P R Shivashankar BJP

P R Shivashankar BJP

Share

Photos from P R Shivashankar BJP's post 09/10/2025

വിപ്ലവ സാർവ്വദേശീയതയുടെ മുഖമായി ഇടതുപക്ഷം ഉയർത്തി കാട്ടുന്ന “ഏർണസ്റ്റോ ചെ ഗുവേര” എന്ന വിപ്ലവ നായകന്റെ ചരമവാർഷിക ദിനമാണിന്ന്. കേരളത്തിലെ ഏത് യുവാക്കളെയും പോലെ പഠിക്കുന്ന കാലഘട്ടത്തിൽ ചെ യുടെ വാഴ്ത്തുപാട്ടുകൾ കേട്ട് ABVP ക്കാരനായിരുന്നെങ്കിലും എനിക്കും ചെ യോട് ആദരവ് തോന്നിയിരുന്ന കാലം. അർജന്റീനയിൽ ജനിച്ച , ക്യുബയിൽ പോയി ഗറില്ലാ വിപ്ലവം നടത്തി വിജയിച്ച് അവിടെ വ്യാവസായിക വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ ഭാര്യയെയും , കുടുംബത്തെയും ഉപേക്ഷിച്ച് ബൊളീവിയൻ ജനതയെ സായുധപോരാട്ടത്തിലൂടെ മോചിപ്പിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട് രക്തസാക്ഷിത്വം വരിച്ച ചെ ഗുവേര എന്ന വിപ്ലവ നായകനോട് മനസ്സിലെങ്കിലും ആദരവ് തോന്നാത്ത ചെറുപ്പക്കാർ ഉണ്ടാകുമോ?

ഗറില്ലാ യുദ്ധതന്ത്രം വായിച്ചിട്ട് ഒന്നും മനസ്സിലായിട്ടില്ലാത്തവർ പോലും മോട്ടോർ സൈക്കിൾ ഡയറിയും , ബൊളീവിയൻ ഡയറിയും പലകുറി വായിച്ചു എന്നുപറയുന്നത് വിപ്ലവബോധത്തിന്റെ അളവുകോലായി കണക്കാക്കിയിരുന്ന കാലവും ഉണ്ടായിരുന്നു. വായനാശീലം അത്രയൊന്നുമില്ലെങ്കിലും സർവ്വകലാശാലകളിൽ ഇന്നും ചെ സാർവ്വദേശീയ വിപ്ലവത്തിന്റെ , പച്ചയായ മനുഷ്യസ്‌നേഹത്തിന്റെ എല്ലാം പ്രതീകമാണ്. ചാനലുകളിലും യു ട്യൂബിലും അടുത്ത കാലത്തു വീണ്ടും ചെ യുടെ വീരകഥകൾ , "വല്ലാത്ത കഥകളായും" വിപ്ലവ വാഴ്ത്തുപാട്ടായും എല്ലാം നിറഞ്ഞുനിൽക്കുകയാണ്. ഭാരതത്തിലെ സുഭാഷ് ചന്ദ്ര ബോസിനും , ഭഗത് സിങ്ങിനും , കേരളത്തിലെ സ്വന്തം വാഞ്ചിനാഥനും, വക്കം പത്മനാഭ പിള്ളക്കും , ചെമ്പിൽ അരയനും ഒന്നുമില്ലാത്ത എന്ത് ഔന്നത്യമാണ് , ശ്രേഷ്ഠതയാണ് ചെ ഗുവേരക്ക് ഉള്ളത് എന്ന അന്വോഷണവും , പഠനവുമാണ് ഇന്ന് രണ്ടാമത്തെ പതിപ്പ് ഇറങ്ങുന്ന "ചെ ഗുവേര വാഴ്ത്തും വാസ്തവവും" എന്ന പുസ്തകത്തിലേക്കുള്ള എന്റെ വഴികാട്ടിയായത്.

പ്രിയ സുഹൃത്തുക്കളെ , ഈ പുസ്തകത്തെ വെറും ചെഗുവേര വിമർശനമായി കാണരുത്. പ്രശസ്ത സാഹിത്യ നിരൂപകനും , എഴുത്തുകാരനുമായ സ്വർഗ്ഗീയ സാനു മാഷ് എഴുതിത്തന്ന ആമുഖത്തിൽ ഉള്ളതുപോലെ " ചെ ഗുവേരയെ ഇഷ്ടപ്പെടുന്നവർക്ക് പ്രകോപനപരമായ പല നവനിരീക്ഷണങ്ങളും ഈ കൃതിയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട് . എന്നാൽ ഈ ഗ്രന്ഥത്തിലെ വാദങ്ങൾ ഒന്നുംതന്നെ സ്വകപോലകല്പിതമായ പരനിന്ദയോ , ആക്ഷേപം ചൊരിയലോ അല്ല മറിച്ച് ചെ യുടെ കൃതികളും , ചെ യെക്കുറിച്ച് എഴുതപ്പെട്ട ആധികാരിക ജീവചരിത്രങ്ങളും നന്നായി പഠിച്ചുതന്നെമുന്നോട്ടുവെക്കുന്ന പുനർവിചിന്തനങ്ങൾ ആണ്. ആ നിലക്ക് ഈ പുസ്തകം മലയാളവായനാലോകത്തിന്റെ സവിശേഷ ശ്രദ്ധ അർഹിക്കുന്നുണ്ടെന്ന് തീർത്തുപറയാനാകും ". പുസ്തകരചനാ വിഭാഗത്തിലെ തുടക്കകാരനായ എന്നെപ്പോലുള്ള ഒരു രാഷ്ട്രീയ പ്രവർത്തകന്റെ പുസ്തകം തൊണ്ണൂറ്റിയാറാം വയസ്സിലും വായിക്കുകയും , അതിൽ ഉള്ള ചില ഭാഷാപരമായ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും , വിമർശനബുദ്ധ്യാ ധാരാളം വസ്തുതകളെയും ചരിത്ര സംഭവങ്ങളെയും കുറിച്ച് എന്നോട് ആരായുകയും , അതിന്റെ തെളിവുകൾ പരിശോധിച്ച ശേഷം നിജസ്ഥിതി മനസ്സിലാക്കിമാത്രം എഴുതിത്തന്ന സാനുമാഷിനോടും എനിക്കുള്ള ഈ ആഗ്രഹം അറിയിച്ച് ഈ അവതാരിക എഴുതിപ്പിച്ചു നൽകിയ അമൃതാന്ദമയി മഠത്തിലെ ഡോക്ടർ ജഗ്ഗുസ്വാമിക്കും ഉള്ള നന്ദി ഒരിക്കൽക്കൂടി രേഖപ്പെടുത്തട്ടെ,

ഒന്നാം പതിപ്പിലെ കുറച്ചു അക്ഷരതെറ്റുകൾ തിരുത്തുക മാത്രമല്ല ജെയിംസ് ഡാനിയേൽ എന്ന ജീവചരിത്രകാരൻ എഴുതിയ ചെ ഗുവേരയുടെ ജീവചരിത്രത്തിൽ നിന്നുള്ള ചില കണ്ടെത്തലുകൾകൂടി ഇതിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ പുസ്തകത്തിനുവേണ്ടി വളരെയധികം സമയം ചിലവിട്ടു ഇതിന്റെ കവർ പേജിന്റെ ഫോട്ടോ മനോഹരമായി എടുത്തുതന്ന, കേരളത്തെ ഇൻഡസ്ട്രിയിൽ ഫോട്ടോഗ്രാഫി എന്താണെന്നു പഠിപ്പിച്ച അനിൽ കുമാറെന്ന വിഖ്യാതനായ ഫോട്ടോഗ്രാഫർക്കുള്ള കടപ്പാട് ചേർക്കുവാൻ വിട്ടുപോയി എന്ന നന്ദികേടും ഈ പതിപ്പിൽ തിരുത്തിയിട്ടുണ്ട്.

ഒരു പുസ്തകത്തെ ഗൗരവത്തോടെ വായിക്കുന്ന വായനക്കാരുടെ ചിന്തകളിലാണ് പുസ്തകത്തിന്റെ ആത്മാവ് ജീവിക്കുന്നത്. ഈ പുസ്തകം വായിക്കുകയും വിമർശനബുദ്ധ്യാ വിലയിരുത്തുകയും , അഭിപ്രായ വ്യത്യാസമോ , എതിർപ്പുകളോ ഉണ്ടെങ്കിൽ അവ രേഖപ്പെടുത്തുകയും , തെറ്റുണ്ടെങ്കിൽ തിരുത്തുകയും ചെയ്യുമ്പോഴാണ് പുസ്തക രചനയുടെ ദൗത്യം പൂർണ്ണമാവുന്നത്‌. ഈ അപൂർണ്ണമായ ദൗത്യത്തിൽ , ചെ ഗുവേരയുടെ പുനർവായനയിലൂടെയുള്ള ചരിത്രനിർമ്മിതിയിൽ ഒരു ഭാഗം മാത്രമാണ് പൂർണ്ണമായത്. മാത്രവുമല്ല ഈ പുസ്തകത്തെ ഒരു ചെ ഗുവേര വിമർശനമായി മാത്രം കാണുകയുമരുത് . ഇത് ആ കാലഘട്ടത്തിലെ ലാറ്റിനമേരിക്കൻ ചരിത്ര പഠനവും , അന്ന് നടന്നിരുന്ന കമ്യൂണിസ്റ്റ് ചരിത്ര അപനിർമ്മിതികളുടെ സത്യാവസ്ഥ അന്വോഷിക്കലുമാണ് .ഈ പുസ്തകം വായിക്കുകയും , ഈ പുസ്തകത്തിൽ മുന്നോട്ടുവെച്ചിട്ടുള്ള ആശയങ്ങൾ വിമർശനബുദ്ധ്യാപഠിച്ച്‌ ഇത്തരം അപനിർമ്മിതികളെ കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ നിന്നും ഉച്ചാടനം ചെയ്‌താൽ മാത്രമേ കേരളത്തിലെ യുവാക്കളെ സംരക്ഷിക്കുവാൻ സാധ്യമാകൂ.

ഈ ചരിത്ര ദൗത്യം വായനക്കാർ നിറവേറ്റുമെന്ന പ്രതീക്ഷയോടെ "ചെ ഗുവേര വാഴ്ത്തും വാസ്തവവും" എന്ന കൃതിയുടെ രണ്ടാം പതിപ്പ് വായനക്കാരുടെ മുന്നിൽ വെയ്ക്കുന്നു. നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ.

പുസ്തകം ഇന്നുമുതൽ കുരുക്ഷേത്ര പബ്ലികേഷന്റെ കൊച്ചി ഓഫീസിലും , നാളെമുതൽ മാതൃഭൂമി , DC ബുക്ക്സ് , ക്രോസ്സ് വേർഡ് , H&C തുടങ്ങിയ പുസ്തക ശാലകളിലും ലഭ്യമാക്കും. എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ...

സ്നേഹപൂർവ്വം
പി ആർ ശിവശങ്കർ

https://youtu.be/ooK6UMFxMPg?si=b7tkRZxMYyGvaWV9

Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.

Category

Telephone

Website

Address

M/S. SWG Inc, , Nettipadom Road, Pallimukku Road
Kochi
682035