന്നും,പാട്ടിനോടുള്ള ഇഷ്ടംകൊണ്ട് മാത്രം ഗായകനായിത്തീർന്നതാണെന്നും അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞുകേട്ടിട്ടുണ്ട്.

കല,സാഹിത്യം,സ്പോർട്സ് മുതലായ കാര്യങ്ങൾക്ക് കൃത്യമായ ചട്ടക്കൂടുകളൊന്നുമില്ല. മനുഷ്യരെ ആനന്ദിപ്പിക്കുക എന്നതാണ് അവയുടെ ആത്യന്തികമായ ലക്ഷ്യം. നഞ്ചിയമ്മയുടെ പാട്ട് ആളുകളെ സന്തോഷിപ്പിച്ചിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനം.

നഞ്ചിയമ്മ ആദരിക്കപ്പെട്ടപ്പോൾ സംഗീതലോകത്ത് ഭീകരമായ നിശബ്ദത പരന്നിരുന്നു. സിത്താരയേയും സുജാതയേയും പോലുള്ള ചുരുക്കം ചില പാട്ടുകാർ മാത്രമാണ് നഞ്ചിയമ്മയെ അഭിനന്ദിക്കാൻ തയ്യാറായത്. മധുരം പൊഴിക്കുന്ന നാവുകളെല്ലാം ഒരുമിച്ച് മൗനത്തിലാണ്ടത് അത്ര നിഷ്കളങ്കമല്ല. അതിൻ്റെ പേര് സവർണ്ണബോധം എന്നാണ്.

നഞ്ചിയമ്മയുടെ അവാർഡിനെ അപമാനം എന്ന് വിശേഷിപ്പിച്ച സംഗീതജ്ഞൻ ഒരു കാര്യം കൂട്ടിച്ചേർക്കുന്നുണ്ട്-

''ചെറുപ്പം മുതൽ സംഗീതം പഠിക്കുന്ന ഒത്തിരിപ്പേരുണ്ട്. അവർ തണുത്തതും എരിവുള്ളതുമായ ആഹാരസാധനങ്ങൾ കഴിക്കില്ല. തണുപ്പുള്ള സ്ഥലത്ത് പോവുക പോലുമില്ല. അവരെ ഈ അവാർഡ് വിഷമിപ്പിക്കില്ലേ...? "

ആ സംഗീതജ്ഞന് നഞ്ചിയമ്മയുടെ ബാല്യത്തെക്കുറിച്ച് അറിയാമോ?

വി.എച്ച് ദിരാർ എഴുതിയ 'നഞ്ചമ്മ എന്ന പാട്ടമ്മ' എന്ന പുസ്തകത്തിൽ നഞ്ചിയമ്മയുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള വിവരണമുണ്ട്-

''ഞാൻ കുട്ടിയായിരിക്കുമ്പോൾ ആദിവാസികളല്ലാത്ത ആളുകളെ കാണുന്നത് തന്നെ പേടിയായിരുന്നു. അത്തരം ആളുകളെ കാണുമ്പോൾ കാട്ടിൽ പോയി ഒളിക്കുമായിരുന്നു. ഞാൻ മാത്രമല്ല,എല്ലാ കുട്ടികളും ആ പേടിയിലാണ് ജീവിച്ചത്...!''

ദേശീയ പുരസ്കാരം ലഭിച്ചതിനുശേഷം നഞ്ചിയമ്മ പറഞ്ഞ വാക്കുകൾ മഹാനായ സംഗീതജ്ഞൻ ശ്രദ്ധിച്ചുവോ ആവോ? ''ആടുമേച്ച് നടന്ന എന്നെ ലോകത്തിന് കാട്ടിക്കൊടുത്തത് സച്ചി സാറാണ്'' എന്നാണ് നഞ്ചിയമ്മ പ്രതികരിച്ചത്.

ഒരു മനുഷ്യായുസ്സ് മുഴുവൻ കഷ്ടപ്പെട്ട ഒരു സ്ത്രീ. തീയിൽ കുരുത്ത ജന്മം. പ്രിവിലേജ്ഡ് ആയ കോടിക്കണക്കിന് മനുഷ്യർക്കിടയിലൂടെ താരപദവിയിലേയ്ക്ക് നടന്നുകയറിയ വനിത. നിന്ദിതരും പീഡിതരുമായ മനുഷ്യരുടെ പ്രതിനിധി.

അങ്ങനെയുള്ള നഞ്ചിയമ്മയുടെ പുരസ്കാരത്തെ റദ്ദ് ചെയ്യാൻ ചെറുപ്പം മുതൽ സംഗീതം പഠിച്ചവരുടെ വേദനകൾ മതിയാവില്ല സര്‍.

ഈ അവാർഡ് ഞങ്ങൾ കൊണ്ടാടും. അനേകം മനുഷ്യരെ നഞ്ചിയമ്മ പ്രചോദിപ്പിക്കും. അവർക്കുനേരെ നിങ്ങൾ എറിയുന്ന കല്ലുകളെല്ലാം നാഴികക്കല്ലുകളായി മാറും.

ഇപ്പോൾ എനിക്ക് മൂളാൻ തോന്നുന്നത് ശുദ്ധസംഗീതമല്ല. നഞ്ചിയമ്മയുടെ ആ പാട്ടാണ്. എല്ലാ മനുഷ്യസ്നേഹികൾക്കും ഒന്നിച്ച് പാടാം...

''കലക്കാത്ത ചന്ദനമരം...!''

Written by-Sandeep Das

24/07/2022

കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡില്‍ നടന്ന ഒരു ചടങ്ങില്‍ മാദ്ധ്യമങ്ങള്‍ കങ്കാരു കോടതികളായി മാറുന്നുവെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ വിമര്‍ശിച്ചിരുന്നു. മാദ്ധ്യമങ്ങള്‍ ഉത്തരവാദിത്തരഹിതമായി പെരുമാറുന്നത് ജനാധിപത്യത്തെ പിന്നോട്ടടിക്കും. പ്രത്യക അജന്‍ഡകള്‍ക്കായി മാദ്ധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ജനാധിപത്യത്തിന് തടസ്സമാണ്. ഇത് അനുഭവ സമ്ബത്തുള്ള ജഡ്ജിമാരെ പോലും സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയോടെ എന്താണ് കങ്കാരു കോടതി എന്നാണ് സാധാരണക്കാരുടെ മനസില്‍ ഉയര്‍ന്ന ചോദ്യം.

19ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ അമേരിക്കയിലാണ് കങ്കാരു കോടതി എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ഭരണകൂടത്തിന്റെയോ ഔദ്യോഗിക നീതിന്യായ സംവിധാനത്തിന്റെയോ അംഗീകാരമില്ലാതെ നിലനില്‍ക്കുകയും തോന്നുംപടി ശിക്ഷാ വിധികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സംവിധാനങ്ങളെയാണ് കങ്കാരു കോടതി എന്ന് വിളിക്കുന്നത്.

നിയമ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ വിചാരണപോലെയുള്ള കാര്യങ്ങള്‍ ഇതിലുണ്ടാകണമെന്നില്ല. പലപ്പോഴും പ്രതിക്ക് അനുകൂലമായിട്ടായിരിക്കും കങ്കാരു കോടതികള്‍ വിധി കല്‍പ്പിക്കുന്നത്. കേസുകള്‍ പെട്ടെന്ന് തീര്‍പ്പു കല്‍പ്പിക്കുന്നു. വിദേശരാജ്യങ്ങളില്‍ ഇപ്പോഴും ചില വിഭാഗങ്ങള്‍ക്കിടയില്‍ കങ്കാരു കോടതി സംവിധാനം നിലനില്‍ക്കുന്നുണ്ട്.

പ്രത്യേക അജന്‍ഡയുടെയും തെറ്റായവസ്തുതകളുടെയും അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മാദ്ധ്യമ ചര്‍ച്ചകള്‍ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. ചില മാദ്ധ്യമങ്ങളുടെ പക്ഷപാതപരമായ നിലപാടുകള്‍ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ജനാധിപത്യത്തെയും മൊത്തം സംവിധാനത്തെയും അത് അപായപ്പെടുത്തുന്നുവെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു.

ജഡ്ജിമാര്‍ക്കെതിരെ ചില മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ആസൂത്രിതമായ കടന്നാക്രമണങ്ങള്‍ നടക്കുന്നത് ആശങ്കാജനകമാണ്. ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ സര്‍ഗാത്മകമായി വിമര്‍ശിക്കുന്നതിനുപകരം വ്യക്തിപരമായി കടന്നാക്രമിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ല. സമൂഹമാദ്ധ്യമങ്ങളും ചില ഡിജിറ്റല്‍ മാദ്ധ്യമങ്ങളും ഇത്തരം ഇടപെടലുകളാണ് നടത്തുന്നത്. നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന മാദ്ധ്യമവിചാരണകള്‍ വര്‍ദ്ധിച്ചുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Want your public figure to be the top-listed Public Figure in Kollam?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Kollam