P Nikhil
18/05/2026
കേരളത്തിന്റെ മുഖ്യമന്ത്രിയായി ശ്രീ വി.ഡി. സതീശനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ അഭിനന്ദനങ്ങൾ.
സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തുകയാണ്. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിൻ്റെ ആദ്യ രണ്ടു ഈരടികളാണ് .
വന്ദേമാതരത്തിലെ തുടർന്ന് വരുന്ന ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്.
രാജ്യത്തിൻ്റെ സ്വാതന്ത്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളിൽ വന്ദേമാതരം നിർബന്ധിതമാക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നല്ലോ.
ചില സംഘടനകളും പൗരാവകാശ പ്രവർത്തകരും ഇത് നിർബന്ധമാക്കുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നതുമാണ്.
സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഒരു advisory മാത്രമാണ്; അത് നിർബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങിൽ ലോക്ഭവന്റെ ഭാഗത്തുനിന്നും വന്ന പല നിർദ്ദേശങ്ങളും തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തിൽ ഉണ്ടാവണമായിരുന്നു.
മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ പൊതുബോധത്തോട് കൂടുതൽ ചേർന്നുനിൽക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണം എന്ന് അഭ്യത്ഥിക്കുന്നു.
ഇടതുപക്ഷ MLA എന്ന നിലയിൽ സർക്കാരിനെ തുടക്കത്തിലെ കണ്ണടച്ച് എതിർക്കുകയാണെന്ന് ഈ നിലപാട് പറഞ്ഞതിൻ്റെ ഭാഗമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതിന് പകരം ഈ വിഷയത്തിൽ ഭരണഘടന മുറുകെപ്പിടിച്ച് ഉയർത്തിയ മെറിറ്റിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണവും,
ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും
പുതിയ സർക്കാരിൽ നിന്നും ഉണ്ടായാൽ പിന്തുണക്കും.
ഒരിക്കൽകൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു 🙏
-പി.എ മുഹമ്മദ് റിയാസ് -
18/05/2026
മെയ് 19 സ:ഇ.കെ നായനാർ ദിനം
17/05/2026
സി.പി.ഐ (എം) കോഴിക്കോട് ജില്ലാകമ്മിറ്റി യോഗത്തില്‍ നടന്ന വിമര്‍ശനങ്ങള്‍ എന്ന രീതിയില്‍ ചില മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്നലെയും, ഇന്നുമായി റിപ്പോർട്ട് ചെയ്ത കാര്യങ്ങള്‍ വസ്തുതകളുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഊഹാപോഹങ്ങളും, കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളുമാണെന്ന് ജില്ലാകമ്മിറ്റി യോഗം പ്രസ്താവനയില്‍ ചൂണ്ടികാണിച്ചു.
സി.പി.ഐ (എം) പ്രവര്‍ത്തകരിലും, അണികളിലും ആശയകുഴപ്പവും, നേതൃത്വത്തില്‍ അവിശ്വാസവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും അതിന്റെ ഉൾപാർട്ടി ചര്‍ച്ചകളെയും സംബന്ധിച്ച് യാതോരുവിധ അറിവും ഇല്ലാത്തവരാണ്. കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പാര്‍ടിയുടെ തലമുതിര്‍ന്ന നേതാവും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൺവീനറുമായ സ: ടി.പി.രാമകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ സംബന്ധിച്ചോ പൊതുവെ ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ചോ മാധ്യമങ്ങള്‍ പ്രചരിപ്പിക്കു രീതിയില്‍ ഒരു ചര്‍ച്ചയും ഉയർന്നു വന്നിട്ടില്ല എന്നതാണ് വസ്തുത.
അതേ പോലെ ബേപ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ സ: പി.എ.മുഹമ്മദ് റിയാസിന്റെ വിജയം എതിര്‍ സ്ഥാനാര്‍ത്ഥി പി.വി അന്‍വറായതുകൊണ്ട് മാത്രമാണെന്ന് യോഗത്തില്‍ അഭിപ്രായം ഉയർന്നു എന്ന രീതിയില്‍ ഒരു ദേശീയ പത്രം നല്‍കിയ റിപ്പോർട്ട് ബേപ്പൂരിലെ ഇടതുപക്ഷ വിജയത്തെ പരിഹസിക്കുന്നതും, ജനവിധിയെ അവജ്ഞതയോടെ കാണുന്നതുകൊണ്ടാണെന്നും ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു.
ഇത്തരം ഊഹങ്ങളും തങ്ങളുടെ രാഷ്ട്രീയ താല്‍പര്യം വെച്ചുള്ള നുണക്കഥകളും അര്‍ഹിക്കുന്ന അവജ്ഞതയോടെ തന്നെ സി.പി.ഐ (എം) പ്രവര്‍ത്തകരും, ഈ പ്രസ്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ജനങ്ങളും തള്ളിക്കളയുമെന്ന കാര്യത്തിൽ കാര്യത്തില്‍ ഒരു സംശയവുമില്ല എന്ന് പ്രസ്താവന പറഞ്ഞു.
15/05/2026
SSLC പരീക്ഷ ഫലമറിഞ്ഞ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും
അഭിനന്ദനങ്ങൾ
15/05/2026
രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വീതം വർധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ പെട്രോളിന് 97.77 രൂപയും ഡീസലിന് 99.67 രൂപയുമാണ്. കേരളത്തിലും വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 110.76 രൂപയും ഡീസലിന് 99.35 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലെ വിലവർധനവിന്റെ പേര് പറഞ്ഞ് എണ്ണക്കമ്പനികൾ സാധാരണക്കാരന്റെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. ഇന്ധനവില വർധിപ്പിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ മുൻകാല വാദങ്ങളെല്ലാം ഇതോടെ പൊള്ളയാണെന്ന് തെളിഞ്ഞു. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം.
14/05/2026
സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
07/05/2026
നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിർപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയിലും എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു. മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.
എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയിൽ വീണ്ടെടുക്കാനും കൂടുതൽ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ 10 വർഷങ്ങളിലുടനീളം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നത് നിസ്സംശയമാണ്. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടർന്നും ഉണ്ടാകേണ്ടതുണ്ട്.
നവകേരള നിർമ്മാണത്തിനായി എൽഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ — വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹ്യനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും — ഇവയെല്ലാം ഇനി മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും. അതിദാരിദ്ര്യ നിർമാർജനവും സ്ത്രീശക്തീകരണവും സാമൂഹ്യസുരക്ഷയും ഉൾപ്പെടെയുള്ള മേഖലകളിൽ ഞങ്ങൾ മുന്നോട്ടുവെച്ച നയങ്ങൾ ജനങ്ങൾക്ക് ആവശ്യമായവയാണ്. അവ നടപ്പിലാക്കുന്നതിനായി പുതിയ സർക്കാരിന്മേൽ ജനാധിപത്യ സമ്മർദ്ദം ചെലുത്തും.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. അതേസമയം, ജനവിരുദ്ധമായ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം.
കേരളത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കുക എന്നത് എൽഡിഎഫിന്റെ അടിസ്ഥാന നിലപാടാണ്. ഈ തെരഞ്ഞെടുപ്പിലെ ചില സൂചനകൾ മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമാണ്. ഒരു വർഗീയതയോടും സന്ധി ചെയ്യാതെ വിഭജന രാഷ്ട്രീയത്തിനെതിരെ ഞങ്ങളുടെ പോരാട്ടം തുടരും.
ഈ തെരഞ്ഞെടുപ്പിനിടയിൽ വ്യാപകമായ വ്യാജപ്രചാരണങ്ങൾ നടന്നുവെന്നത് മുമ്പും പറഞ്ഞതാണ്. അതിൽ ചില മാധ്യമങ്ങൾ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. അർദ്ധസത്യങ്ങളെയും അതിശയോക്തികളെയും വസ്തുതാവിരുദ്ധ പ്രചാരണങ്ങളെയും ആശ്രയിച്ച അവതരണങ്ങൾ ജനാധിപത്യത്തിന് ഗുണകരമല്ല. എങ്കിലും, ഈ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുകയാണ് പ്രധാനമെന്ന് എൽഡിഎഫ് വിശ്വസിക്കുന്നു.
തെരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുവാനും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങൾ കേൾക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തുറന്ന പരിശോധന ആണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പൊതുസമൂഹത്തിൽ നിന്നും സഖാക്കളിൽ നിന്നും ഉയരുന്ന ആശങ്കകളും അഭിപ്രായങ്ങളും വിമർശനങ്ങളും ഗൗരവബുദ്ധ്യാ പരിശോധിക്കും. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട് തീരുമാനങ്ങൾ എടുക്കും.
എൽഡിഎഫിനുവേണ്ടി പതിനായിരക്കണക്കിന് പ്രവർത്തകരാണ് ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അഹോരാത്രം ഏറ്റെടുത്തത്. അവരെ ആകെ അഭിവാദ്യം ചെയ്യുന്നു.
ഞങ്ങളെ എതിർത്ത ശക്തികൾ — യുഡിഎഫ്, ബിജെപി, ചില മാധ്യമങ്ങളുടെ നിലപാട് — ഇവയെല്ലാം ചേർന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഫലം ഉണ്ടായത്. അരാജക - അരാഷ്ട്രീയ സ്വഭാവം ഉള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തിലും ചിലരെങ്കിലും കുടുങ്ങി പോയിട്ടുണ്ട്. അവരെയൊക്കെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ഗൗരവമായ ശ്രമം ഉണ്ടാകും.
ജനങ്ങൾ നൽകിയ വിധിയെ മാനിച്ച് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. നുണക്കഥകളും കോർപ്പറേറ്റ്-പി ആർ ബുദ്ധിശാലകളിൽ ഉരുത്തിരിഞ്ഞ വ്യാജപ്രചാരണങ്ങളും ഞങ്ങളെ പിന്നോട്ടടിപ്പിക്കില്ല. എൽഡിഎഫിന്റെ നിലപാടുകളിലും ഇടപെടലുകളിലും വന്ന വീഴ്ചകൾ ജനാധിപത്യപരമായി തന്നെ പരിശോധിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തും. ജനങ്ങളോടുള്ള ബന്ധം കൂടുതൽ ശക്തമാക്കി, കൂടുതൽ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എൽഡിഎഫ് മുന്നോട്ട് പോകും.
കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും.
എൽഡിഎഫിനൊപ്പം നിന്ന എല്ലാവർക്കും വീണ്ടും നന്ദി അറിയിക്കുന്നു. കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ കൂടുതൽ ശക്തമായി തിരിച്ചുവരും എന്ന് ഉറപ്പുനൽകുന്നു.
സ. പിണറായി വിജയൻ
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം
06/05/2026
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി. പാർടി പ്രവർത്തകരുടെയും എൽഡിഎഫ് ഘടകകക്ഷികളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഇതിൽ പരിശോധന നടത്തും.
മെയ്, ജൂൺ മാസങ്ങളിൽ പാർടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർത്ത് സഖാക്കൾക്ക് പറയാനുള്ളത് കേൾക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത് കൊണ്ട് ജില്ലാ സെക്രട്ടേറിയറ്റും രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ കമ്മിറ്റികളും ചേരും. ഏല്ലാ ഏരിയാ കമ്മിറ്റികളും സംസ്ഥാന കമ്മറ്റി അംഗങ്ങൾ പങ്കെടുത്ത് കൊണ്ട് ചേരും. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് കൊണ്ട് ലോക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റി അംഗങ്ങൾ ചേർന്ന് കൊണ്ട് ബ്രാഞ്ച് യോഗവും ചേരും. ഇത്തരം എല്ലാ ഘടകങ്ങളിലെയും ചർച്ചകൾ പരിഗണിച്ചാകും തെരഞ്ഞെടുപ്പ് റിവ്യൂ പാർടി തയ്യാറാക്കുക. തിരിച്ചടികളിൽ തിരുത്തി തിരിച്ചു വന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
03/05/2026
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
_____________________________
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ അതിന്റെ തനിനിറം വീണ്ടും പുറത്തുകാണിച്ചു. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ചരിത്രത്തിലില്ലാത്തവിധം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ സംസ്ഥാനത്തെങ്ങും പ്രക്ഷോഭമുയര്‍ത്താന്‍ ബഹജുനങ്ങളോടും പാര്‍ടി ഘടകങ്ങളോടും ആഹ്വാനംചെയ്യുന്നു.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില ആയിരം രൂപയോളമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്നതില്‍ ബിജെപിക്കു മാത്രമേ സംശയമില്ലാതിരിക്കൂ. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കും. ഇതിന്റെ ആത്യന്തികമായ ആഘാതം ജനങ്ങളാണ് അനുഭവിക്കേണ്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ പാചകവാകത ക്ഷാമമുണ്ടാക്കിയ പ്രയാസങ്ങള്‍ കുറഞ്ഞിട്ടില്ല. ചെറുകിട ഹോട്ടലുകള്‍ പലതും അടഞ്ഞുകിടക്കുകയാണ്. അത് തൊഴിലാളികളെയും ബാധിക്കും. ഭക്ഷ്യസാധനങ്ങള്‍ക്ക് ഇപ്പോള്‍തന്നെ വില കൂടി. ഇനിയും വര്‍ധിപ്പിക്കേണ്ടിവരുമെന്നത് ജനങ്ങള്‍ക്ക് താങ്ങാനാകാത്തതാകും. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്ന ബിജെപി ജനങ്ങളുടെ പ്രയാസം തിരിച്ചറിയില്ല. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടുന്നത്. പെട്രോളിനും ഡീസലിനും ഗാര്‍ഹിക സിലണ്ടറിനും കൂടി അടുത്ത ദിവസങ്ങളില്‍ വില കൂട്ടും എന്നാണ് റിപ്പോര്‍ട്ട്. വിലക്കയറ്റം രൂക്ഷമാക്കുന്ന ഈ ജനവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രതിരോധം ഉയരണം. ഈ മാസം ആറിന് ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിട്ട് പ്രതിഷേധിക്കാന്‍ ആ മേഖലയിലെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് പ്രതിഷേധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
03/05/2026
ആദരാഞ്ജലികൾ
30/04/2026
അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ് മെയ്‌ദിനം. ലോകമെങ്ങുമുള്ള അധ്വാനിക്കുകയും ഭാരം ചുമക്കുകയും കഷ്‌ടപ്പെടുകയും ചെയ്യുന്നവരുടെ ദിനമാണിത്.
ഒരു ദിവസം എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം എട്ടുമണിക്കൂർ വിശ്രമം എന്ന അവകാശം നേടിയെടുക്കാൻ ചിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്യുകയും രക്തസാക്ഷികളാവുകയും ചെയ്‌തതിന്റെ ഉജ്ജ്വല സ്മരണയാണ് മെയ്ദിനം. വിവിധ ഭൂഖണ്ഡങ്ങളിൽ, രാജ്യങ്ങളിൽ, വിവിധ കാലങ്ങളിൽ എണ്ണമറ്റ തൊഴിലാളികൾ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും. അവ ഇനിയും പൂർണമായിട്ടില്ല. ആഹാരം, വിദ്യാഭ്യാസം, പാർപ്പിടം, ശുദ്ധജലം, ശുദ്ധവായു എന്നിവയ്ക്കും സ്വതന്ത്രചിന്തയ്ക്കും അഭിപ്രായപ്രകടനത്തിനും അഭിരുചികൾക്കനുസരിച്ച് വളരാനുള്ള അവസരം, എല്ലാ വിഭാഗീയതയിൽ നിന്നുമുള്ള മോചനം...
അങ്ങനെയങ്ങനെ അനിഷേധ്യങ്ങളായ മനുഷ്യാവകാശങ്ങൾ ഇനിയും നിറവേറാത്ത സ്വപ്നങ്ങളാണ്. ആ സ്വപ്‌നങ്ങൾ സൂക്ഷിക്കുന്നവർക്കും അവയ്ക്കായി പൊരുതുന്നവർക്കും മെയ്ദിനം ആവേശം പകരും.
Click here to claim your Sponsored Listing.